ദിവ്യകാരുണ്യ സ്നേഹം മാർഗ്ഗദീപമാക്കിയവർ

MCBS സഭാപിതാക്കന്മാരോടൊപ്പം തൊണ്ണൂറാം വർഷത്തിൽ: അറുപത്തിമൂന്നാം ദിനം, ജൂലൈ 08, 2022

ദിവ്യകാരുണ്യ സ്നേഹം ജീവിതത്തിന്റെ താളമാക്കി മാറ്റിയ രണ്ട് വിശുദ്ധ ജീവിതമാതൃകളാണ് ദിവ്യകാരുണ്യ മിഷനറി സഭയുടെ ഏറ്റവും വലിയ സമ്പത്ത്. ദിവ്യകാരുണ്യ ആദ്ധ്യാത്മികതയുടെ പാഠങ്ങൾ ഇവരുടെ ജീവിതമാതൃകളിൽ നിന്ന് നമുക്ക് നോക്കിപ്പഠിക്കാനാവും. ദിവ്യകാരുണ്യ സന്നിധിയിൽ അവർ ചെലവഴിച്ച നീണ്ട തപസ്സായിരുന്നു അവരെ രൂപപ്പെടുത്തിയത്. ദിവ്യകാരുണ്യ സ്നേഹത്തിന്റെ പ്രവാചകശബ്ദമായി മാറാൻ അവരെ സഹായിച്ചത് ഈ തപസ്സായിരുന്നു.

ഒരു സമർപ്പിതൻ കത്തുന്ന ദീപമാകണമെന്ന് വലിയ ദർശനത്തിൽ നിന്നാവണം എല്ലാവർക്കും വേണ്ടി അർപ്പണമാകുന്ന, എല്ലാ ജിവിതങ്ങളെയും പ്രകാശിപ്പിക്കുന്ന ജീവിതശൈലിയിലേക്ക് അവർ കടന്നുവന്നത്. കൂടെ ആയിരിക്കലാണ് ശിഷ്യത്വത്തിന്റെ സാരമെന്ന് ആലക്കളത്തിലച്ചനും ദിവ്യകാരുണ്യ സന്നിധിയിൽ യജമാനന്റെ മുമ്പിൽ നായയെപ്പോലെ ദീർഘനേരം വിശ്വസ്തതാപൂർവ്വം ചിലവഴിക്കാൻ പറേടത്തിലച്ചനും പഠിപ്പിക്കുന്നുണ്ട്.

ദിവ്യകാരുണ്യസ്പർശമല്ലാത്തതൊന്നും ഇവരുടെ ജീവിതത്തിൽ ഉണ്ടായിരുന്നില്ല. ദിവ്യകാരുണ്യത്തെ മാർഗ്ഗദീപമാക്കണമെന്നും ജീവിതകാലം മുഴുവൻ ദിവ്യകാരുണ്യത്തിന്റെ മക്കളായിരിക്കണമെന്നും സഭാപിതാക്കന്മാർ പഠിപ്പിക്കുന്നു. പരമരഹസ്യമായ വിശുദ്ധ കുർബാനയെ നമ്മുടെ അനുദിന ജീവിതത്തിൽ മാർഗ്ഗദീപമാക്കാം.

“ആകാശത്തിൽ എത്ര നക്ഷത്രങ്ങളുണ്ടോ, കടലിൽ എത്ര നീർത്തുള്ളികളുണ്ടോ, കരയിൽ എത്ര മണൽത്തരികളും വിസ്താരമേറിയ സകല ലോകങ്ങളിലും സൃഷ്ടിക്കപ്പെട്ട എത്ര വസ്തുക്കളുമുണ്ടോ അത്രയും സ്തുതിവചനങ്ങളാൽ പരിശുദ്ധ കുർബാനക്ക് സ്തോത്രമുണ്ടായിരിക്കട്ടെ.”

ബ്ര. ആൻസൽ നടുത്തൊട്ടിയിൽ MCBS 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.