മാനസികാരോഗ്യം: അറിഞ്ഞിരിക്കേണ്ട പ്രധാന കാര്യങ്ങൾ

മാനസികാരോഗ്യം എന്നത് മാനസികരോഗങ്ങൾ ഇല്ലാതിരിക്കൽ മാത്രമല്ല, നമ്മുടെ വികാരങ്ങളും ചിന്തകളും മറ്റുള്ളവരുമായുള്ള ഇടപെടലുകളും എല്ലാംകൂടി ചേർന്നതാണ്.

മാനസികാരോഗ്യം വളരെ പ്രാധാന്യം ഉള്ളതാണ് എന്തുകൊണ്ട്?

  • ശാരീരിക ആരോഗ്യം മെച്ചപ്പെടുത്താനും, ഹൃദ്രോഗം, പക്ഷാഘാതം (stroke), പ്രമേഹം തുടങ്ങിയ രോഗങ്ങൾ വരാതിരിക്കാനും മാനസികാരോഗ്യം വളരെ പ്രധാനമാണ്.
  • നല്ല മാനസികാരോഗ്യം ഉള്ളവർക്ക് ജീവിതത്തോട് നല്ലൊരു കാഴ്ചപ്പാട് ഉണ്ടായിരിക്കും. അവർക്ക് ജീവിതം കൂടുതൽ ആസ്വദിക്കാൻ കഴിയുന്നു.
  • ജീവിതത്തിൽ കഷ്ടപ്പാടുകളും ബുദ്ധിമുട്ടുകളും ഉണ്ടാകുമ്പോൾ അതിനെ തളരാതെ നേരിടാനും മാനസികാരോഗ്യം സഹായിക്കും.
  • മനസ്സ് ശാന്തമായിരിക്കുമ്പോൾ പുതിയ കാര്യങ്ങൾ ചിന്തിക്കാനും ചെയ്യാനും കൂടുതൽ താല്പര്യം തോന്നും.
  • ചുറ്റുമുള്ളവരുമായി നല്ല രീതിയിൽ സംസാരിക്കാനും നല്ല ബന്ധങ്ങൾ നിലനിർത്താനും ആരോഗ്യമുള്ള ഒരു മനസ്സിന് സാധിക്കും.
  • മാനസികമായി സുഖം തോന്നുമ്പോൾ ജോലിയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും നന്നായി അധ്വാനിക്കാനും സാധിക്കും.
  • കുടുംബത്തിനും നമ്മൾ ജീവിക്കുന്ന സമൂഹത്തിനും നല്ല കാര്യങ്ങൾ ചെയ്യാൻ മാനസികാരോഗ്യം നമ്മളെ പ്രാപ്തരാക്കുന്നു.
  • നല്ല മാനസികാവസ്ഥ സ്വയം ബഹുമാനവും ആത്മവിശ്വാസവും വർധിപ്പിക്കും .

മാനസിക സമ്മർദവും അതിന്റെ ആഘാതവും

ജീവിത സാഹചര്യങ്ങൾ മാറുന്നതനുസരിച്ച് മാനസികാരോഗ്യത്തിലും മാറ്റങ്ങൾ വരാം. ജോലിയിലോ ജീവിതത്തിലോ നമ്മുടെ കഴിവിനും അപ്പുറമുള്ള സമ്മർദം ഉണ്ടാകുമ്പോൾ അത് മാനസികാരോഗ്യത്തെ തകരാറിൽ ആക്കും. തുടർച്ചയായ സമ്മർദം ശരീര പേശികൾ വലിഞ്ഞുമുറുകാനും, ഹൃദയമിടിപ്പ് കൂടാനും കാരണമാകും. ഇത് ദീർഘകാലം നീണ്ടുനിന്നാൽ ഓർമ്മക്കുറവ്, ശ്രദ്ധക്കുറവ്, വിഷാദം (depression), അമിത ഉത്കണ്ഠ (anxiety) എന്നിവയിലേക്ക് നയിച്ചേക്കാം.

മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള ലളിതമായ വഴികൾ

എപ്പോഴും അമിതമായ ദേഷ്യമോ, ഉറക്കക്കുറവോ, തളർച്ചയോ തോന്നുന്നുണ്ടെങ്കിൽ അത് മാനസികമായ ബുദ്ധിമുട്ടുകൾ കൊണ്ടാകാം. ഇത് വിശ്വസ്തരായ സുഹൃത്തുക്കളോടോ കൗൺസിലറോടോ തുറന്നു സംസാരിക്കുക. ദിവസവും അല്പം നടക്കുകയോ വ്യായാമം ചെയ്യുകയോ ചെയ്യുന്നത് ശരീരത്തിനും മനസ്സിനും ഉന്മേഷം തരും. ധ്യാനം (meditation), യോഗ, സംഗീതം കേൾക്കൽ, ഇഷ്ടമുള്ള വിനോദങ്ങളിൽ ഏർപ്പെടുക എന്നിങ്ങനെയുള്ള കാര്യങ്ങൾ മനസ്സിന് വിശ്രമം നൽകും.

ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ അടങ്ങിയ സമീകൃതാഹാരം കഴിക്കുന്നത് തലച്ചോറിന്റെ പ്രവർത്തനത്തെ സഹായിക്കും. പ്രശ്നങ്ങളിൽ നിന്ന് താൽക്കാലിക ആശ്വാസം നേടാൻ മദ്യമോ മറ്റ് ലഹരികളോ ഉപയോഗിക്കരുത്. ഇത് പ്രശ്നങ്ങൾ കൂടുതൽ വഷളാക്കുകയേ ഉള്ളൂ. എപ്പോഴും ഒറ്റപ്പെട്ടിരിക്കാതെ സുഹൃത്തുക്കളുമായും കുടുംബവുമായും നല്ല ബന്ധം പുലർത്തുക. മാനസിക ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ മറ്റുള്ളവരുടെയോ ഡോക്ടർമാരുടെയോ സഹായം തേടുന്നതും നല്ല തീരുമാനമാണ്.

ശാരീരിക ആരോഗ്യം പോലെ തന്നെ തുല്യ പ്രാധാന്യമുള്ളതാണ് മാനസികാരോഗ്യവും. മനസ്സിന് സുഖമില്ലെങ്കിൽ അത് നമ്മുടെ ശരീരത്തെയും ജീവിതത്തെയും മുഴുവനായി ബാധിക്കും. അതിനാൽ സ്വന്തം മനസ്സിന്റെ മാറ്റങ്ങൾ തിരിച്ചറിയാനും, അതിനെ പരിപാലിക്കാനും, ആവശ്യമുള്ളപ്പോൾ സഹായം ചോദിക്കാനും നാം മടിക്കരുത്. ആരോഗ്യകരമായ ഒരു മനസ്സിന് മാത്രമേ സന്തോഷമുള്ള ഒരു ജീവിതം നൽകാൻ സാധിക്കൂ.

വിവർത്തനം: ഡിൻസി തോമസ് 

 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.