ആറു വിശുദ്ധരുടെ ജോലി ഒറ്റയ്ക്ക് ചെയ്ത വിശുദ്ധൻ

സി. സോണിയ ഡി.സി

പതിനേഴാം നൂറ്റാണ്ടിന്റെ ഉദയസൂര്യനും ഉപവിപ്രവർത്തനങ്ങളുടെ ചിറകില്ലാത്ത മാലാഖയും വൈദികപരിശീലത്തിന്റെ നവോത്ഥാന നേതാവും എളിമയുടെ മൂർത്തീഭാവവും ലാളിത്യത്തിന്റെ ആൾരൂപവുമായിരുന്നു വി. വിൻസെന്റ്‌ ഡി പോൾ. രണ്ട് സന്യസ്ത സഭകളുടെയും ലേഡീസ് ചാരിറ്റി എന്ന സംഘടനയുടെയും സ്ഥാപകനുമാണ് ഈ വിശുദ്ധൻ. ഇന്ന് ഇരുനൂറിലധികം സന്യാസ സഭകളുടെ പ്രചോദകനും സ്വർഗ്ഗീയമദ്ധ്യസ്ഥനുമായി സകല ഉപവിപ്രവർത്തനങ്ങളുടെയും മദ്ധ്യസ്ഥനായി അദ്ദേഹം തിരുസഭയെ അനുഗ്രഹിക്കുന്നു.

ആഗ്വിയോൺ പ്രഭു പറഞ്ഞതുപോലെ, “ആറു വിശുദ്ധരുടെ ജോലി ഒറ്റയ്ക്കു‌ ചെയ്ത വിൻസെന്റ്‌.” അദ്ദേഹം അന്നും ഇന്നും പ്രവർത്തനനിരതനാണ്‌. ആ മഹാവിശുദ്ധ കാൽപ്പാടുകൾ പിന്തുടർന്ന് 10 വിശുദ്ധരും നൂറിലധികം വാഴ്ത്തപ്പെട്ടവരും നിരവധി രക്തസാക്ഷികളും സ്വർഗ്ഗത്തിൽ നിന്നും നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുന്നു.

പ്രിയ പിതാവേ, വിൻസെൻറ് ഡി പോളേ! ഇന്ന് ലോകം ശ്വാസമടക്കി കാണുന്ന കോവിഡ്-19 മഹാവ്യാധിയെപ്പോലെ 400 വർഷങ്ങൾക്കു മുമ്പേ അങ്ങ് നേരിൽ കണ്ടിരുന്ന പ്ലേഗ് എന്ന പകർച്ചവ്യാധികയുടെ വ്യാപനവും ഏറെ ഹൃദയഭേദകമായിരുന്നു. 1628-1631 കളിൽ ഒരു മില്യൻ ആളുകള്‍ ഫ്രാൻസിൽ മാത്രം പ്ലേഗിനാൽ മരണപ്പെട്ടു. ഇറ്റലിയിൽ നിന്നും 2,80,000 ലക്ഷം ആളുകള്‍ക്ക് ജീവൻ നഷ്ടപ്പെട്ടു. 1654 -ൽ നേപ്പിൾസിൽ ഒന്നര ലക്ഷം ആളുകളെ പ്ലേഗ്‌ വിഴുങ്ങിയപ്പോൾ 1657 -ലെ പ്ലേഗിൽ ജനീവ നഗരത്തിലെ പകുതി ആളുകളുടെ ജീവനും ആ മഹാമാരിയെടുത്തു.

നഗരത്തിലും ഗ്രാമത്തിലും ഒരുപോലെ മരിച്ചുവീഴുന്ന മനുഷ്യരെ അടക്കുവാൻ ആരുമില്ലാത്ത അവസ്ഥ. രോഗത്താൽ വലയുന്നവരെ ശുശ്രൂഷിക്കാൻ ആരുമില്ല. രോഗവിവരം അറിയുമ്പോൾ കുടുംബങ്ങൾ സ്വീകരിക്കാൻ കൂട്ടാക്കുന്നില്ല. ഇങ്ങനെയുള്ള ആയിരങ്ങളുടെ അടുത്തേയ്ക്ക്‌ സഹായഹസ്തമായി മാറി. ഒപ്പം അനേകരെ പ്രചോദിപ്പിച്ചു. “എന്റെ പുത്രിമാരേ, കർത്താവിനെയാണ് നിങ്ങൾ ശുശ്രൂഷിക്കുന്നത്. നിങ്ങൾ പാവങ്ങളെ കൈവെടിയരുത്; അവർ നമ്മുടെ ഭാഗമാണ്. നിങ്ങളുടെ ആരോഗ്യത്തെ സൂക്ഷിക്കാൻ മറക്കരുത്” എന്ന ഒറ്റനിർദ്ദേശത്തിൽ അനേകരെ ശുശ്രൂഷയ്ക്കായി പ്ലേഗ് ബാധിതരിലേയ്ക്ക് അയച്ചു.

അങ്ങനെ പ്ളേഗ് ബാധിതരെ ശുശ്രൂഷിക്കാനായി ഇറങ്ങിത്തിരിച്ചപ്പോൾ അനേകർ പ്ലേഗ് ബാധിച്ചു മരണമടഞ്ഞു. ആ പാതയിൽ അനേകർ ധീരതയോടെ, സേവനത്തിലൂടെ മരണത്തിനു കീഴടങ്ങി. കണ്ണുനീരോടെയാണ് ഈ മരണവാർത്തകൾ വിശുദ്ധനും കേട്ടത്. തന്റെ എഴുത്തുകളിൽ 300 -ലധികം പ്രാവശ്യം പ്ലേഗിനെക്കുറിച്ച് അദ്ദേഹം പ്രതിപാദിച്ചിട്ടുണ്ട്. എങ്കിലും ആയിരങ്ങൾക്ക് ജീവനും വിശ്വാസവും പ്രതീക്ഷയും ലോകത്തിലേയ്ക്ക്‌ പകരാൻ വിൻസെന്റ്‌ ഡി പോളിനും സ്ഥാപിച്ച സന്യാസിനീ സമൂഹത്തിലെ സഹോദരിമാർക്കും മറ്റു മിഷൻ വൈദികർക്കും സാധിച്ചിരുന്നു.

ആദ്യകാലങ്ങളിൽ പലപ്പോഴും വിൻസെന്റ്‌ ഡി പോൾ തനിച്ചായിരുന്നു രോഗം ബാധിച്ച് മരണമടഞ്ഞവരെ സംസ്ക്കരിച്ചിരുന്നത്. അന്നത്തേതിലും തെല്ലും വ്യത്യസ്തമല്ല ഇന്നത്തെ സഭയുടെയും ലോകത്തിന്റെയും അവസ്ഥ. പക്ഷേ, നമുക്ക് പ്രതീക്ഷക്കു വകയുണ്ട്: ഒന്നായി നിന്നാൽ, ഒരുമിച്ചു പ്രാർത്ഥിച്ചാൽ, ഒന്നും അസാധ്യമല്ലാത്ത ശക്തനായ ദൈവത്തിന്റെ മക്കളാണ് നാമെല്ലാവരും. അതുകൊണ്ട് അതിജീവനം അകലെയല്ല; അത്ഭുതങ്ങളും അകലെയല്ല.

പാവങ്ങളും പണക്കാരനും തമ്മിലുള്ള വലിയ അന്തരങ്ങളുടെയും അസമത്വങ്ങളുടെയും നടുവിൽ പാരീസിൽ നിന്നും ഉയർന്ന് തിരുസഭക്കു മുഴുവൻ പരസ്നേഹ പ്രവർത്തനങ്ങളുടെയും പുണ്യങ്ങളുടെയും വർണ്ണക്കുട ചാർത്തിയ തിരുസഭാസ്നേഹിയും തനയനുമാണ് വി. വിൻസെൻറ്. മിണ്ടാമഠങ്ങളുടെ നാലു മതിൽക്കെട്ടിൽ നിന്ന് പട്ടിണിയാലും രോഗങ്ങളാലും വേദനകളാലും നിലവിളിക്കുന്നവരുടെ അടുത്തേക്ക് സഭാചരിത്രത്തിൽ ആദ്യമായി സന്യസ്തരെ അയച്ച ഡോക്ടേഴ്സ് ഓഫ് ചാരിറ്റി (DC), വനിതകൾക്കു വേണ്ടി 1633 -ൽ വി. ലൂയീസക്ക് ഒപ്പം സ്ഥാപിച്ച ധീരനായ വിശുദ്ധനാണ് വി. വിൻസെന്റ്‌. പട്ടിണിപ്പാവങ്ങളുടെയും അടിമകളുടെയും ആത്മീയാവശ്യം മനസ്സിലാക്കി അവർക്കു വേണ്ടി വചനം പ്രസംഗിക്കുവാനും വൈദികരുടെ പരിശീലനത്തിനു വേണ്ടി 1617 -ൽ കോൺഗ്രിഗേഷൻ ഓഫ് ദ മിഷൻ (CM) സഭ വൈദികർക്കായും വി. വിൻസെൻറ് സ്ഥാപിച്ചു.

കരുണയുടെ മരുപ്പച്ചകളായി, സ്നേഹത്തിന്റെ കടലായി, മനുഷ്യത്വത്തെ സ്വന്തം സ്വഭാവമാക്കി, സമൂഹത്തിന്റെ അടിത്തറയിലേയ്ക്കും‌ ഉന്നതസ്ഥാനങ്ങളിലേയ്ക്കും‌ ഒരുപോലെ കടന്നുചെന്ന് ആലംബഹീനരുടെയും അത്താണിയായ വന്ദ്യപുരോഹിതനാണ് വി. വിൻസെന്റ്‌. അദ്ദേഹത്തിന്റെ കൈകളിൽ കുഞ്ഞുങ്ങളും കാല്‍ച്ചുവട്ടില്‍ പട്ടിണിപ്പാവങ്ങളുമില്ലാതെ ഒരു ഐക്കണും നാം കാണാറില്ല. കുറവുകൾ നിറഞ്ഞ തന്റെ ജീവിതത്തിൽ കുറവുകൾ നികത്തുന്ന ഉറവിനരികെ – വിശുദ്ധ കുർബാനയ്ക്കരികെ മണിക്കൂറുകൾ ചിലവിട്ട വിശുദ്ധൻ കർത്താവിൽ നിന്നും സ്നേഹം സ്വീകരിച്ച് ആ തീജ്വാലകളാൽ കർത്താവിന്റെ രോഗിയായ, ദീനതയുള്ള, വയർ ഒട്ടിയ മുഖം തേടി തെരുവിലേക്കിറങ്ങി ആയിരങ്ങളിൽ ദൈവത്തെ കണ്ടു. ആ പുണ്യകരങ്ങളിൽ നിന്നും അനുഗ്രഹങ്ങൾ ഏറ്റുവാങ്ങിയവർ അനേകം, ജീവിതത്തിൽ അർത്ഥം കണ്ടെത്തിയവർ അനേകം, വിശുദ്ധന്റെ ജീവിതത്തിൽ നിന്ന് ആ ചൈതന്യം ഉൾക്കൊണ്ട് വിശുദ്ധിയുടെ പടവുകൾ കയറിയവർ ആയിരങ്ങൾ.

നമ്മുടെ ലോകം അനുഭവിക്കുന്ന വേദനകൾക്ക്, പാപങ്ങൾക്ക്, മഹാ പകർച്ചവ്യാധികൾക്ക് ഇവയ്ക്കെല്ലാം മറുമരുന്നായി വിശുദ്ധ കുർബാനയിൽ നിന്നും സജീവതയുടെ ചൈതന്യം ഉൾക്കൊണ്ട് ദരിദ്രക്കും രോഗികള്‍ക്കും വേണ്ടി ആർദ്രമായ രക്ഷക്കായി ദിവ്യനാഥന്റെ കൈകളായി പ്രവർത്തിച്ച വി. വിൻസെന്റ്‌ ഡി പോളിന്റെ തീക്ഷ്ണതയും പരസ്നേഹവും നമുക്ക് പ്രാവർത്തികമാക്കാം.

സി. സോണിയ കെ. ചാക്കോ DC

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.