സീറോ മലങ്കര ഏപ്രിൽ 15 മർക്കോ. 11: 20-25 വിശ്വാസത്തിന്റെ ശക്തി

സൃഷ്ടിയുടെ ആരംഭത്തിൽ പറഞ്ഞിരിക്കുന്ന മൂന്ന് വൃക്ഷങ്ങളാണ് ജീവന്റെ വൃക്ഷം, നന്മതിന്മകളെ തിരിച്ചറിയുന്ന വൃക്ഷം, അത്തിവൃക്ഷം. ആദിമാതാപിതാക്കന്മാർ നഗ്നരാണെന്ന് തിരിച്ചറിഞ്ഞ നിമിഷം “അത്തിയിലകൾ കൂട്ടിത്തുന്നി അവർ അരക്കച്ചയുണ്ടാക്കി” (ഉൽ. 3:7). പിന്നീട് പ്രസിദ്ധരായ പല ചിത്രകാരന്മാരും മനുഷ്യനഗ്നത മറയ്ക്കാനുള്ള ഉപാധിയായി അത്തിമരത്തിന്റെ ഇലകൾ തങ്ങളുടെ ചിത്രങ്ങളിൽ ഉപയോഗിച്ചിട്ടുണ്ട്. വിശുദ്ധ ഗ്രന്ഥത്തിൽ അത്തിമരവും മുന്തിരിവള്ളിയും ഇസ്രയേലിനെ പ്രതിനിധാനം ചെയ്യുകയും ചെയ്യുന്നു (ജോയേല്‍ 2:22). മൾബറിച്ചെടിയുടെ കുടുംബത്തിൽപ്പെടുന്ന അത്തി ലോകത്തെല്ലായിടത്തും ഉണ്ടെങ്കിലും പശ്ചിമേഷ്യന്‍ പ്രദേശങ്ങളിലാണ് കൂടുതലായുള്ളത്. പ്രധാനമായും അതിന്റെ പഴം ഭക്ഷണത്തിനായി ഉപയോഗിക്കുന്നെങ്കിലും ചിലയിടങ്ങളിൽ അലങ്കാരത്തിനായും നട്ടുവളർത്തുന്നു. ദീർഘനാളത്തേക്ക് സൂക്ഷിച്ചുവയ്ക്കുന്നതിനായി ഉണക്കി ഉപയോഗിക്കുകയും ചെയ്യാറുണ്ട്.

ഇവിടെ മാനസാന്തരത്തിന്റെ ആവശ്യകത ചൂണ്ടിക്കാണിക്കുന്നതിനുവേണ്ടിയാണ് യേശു, ഫലംതരാത്ത അത്തിമരത്തിന്റെ ഉപമ പറയുന്നത്. മനുഷ്യന്റെ മാനസാന്തരത്തിനും ദൈവത്തിലേക്കുള്ള മടങ്ങിവരവിനും ക്ഷമയോടെ കാത്തിരിക്കുന്നവനാണ് ദൈവം. എല്ലാ അനുഗ്രഹങ്ങളും നൽകി ഈ ലോകത്തിലേക്ക് അയച്ചിരിക്കുന്നത് നല്ലഫലം പുറപ്പെടുവിക്കുന്നതിനാണ്. കർത്താവിന് വഴിയൊരുക്കുന്ന യോഹന്നാൻ സ്നാപകൻ തന്റെ സന്ദേശത്തിൽ വ്യക്തമായി പറയുന്നുണ്ട്: “നല്ലഫലം നൽകാത്ത വൃക്ഷങ്ങളെല്ലാം വെട്ടി തീയിൽ എറിയപ്പെടും” (ലൂക്കാ 3:9). യേശുവിന്റെ മഹത്വീകരണത്തിനായുള്ള ജറുസലേംയാത്രയുടെ വെളിച്ചത്തിൽ ഈ ഉപമ ഇസ്രായേൽ ജനത്തെയും അവരുടെ അനുതാപരഹിത പ്രവൃത്തിയെയും കാണിക്കുന്നതാണ്. അത്തിമരത്തിൽ മൂന്നുവർഷമായി ഫലം അന്വേഷിച്ചുവരുന്നത് യേശുവിന്റെ മൂന്നുവർഷത്തെ പരസ്യജീവിതത്തെ അനുസ്മരിപ്പിക്കുന്നു. യേശുവിന്റെ സുവിശേഷപ്രഘോഷണത്തിന് ഫലമുണ്ടാകണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു.

അത്തിമരത്തിന്റെ ഉപമയിൽ പറഞ്ഞിരിക്കുന്നതിൽ അധികമായ കാരുണ്യം ദൈവം നമ്മോടു കാണിക്കുന്നു. അന്തിമവിധിയുടെ സമയത്ത് നമ്മുടെ പ്രവർത്തിക്കനുസൃതമായ പ്രതിഫലം നൽകുമ്പോൾ അവിടുത്തോടുകൂടി നിത്യമായി വസിക്കുന്നവരുടെ കൂട്ടത്തിലായിരിക്കാനും ദൈവികകാരുണ്യം അധികമായി ലഭിച്ചവർ എന്നനിലയിൽ വലിയ നന്മ പുറപ്പെടുവിക്കാനും നമുക്ക് കഴിയണം. നമുക്ക് ലഭിക്കുന്ന ഓരോനിമിഷവും നല്ലഫലം പുറപ്പെടുവിക്കുന്നതിന് ദൈവം ദാനമായി നല്‍കുന്ന അവസരങ്ങളായി കാണാം. ദൈവം അനേകം അനുഗ്രഹങ്ങൾ ചൊരിഞ്ഞിട്ടും ഇനിയും ഫലംപുറപ്പെടുവിച്ചില്ലെങ്കിൽ അവിടുത്തേക്ക് ചിലപ്പോൾ വെട്ടിക്കളയേണ്ടിവന്നേക്കാം. തലമുറകളിലൂടെ അനുഗ്രഹമായി നമ്മിലെത്തിയിരിക്കുന്ന ദൈവകൃപയെ നമ്മിൽ സമൃദ്ധമാക്കുകയും അത് അനന്തരതലമുറകളിലേക്ക് കൂടുതൽ തീക്ഷ്ണതയോടെ പകർന്നുനൽകാനും നമുക്ക് ശ്രമിക്കാം.

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.