പെസഹാ അപ്പവും പാലും തയ്യാറാക്കുന്ന വിധം

അന്ത്യഅത്താഴ വേളയില്‍ ക്രിസ്തു അപ്പമെടുത്ത് മുറിച്ച് ആശീര്‍വദിച്ച് തന്റെ ശരീരവും രക്തവുമാണെന്ന് പറഞ്ഞ് ശിഷ്യര്‍ക്ക് നല്‍കിയതിന്റെ ഓര്‍മ്മയാചരണമാണ് പെസഹ. ഈ ഓര്‍മ്മ ആചരിക്കുന്നതിന് വേണ്ടിയാണ് കത്തോലിക്കാ ഭവനങ്ങളില്‍ പെസഹാ വ്യാഴാഴ്ച്ച വൈകുന്നേരം അപ്പം മുറിക്കല്‍ ശുശ്രൂഷ നടത്തുന്നത്. പുളിപ്പില്ലാത്ത അപ്പം പ്രത്യേക രീതിയില്‍ തയാറാക്കിയ പാനീയത്തിനൊപ്പം (പാല്‍) പ്രാര്‍ത്ഥനാപൂര്‍വമാണ് കഴിക്കുന്നത്. ഗൃഹനാഥനോ വീട്ടിലെ ഏറ്റവും മുതിര്‍ന്ന അംഗമോ ആയിരിക്കും അപ്പം മുറിക്കുക.

കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ പെസഹാ അപ്പവും പാനീയവും തയാറാക്കുന്നതില്‍ നേരിയ വ്യത്യാസങ്ങളുണ്ട്. അപ്പവും പാനീയവും തയാറാക്കുന്ന പൊതുവായ രീതിയാണ് ചുവടെ ചേര്‍ക്കുന്നത്.

പെസഹാ അപ്പം

ആവശ്യമുള്ള സാധനങ്ങള്‍ (നാലംഗ കുടുംബത്തിനു വേണ്ടത്)
പച്ചരി             – അരക്കിലോ
ഉഴുന്ന്             – 75 ഗ്രാം
തേങ്ങ             –  1 എണ്ണം
ജീരകം            – 15 ഗ്രാം
ചുമന്നുള്ളി     –  50 ഗ്രാം
വെളുത്തുള്ളി –  10 ഗ്രാം
ഉപ്പ്                – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
1. പച്ചരി കഴുകി പൊടിച്ചു വറുത്തെടുക്കുക.
2. ഉഴുന്ന് ചീനച്ചട്ടിയില്‍ എണ്ണ ചേര്‍ക്കാതെ വറുത്തെടുത്ത ശേഷം വെള്ളത്തില്‍ കുതിര്‍ത്തു അരച്ചെടുക്കുക.
3. ജീരകവും തേങ്ങയും വെളുത്തുള്ളിയും ചുവന്നുള്ളിയും നന്നായി അരച്ചെടുക്കുക.
4. അരിപ്പൊടിയില്‍ ഉപ്പും വെള്ളവും ചേര്‍ത്തു കുഴയ്ക്കുക.
5. അതിനു ശേഷം ഉഴുന്നും മറ്റുചേരുവകകള്‍ അരച്ചതും കൂട്ടിയോജിപ്പിക്കുക.
6. കൈകൊണ്ടു കോരിയെടുക്കാവുന്ന വിധം മാത്രം വെള്ളം ചേര്‍ക്കുക.
7. തുടര്‍ന്ന് വൃത്താകൃതിയില്‍ ഉള്ള പാത്രത്തില്‍ ഒഴിച്ച് വയ്ക്കുക. അതിനു മുകളിലായി കുരുത്തോല കുരിശാകൃതിയില്‍ വയ്ക്കുക.
8. ശേഷം അപ്പച്ചെമ്പില്‍ ആവിയില്‍വച്ച് വേവിക്കുക. (ഈര്‍ക്കില്‍ കൊണ്ട് കുത്തിനോക്കി അരിപ്പൊടി അതില്‍ പിടിക്കുന്നില്ലെങ്കില്‍ വെന്തെന്ന് ഉറപ്പിക്കാം)

പെസഹാ പാല്‍
ആവശ്യമുള്ള സാധനങ്ങള്‍
ശര്‍ക്കര            – അരക്കിലോ
അരിപ്പൊടി      – മൂന്നു സ്പൂണ്‍
തേങ്ങ               – 2 എണ്ണം
ജീരകം              – ഒരു നുള്ള്

ഏലയ്ക്ക         – 2 എണ്ണം
ചുക്ക്               – 1 ചെറിയ കഷണം

തയ്യാറാക്കുന്ന വിധം
1. ശര്‍ക്കര ഉരുക്കി പാനിയാക്കി അരിച്ചെടുക്കുക.
2. അരിപ്പൊടി തലപ്പാലിൽ  ചേര്‍ത്ത് നന്നായി മിക്സ് ചെയ്യുക.
2. തേങ്ങ ചിരണ്ടി മൂന്നു പ്രാവശ്യം പിഴിഞ്ഞെടുത്ത പാലില്‍ അരിച്ച ശര്‍ക്കരപ്പാനി ചേര്‍ത്തു അടുപ്പത്തു വെച്ച് ഇളക്കിക്കൊണ്ടിരിക്കണം. തിളച്ചുപോകാതെ ശ്രദ്ധിക്കണം.
3. അതിലേയ്ക്ക് കുരിശാകൃതിയില്‍ ഉണ്ടാക്കിയ കുരുത്തോല ഇടുക.
4. തിളച്ചു പൊങ്ങുമ്പോള്‍ മൂന്നു സ്പൂണ്‍ അരിപ്പൊടി അല്‍പ്പം തേങ്ങാപ്പാലില്‍ കലക്കി അതില്‍ ഒഴിക്കുക. പാത്രത്തിന്റെ അടിയിൽ പിടിക്കാതെ ഇളക്കിക്കൊണ്ട് ഇരിക്കണം.
5. തിളച്ചു കഴിയുമ്പോള്‍ വറത്തുവച്ചിരിക്കുന്ന ജീരകം, ഏലക്കാപ്പൊടി, ചുക്ക് ഇവ പൊടിച്ചു ചേര്‍ക്കുക.

(ചില സ്ഥലങ്ങളിൽ പൂവൻ പഴം വട്ടത്തിൽ അരിഞ്ഞു ഇടാറുണ്ട്.)

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.