
ഇന്നത്തെ ഡിജിറ്റൽ യുഗത്തിൽ കുട്ടികളെ സ്മാർട്ട്‌ഫോണുകളിൽ നിന്നും ടിവി സ്‌ക്രീനുകളിൽ നിന്നും അകറ്റി വായനയുടെ ലോകത്തേക്ക് ആകർഷിക്കുക എന്നത് ഭൂരിഭാഗം മാതാപിതാക്കൾക്കും വലിയൊരു വെല്ലുവിളിയാണ്. എന്നാൽ, ചെറുപ്പത്തിൽ തന്നെ മികച്ച പുസ്തകങ്ങളോട് കുട്ടികൾക്ക് താല്പര്യം വളർത്തിയെടുക്കാൻ സഹായിക്കുന്ന അഞ്ചു ഫലപ്രദമായ വഴികൾ പരിചയപ്പെടാം.
വീട്ടിലൊരു കുഞ്ഞു ലൈബ്രറി ഒരുക്കാം
കുട്ടികൾക്ക് എളുപ്പത്തിൽ കൈയെത്തുന്ന രീതിയിൽ വീട്ടിൽ പുസ്തകങ്ങൾ ക്രമീകരിച്ചു വയ്ക്കുക. വർണ്ണാഭമായ ചിത്രങ്ങളുള്ള പുസ്തകങ്ങളും കഥകളും അവരുടെ കാഴ്ചപ്പാടിൽ എപ്പോഴും ഉണ്ടാകുന്നത് വായനയോടുള്ള കൗതുകം കൂട്ടും. ആദ്യം കുട്ടികൾക്ക് ഇഷ്ടപ്പെട്ട കഥ പുസ്തകങ്ങൾ അവിടെ ക്രമീകരിക്കാം. അപ്പോൾ ആ ലൈബ്രറി കുട്ടികളുടെ ഇഷ്ടത്തെ കൂടുതൽ ആകർഷിക്കും.
ദിവസവും ഒരുമിച്ച് വായിക്കാം
കുട്ടികളിൽ വായനാശീലം വളരണമെങ്കിൽ മാതാപിതാക്കളും വായിക്കുന്നവരാകണം. വായിക്കുന്ന മാതാപിതാക്കളെ കണ്ട് കുട്ടികളും വായിക്കാൻ തുടങ്ങും. അതിനാൽ രാത്രി കിടക്കുന്നതിന് മുൻപോ അല്ലെങ്കിൽ ദിവസവും ഒരു നിശ്ചിത സമയത്തോ കുട്ടികൾക്കൊപ്പമിരുന്ന് പുസ്തകങ്ങൾ വായിച്ചു കേൾപ്പിക്കുക. ഇത് വായനയെ ഒരു കടമയായി കാണാതെ, മാതാപിതാക്കളുമായി സമയം ചെലവഴിക്കാനുള്ള നല്ലൊരു അവസരമായി കുട്ടികൾ കാണാൻ തുടങ്ങും. അങ്ങനെ കുടുംബമായി ഇരുന്നു വായിക്കുകയും കഥകൾ പറയുകയും ചെയ്യുമ്പോൾ വായനാശീലം മാത്രമല്ല കുടുംബബന്ധങ്ങൾ കൂടെ ശക്തമാകും.
തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം നൽകാം
അവർക്ക് വായിക്കാൻ ഇഷ്ടമുള്ള വിഷയങ്ങളിലെ പുസ്തകങ്ങൾ സ്വയം തിരഞ്ഞെടുക്കാൻ കുട്ടികളെ അനുവദിക്കുക. കോമിക്സുകളോ, കഥകളോ, ചിത്രകഥകളോ ആകട്ടെ. കാരണം ഇവിടെ വായിക്കുന്നത് കുട്ടികളാണ്. തങ്ങൾ തിരഞ്ഞെടുത്ത പുസ്തകം വായിക്കാൻ അവർക്കു ഉത്സാഹം കൂടും. തുടക്കത്തിൽ അവരുടെ താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്നത് വായനാശീലം വളർത്താൻ സഹായിക്കും. പിന്നീട് അവരുടെ വളർച്ചയ്‌ക്കും ഉന്നമനത്തിനും ഉതകുന്ന പുസ്തകങ്ങൾ കൂടെ അതിൽ ഉൾപ്പെടുത്താം.
വായനയെ അനുഭവമാക്കി മാറ്റാം
കുട്ടികൾ വായിക്കുന്ന കഥകളിലെ സ്ഥലങ്ങളെക്കുറിച്ചോ കഥാപാത്രങ്ങളെക്കുറിച്ചോ അവരുമായി സംസാരിക്കുക. ലൈബ്രറികളിലും പുസ്തകമേളകളിലും അവരെ പതിവായി കൊണ്ടുപോകുന്നത് വായനയെ ഒരു ഉത്സവപ്രതീതിയോടെ സമീപിക്കാൻ കുട്ടികളെ സഹായിക്കും. ചെറുപ്പത്തിലേ വളർത്തിയെടുക്കുന്ന ഈ നല്ല ശീലം കുട്ടികളുടെ ഭാവനയും ചിന്താശേഷിയും വികസിപ്പിക്കുക മാത്രമല്ല, അവരുടെ ഭാവി ജീവിതത്തിൽ വലിയൊരു ധനസമ്പാദ്യമായി മാറുകയും ചെയ്യും.


