കുരിശിൻചുവട്ടിലെ അമ്മയിൽ അഭയം തേടാം

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: നൂറ്റിയൊന്നാം ദിനം, ആഗസ്റ്റ് 15, 2022

ദിവ്യകാരുണ്യ മിഷനറി സഭയുടെ അമ്മഭാവമായിരുന്നു ബഹുമാനപ്പെട്ട ജോസഫ് പറേടത്തിലച്ചൻ. പരിശുദ്ധ കന്യകാമറിയത്തിൽ വിളങ്ങശോഭിച്ച അമ്മഭാവങ്ങൾ അച്ചന്റെ ജീവിതത്തിലും സമൃദ്ധമായി ഉണ്ടായിരുന്നു. പ്രതിസന്ധിഘട്ടങ്ങളിൽ ദിവ്യകാരുണ്യ മിഷനറി സഭയാകുന്ന ശിശുവിനെ കരുതി വളർത്താൻ അച്ചൻ സഹിച്ച ക്ലേശങ്ങൾ വർണ്ണനാതീതം. ഇതിനെല്ലാം അച്ചന് ശക്തിയായത് കുരിശിൻചുവട്ടിലെ പരിശുദ്ധ കന്യകാമറിയമായിരുന്നു.

ദൈവമാതൃഭക്തിയെക്കുറിച്ച് അച്ചൻ സഭാംഗങ്ങൾക്ക് എഴുതിയ ഒരു കത്തിലെ ആദ്യഭാഗമാണ് ഇന്നത്തെ നമ്മുടെ ധ്യാനവിഷയം.

“നമ്മുടെ ദിവ്യരക്ഷകന്റെ തീവ്രമായ സ്നേഹത്തിന്റെ ശാശ്വത ഉടമ്പടിയായ വിശുദ്ധ കുർബാന കഴിഞ്ഞാൽ നമുക്ക് നൽകിയിരിക്കുന്ന ഏറ്റവും വലിയ ദാനമാണ് പരിശുദ്ധ കന്യകാമറിയം. ദൈവജനനിയെ കൂടാതെ ഈശോയെയോ, ഈശോയെ കൂടാതെ ദൈവജനനിയെയോ സങ്കൽപ്പിക്കുന്നതിനു പോലും പ്രയാസമാണ്.
ലോകരക്ഷകനും പരീത്രാണകർമ്മത്തിലെ സഹകാരിണിയും തമ്മിലുള്ള ബന്ധം അത്രമാത്രം അഭേദ്യവും ദൃഢമൂലവുമാണ്. കുരിശിൻചുവട്ടിൽ അവൾ ഏറ്റ മാധ്യസ്ഥജോലി തിരുസഭയുടെ ആവശ്യമനുസരിച്ച് അവസരോചിതം അവൾ ഉപയോഗിച്ചുകൊണ്ടിരിക്കുന്നതായി തിരുസഭാ ചരിത്രം സാക്ഷ്യം വഹിക്കുന്നു.”

ബഹുമാനപ്പെട്ട പറേടത്തിലച്ചനെപ്പോലെ കുരിശിൻചുവട്ടിലെ പരിശുദ്ധ അമ്മയിൽ നിന്ന് ശക്തി സംഭരിച്ച് ജീവിതയാത്രയിൽ മുന്നേറാനായി നമുക്ക് പരിശ്രമിക്കാം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.