കുട്ടികളുടെ കുസൃതികളെ എങ്ങനെ നിയന്ത്രിക്കാം

മാതാപിതാക്കളുടെ വലിയൊരു തലവേദനയാണ് കുട്ടികളുടെ കുസൃതികൾ. അവർ തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബഹളം വയ്ക്കുകയും നിർത്താതെ കരയുകയും തർക്കിക്കുകയും ചെയ്യും. പല മാതാപിതാക്കൾക്കും അറിയില്ല ഇത്തരം കുട്ടികളെ എങ്ങനെയാണ് സമാധാനിപ്പിക്കേണ്ടതെന്ന്. കുട്ടികളിലെ വികൃതിയെ  എങ്ങനെ നിയന്ത്രിക്കാം? ഇതാ എട്ട് മാർഗ്ഗങ്ങൾ…

1. എപ്പോഴും പരിധികൾ നിശ്ചയിക്കുക

കുട്ടികളുടെ എല്ലാ ആവശ്യങ്ങളും അംഗീകരിക്കരുത്. അവർക്ക് അത് ആവശ്യമാണോ അല്ലയോ എന്ന് വ്യക്തമായി മനസിലാക്കണം. അതിനു ശേഷം മാത്രമേ അവരുടെ കാര്യത്തിൽ തീരുമാനങ്ങളെടുക്കാവൂ. അവരുടെ എല്ലാ വാശികൾക്കു മുന്നിലും വഴങ്ങരുത്. വാശി കാണിച്ചതു കൊണ്ട് അനാവശ്യമായ അവരുടെ ആവശ്യങ്ങൾ സാധിച്ചു തരില്ല എന്ന് അവരോട് പറയണം. കുട്ടികളെക്കൊണ്ട് ഒരിക്കലും എല്ലാ തീരുമാനങ്ങളും എടുപ്പിക്കരുത്. ഈ പ്രായത്തിൽ അവർക്ക് തീരുമാനിക്കാൻ അനുവാദമില്ലാത്ത കാര്യങ്ങളുമുണ്ടെന്ന് അവർ മനസ്സിലാക്കട്ടെ.

2. കുട്ടികളോട് എപ്പോഴും ഒരേ രീതിയിൽ പെരുമാറുക

കുട്ടികളോടുള്ള പെരുമാറ്റത്തിൽ എപ്പോഴും ശ്രദ്ധിക്കണം. ഓരോ ദിവസവും അവരോട് ഓരോ രീതിയിൽ പെരുമാറരുത്. ഒരു ദിവസം അവരോട് വിട്ടുവീഴ്‌ച കാണിക്കുകയും മറ്റൊരു ദിവസം അവരോട് കർശനമായും പെരുമാറരുത്. അങ്ങനെ ചെയ്‌താൽ, അവർ നിങ്ങൾക്ക് വേണ്ടത്ര പരിഗണനയോ, ബഹുമാനമോ നൽകുകയില്ല.

ഉദാഹരണത്തിന്, ഒരു ദിവസം നിങ്ങൾ കുട്ടിയെ അധികനേരം കളിക്കാൻ അനുവദിച്ചു എന്ന കരുതുക. കാരണം നിങ്ങൾ അന്ന് പതിവിലും തിരക്കിലായിരുന്നു. എന്നാൽ പിറ്റേ ദിവസം കുട്ടി അധികനേരം കളിച്ചപ്പോൾ നിങ്ങൾ അവനെ വഴക്കു പറഞ്ഞാൽ, അവനു ലഭിക്കുന്ന സന്ദേശം ശരിയായത് ആയിരിക്കില്ല. തെറ്റേത് ശരിയേത് എന്ന് അവന് തിരിച്ചറിയാൻ കഴിയാതെ വരും. അതുകൊണ്ട് എപ്പോഴും കുട്ടികളോട് ഒരേ രീതിയിൽ തന്നെ പെരുമാറാൻ ശ്രദ്ധിക്കണം.

3. ആവശ്യത്തിന് സ്വാതന്ത്ര്യം നൽകുക

എല്ലാ കാര്യങ്ങളിലും കുട്ടികളെ പിടിച്ചുകെട്ടരുത്. അവർക്ക് ആവശ്യത്തിന് സ്വാതന്ത്ര്യം നൽകണം. ചില കാര്യങ്ങൾ അവർ തന്നെ തീരുമാനിക്കാനും നടപ്പിലാക്കാനും അനുവദിക്കണം. അല്ലാത്തപക്ഷം, കുട്ടികൾ മുതിർന്നവരോട് കൂടുതൽ വിമതസ്വഭാവം കാണിക്കാൻ സാധ്യതയുണ്ട്. അവർ പറയുന്ന എല്ലാ കാര്യങ്ങളെയും എതിർക്കാതെ അവരെ പൂർണ്ണമായി കേൾക്കുകയും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയും വേണം.

4. ഇലക്ട്രോണിക് ഉപകരണങ്ങളുടെ ഉപയോഗം പരിമിതപ്പെടുത്തുക

ടിവി, കമ്പ്യൂട്ടർ, മൊബൈൽ ഫോണുകൾ തുടങ്ങിയവ കൂടുതൽ നേരം ഉപയോഗിക്കാൻ കുട്ടികളെ അനുവദിക്കരുത്. കാർട്ടൂണുകളും മറ്റും കാണുന്നതിന് സമയപരിധി നിശ്ചയിക്കണം. കൂടുതൽ സമയം കാർട്ടൂണുകൾ കാണുന്നത് പെട്ടെന്ന് ദേഷ്യപ്പെടുന്ന സ്വഭാവം കുട്ടികളിൽ വളർത്താൻ സാധ്യതയുണ്ട്.

5. സ്വന്തം സ്വഭാവത്തിന്റെ പോരായ്മകൾ അവരെ പറഞ്ഞ് മനസിലാക്കുക

തന്റെ സ്വഭാവത്തിന്റെ കുറവുകൾ എന്താണെന്നും അതിന്റെ പരിണിതഫലങ്ങൾ എന്താണെന്നും കുട്ടികൾക്ക് പറഞ്ഞുകൊടുക്കണം. വാശി കാണിക്കുന്നതും ബഹളം വയ്ക്കുന്നതുമായ സ്വഭാവം എവിടെച്ചെന്നാലും പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് കുട്ടികൾ തിരിച്ചറിയണം.

6. വാശികൾക്കു മുന്നിൽ വഴങ്ങരുത്

ചിലപ്പോൾ കുട്ടികൾ അവർ ആവശ്യപ്പെട്ട കാര്യം സാധിക്കാൻ വേണ്ടി നിർത്താതെ കരയും, ബഹളം വയ്ക്കും, വാശി പിടിക്കും. കരച്ചിലും ബഹളവും അടങ്ങട്ടെ എന്നു  കരുതി പല മാതാപിതാക്കളും അപ്പോൾ കുട്ടികൾക്ക് വഴങ്ങിക്കൊടുക്കും. അത് നിങ്ങളുടെ കുട്ടികളെ കൂടുതൽ വഷളാക്കും എന്നതാണ് സത്യം. അനാവശ്യമായ കാര്യങ്ങൾക്കാണ് അവർ വാശി പിടിക്കുന്നതെങ്കിൽ ഒരിക്കലും അവർക്ക് വഴങ്ങിക്കൊടുക്കരുത്. കർക്കശ്യമായി പെരുമാറേണ്ട സാഹചര്യങ്ങളിൽ അങ്ങനെ തന്നെ പെരുമാറണം.

7. കുട്ടികളോട് ബഹളം വയ്ക്കരുത്

കുട്ടികൾ ഏതൊക്കെ രീതിയിൽ മാതാപിതാക്കളെ പ്രകോപിപ്പിക്കാൻ നോക്കിയാലും അവരോട് പരിധി വിട്ട് ദേഷ്യപ്പെടുകയോ, ബഹളം വയ്ക്കുകയോ, തർക്കിക്കുകയോ ചെയ്യരുത്. അത് നിങ്ങളോടുള്ള വിമതസ്വഭാവവും വാശിയും കുട്ടികളിൽ വർദ്ധിപ്പിക്കുകയെ ഉള്ളൂ. അതു മാത്രമല്ല, അവരും ഭാവിയിൽ അത്തരം പെരുമാറ്റരീതികൾ പ്രകടിപ്പിക്കുന്നതിന് അത് വഴിതെളിക്കും. കുട്ടികൾ തെറ്റു ചെയ്‌താലും നിങ്ങൾ അവരെ ശാന്തമായാണ് തിരുത്തുന്നതെങ്കിൽ അത് കുട്ടികളിലുള്ള നിങ്ങളുടെ മതിപ്പിനെ ഉയർത്തും. അത് തീർച്ചയായും, ഭാവിയിലും കുട്ടികൾ നിങ്ങളെ ബഹുമാനിക്കാനും അനുസരിക്കാനും കാരണമാകും.

8. നിങ്ങളുടെ ദേഷ്യം ഒരിക്കലും കുട്ടികളോട് പ്രകടിപ്പിക്കരുത്

മാതാപിതാക്കൾ അവരുടെ ഉള്ളിലുള്ള ദേഷ്യമോ, സങ്കടമോ ഒരിക്കലും കുട്ടികളുടെ മുന്നിൽ പ്രകടിപ്പിക്കരുത്. അനാവശ്യമായി അവരുമായി കയർക്കുകയോ, അവരോട് ദേഷ്യപ്പെടുകയോ അരുത്. കാരണം അത് കുട്ടികളിൽ ഏൽപ്പിക്കുന്ന മുറിവ് വലുതായിരിക്കും. പല സ്വഭാവവൈകല്യങ്ങൾക്കും അത് ക്രമേണ കാരണമാകും.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.