വി. യൂദാശ്ലീഹായെ ‘അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥൻ’ എന്നു വിളിക്കാൻ കാരണം

അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായാണ് വി. യൂദാശ്ലീഹാ അറിയപ്പെടുന്നത്. ഒക്ടോബർ 28 -ന് തിരുസഭ വിശുദ്ധന്റെ തിരുനാൾ ആഘോഷിക്കുന്നു. ജീവിച്ചിരുന്നപ്പോൾ ക്രിസ്തുവിന്റെ പന്ത്രണ്ട് ശിഷ്യന്മാരിൽ ഒരാളാകാൻ അദ്ദേഹത്തിന് ഭാഗ്യമുണ്ടായി. എന്നാൽ, എന്തുകൊണ്ടാണ് വി. യൂദാശ്ലീഹായെ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനെന്ന് വിളിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ?

പന്ത്രണ്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സന്യാസിയും മിസ്റ്റികും സഭാപണ്ഡിതനുമായിരുന്ന ക്ലെയർവോക്‌സിലെ വി. ബർണാർഡിന് ഈശോ പ്രത്യക്ഷപ്പെട്ട്, വി. യൂദായെ അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനായി സ്വീകരിക്കുന്നതിനെക്കുറിച്ച് സൂചന നൽകിയിരുന്നു. പിന്നീട് വി. ബർണാർഡ്, വി. യൂദായോട് ജീവിതാവസാനം വരെയും ഭക്തിയും ബഹുമാനവും പുലർത്തിപ്പോന്നു. ‘വിശുദ്ധിയിൽ ജീവിക്കാൻ സഹായിച്ച വിശുദ്ധൻ’ എന്ന് പറഞ്ഞുകൊണ്ട്, താൻ മരിക്കുമ്പോൾ വി. യൂദായുടെ ഭൗതികാവശിഷ്ടവും തന്നോടൊപ്പം അടക്കം ചെയ്യണമെന്ന് വി. ബർണാർഡ് ആവശ്യപ്പെട്ടിരുന്നു.

അതുപോലെ തന്നെ, യേശുവിന്റെ ദർശനങ്ങൾ പലതവണ ലഭിച്ചിട്ടുള്ള വ്യക്തിയാണ് വി. ബ്രിജറ്റ്. ഒരിക്കൽ അവർക്ക് ഈശോ പ്രത്യക്ഷപ്പെട്ടപ്പോൾ, യൂദാ തദേവൂസ് തന്റെ വിശ്വസ്ത സ്‌നേഹിതനാണെന്നും ആവശ്യനേരങ്ങളിൽ അദ്ദേഹം സഹായവുമായി എത്തുമെന്നും വെളിപ്പെടുത്തി. വീണ്ടും മറ്റൊരു ദർശനത്തിൽ യേശു ബ്രിജറ്റിനോട്, അവരുടെ ദൈവാലയത്തിൽ ഒരു അൾത്താര, യൂദാ തദേവൂസിനായി നീക്കിവയ്ക്കാൻ നിർദ്ദേശിച്ചു. നിഷ്‌കളങ്കമായ ഹൃദയത്താൽ, സാത്താനെ പരാജയപ്പെടുത്തുന്നവനാണ് വിശുദ്ധനെന്നും ആ ദർശനത്തിൽ വി. ബ്രിജിറ്റിന് അറിയിപ്പുണ്ടായി.

അസാധ്യകാര്യങ്ങളുടെ മദ്ധ്യസ്ഥനെന്ന് അറിയെടുന്ന വി. യൂദാ തദേവൂസ് ക്രിസ്തുവിന്റെ അപ്പസ്തോലന്മാരില്‍ ഒരാളാണ്. വിശുദ്ധന്റെ ചെറുപ്പകാലത്തെക്കുറിച്ച് നമുക്ക് അധിമൊന്നും അറിയില്ലെങ്കിലും, അദ്ദേഹത്തിന് ഈശോയോടും മറിയത്തോടും അടുത്തു പെരുമാറുവാന്‍ ഭാഗ്യം ലഭിച്ചിട്ടുണ്ടാവണം. എന്നാല്‍ പന്ത്രണ്ടു ശിഷ്യന്മാരില്‍ ഒരുവനായി ക്രിസ്തു യൂദായെ തെരഞ്ഞെടുത്തതു മുതല്‍ സകലതുമുപേക്ഷിച്ച് ക്രിസ്തുവിനോടൊപ്പം വ്യാപരിക്കുന്നതായാണ് കാണുന്നത്.

പെന്തക്കുസ്തായ്ക്കുശേഷം വിശുദ്ധന്‍ സുവിശേഷം പ്രസംഗിക്കുന്നതിനായി എദേസായിലേയ്ക്കു പോയി. അവിടുത്തെ രാജാവിനെയും പ്രജകളെയും സത്യവിശ്വാസത്തിലേയ്ക്ക് ആനയിച്ചതിനുശേഷം വിശുദ്ധന്‍ മെസൊപ്പൊട്ടോമിയായിലേയ്ക്കു യാത്രയായി. അതിനുശേഷം ലിബിയായില്‍ ചെന്ന് ശിമയോനോടൊപ്പം പ്രേഷിതവേല നിര്‍വ്വഹിച്ചു.

പിന്നീട് അദ്ദേഹം എത്തിയത് പേര്‍ഷ്യയിലായിരുന്നു. അവിടെ അദ്ദേഹത്തിനു ധാരാളം പ്രതിബന്ധങ്ങള്‍ തരണം ചെയ്യേണ്ടതായി വന്നു. വിഗ്രഹാരാധനയും ദുരാചാരങ്ങളും അസന്മാര്‍ഗ്ഗികതയും ഹൃദയങ്ങളില്‍ ഉറച്ചിരുന്ന ഒരു ജനതയായിരുന്നു അവിടുത്തേത്. വിവാഹത്തിന്റെ പരിപാവനബന്ധത്തെക്കുറിച്ച് അവര്‍ക്ക് അറിവില്ലായിരുന്നു. അവിടെ സുവിശേഷം പ്രസംഗിച്ച വിശുദ്ധന് ശത്രുക്കള്‍ ധാരാളമായിരുന്നു. ഈ ശത്രുത അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു കാരണമായി. അദ്ദേഹത്തെ അവര്‍ ഗദ കൊണ്ട് അടിക്കുകയും അവസാനം തലവെട്ടി വധിക്കുകയും ചെയ്തു എന്നാണ് പാരമ്പര്യം.

ഈശോയുടെ വിശ്വസ്ത ദാസനും സനേഹിതനുമായാണ് വി. യൂദാശ്ലീഹാ അറിയപ്പെടുന്നത്. നിരാശാജനകവും അസാധ്യവുമായ കാര്യങ്ങളിൽ സഹായം എത്തിക്കണമേ എന്ന് നമുക്കും വിശുദ്ധൻ വഴി ദൈവത്തോട് പ്രാർത്ഥിക്കാം. .

വി. യൂദാശ്ലീഹായോടുള്ള പ്രാർത്ഥന

മിശിഹായുടെ സ്‌നേഹിതനും വിശ്വസ്ത ദാസനുമായ വി. യൂദാശ്ലീഹായേ, ഏറ്റവും കഷ്ടപ്പെടുന്ന എനിക്കുവേണ്ടി അപേക്ഷിക്കണമേ.യാതൊരു സഹായവും ഫലസിദ്ധിയില്ലാതെ വരുന്ന സന്ദര്‍ഭത്തില്‍ ഏറ്റവും ത്വരിതവും ഗോചരവുമായ സഹായം ചെയ്യുന്നതിന് അങ്ങേയ്ക്ക് വിശേഷവിധിയായി കിട്ടിയിരിക്കുന്ന അനുഗ്രഹത്തെ അങ്ങ് ഉപയോഗിക്കണമേ. എന്റെ എല്ലാ ആവശ്യങ്ങളിലും വിശിഷ്യാ (ആവശ്യം പറയുക) അങ്ങേ സഹായം ഞാനപേക്ഷിക്കുന്നു. ഭാഗ്യപ്പെട്ട യൂദാശ്ലീഹായേ! അങ്ങേ ഈ അനുഗ്രഹത്തെ ഞാന്‍ സദാ ഓര്‍ക്കുമെന്നും അങ്ങേ സ്തുതികളെ ലോകമെങ്ങും അറിയിക്കുമെന്നും ഞാന്‍ വാഗ്ദാനം ചെയ്യുന്നു. ആമ്മേന്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.