മറിയം: പരിശുദ്ധ ത്രിത്വത്തെ സന്തതം പരിമളപ്പെടുത്തുന്ന സുരഭില കുസുമം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിപ്പത്തൊമ്പതാം ദിനം, സെപ്റ്റംബർ 02, 2022

സെപ്റ്റംബർ മാസം രണ്ടാം തീയതി പരിശുദ്ധ ത്രിത്വത്തിൻ്റെ ഏറ്റവും യോഗ്യതയുള്ള ആലയമായ പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തെക്കുറിച്ചാണ് ആലക്കളത്തിൽ മത്തായി അച്ചൻ നമ്മെ പഠിപ്പിക്കുന്നത്. ‘പരിശുദ്ധ മാതാവിൻ്റെ തിരുഹൃദയ ഭക്തി’ എന്ന ഗ്രന്ഥത്തിലെ മൂന്നാം അധ്യായത്തിൽ മത്തായി അച്ചൻ മറിയത്തിൻ്റെ വിമലഹൃദയത്തെപ്പറ്റി ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു:

“പരിശുദ്ധ ത്രിത്വത്തിന് ഭൂമുഖത്ത് സജ്ജീകൃതമായതും ആകാൻ പാടുള്ളതുമായ ഹൃദയങ്ങളിൽ വെച്ച് ഏറ്റവും യോഗ്യമായത് പരിശുദ്ധ കന്യകാമറിയത്തിന്റെ വിമലഹൃദയമത്രെ. എന്തുകൊണ്ടെന്നാൽ ഈ ഹൃദയ മന്ദിരത്തിന്റെ നൈർമല്യവും വിശുദ്ധിയും സ്നേഹപാരത്മ്യവും നമുക്ക് ഊഹിക്കാൻ പോലും കഴിയാത്ത വണ്ണം അത്ര പരമോന്നതമാകുന്നു. ഇവൾ ദൈവത്തിന് പരിപൂർണ്ണ സംപ്രീതയായിത്തീർന്ന ഏകയാത്മാവും പരിശുദ്ധ ത്രിത്വത്തിന്റെ മനോഹര ലില്ലിയും സ്വർണാലയവും സുന്ദര സ്നേഹപാത്രവും ആകുന്നു. മറിയത്തിന്റെ വിമല ഹൃദയത്തിൽ പരിശുദ്ധ ത്രിത്വം സാക്ഷാൽ ആനന്ദം കണ്ടെത്തി പരിശുദ്ധ ത്രിത്വത്തെ സന്തതം പരിമളപ്പെടുത്തി കൊണ്ടിരിക്കുന്ന സുരഭില കുസുമമത്രെ ഈ ചങ്കുപുഷ്പം.”

“മറിയത്തിന്റെ വിമല ഹൃദയം ദൈവാനുഗ്രഹങ്ങളുടെ നീർച്ചാൽ ആകുന്നുവെന്ന് എല്ലാവരോടും പറയുക. തൻ്റെ തിരുഹൃദയത്തോടുകൂടി തൻറെ പ്രിയ മാതാവിൻ്റെ തിരുഹൃദയവും ഈശോ ആഗ്രഹിക്കുന്നുവെന്ന് എല്ലാവരെയും അറിയിക്കുക” എന്ന ഫാത്തിമാ മാതാവിൻ്റെ സന്ദേശം ആലക്കളത്തിൽ അച്ചൻ എല്ലാവരെയും ഓർമിപ്പിക്കുന്നു. അതിനാൽ പരിശുദ്ധ ത്രിത്വത്തിന്റെ യോഗ്യാലയമായ ദൈവജനനിയിലും അവൾ വഴിയായും അവളോട് ഒന്നിച്ചു പരിശുദ്ധ ത്രിത്വത്തെ നമ്മുടെ ഹൃദയത്തിലും വഹിച്ചാരാധിച്ച് ഈ ജീവിതത്തിൽ തന്നെ നമുക്ക് അവിടുത്തെ മഹത്വത്തിൻ്റെ സ്തുതിയായി പരിണമിക്കാം.

പരിശുദ്ധ ത്രിത്വത്തിൻ്റെ ഏറ്റവും യോഗ്യതയുള്ള ആലയമായി തീർന്ന പരിശുദ്ധ കന്യകാമറിയത്തിൻ്റെ വിമലഹൃദയത്തെ നമുക്കും ബഹുമാനിക്കാം ആദരിക്കാം, ആ വിമലഹൃദയത്തിൻ്റെ സ്വഭാവ സവിശേഷതകൾ നമുക്കും സ്വന്തമാക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.