വിശുദ്ധ കുർബാന സ്വീകരണശേഷം എത്രനേരം പ്രാർഥിക്കണം?

വിശുദ്ധ കുർബാന സ്വീകരിച്ചതിനുശേഷം എത്രനേരം പ്രാർഥിക്കണം എന്നു ചിന്തിച്ചിട്ടുണ്ടോ? എന്നാൽ, വിശുദ്ധരിൽ കൂടുതൽപേരും അതിന് നിർദേശിക്കുന്ന ഉത്തരം, ഈശോയെ സ്വീകരിച്ചതിനുശേഷം കൂടുതൽ സമയം പ്രാർഥനയിൽ ചെലവഴിക്കണമെന്നാണ്. തിരക്കുകളുടെ ഈ ലോകത്തിൽ വിശുദ്ധ കുർബാനയുടെ സമയംപോലും അധികമാണെന്നു പരിഭവപ്പെടുന്ന നാം, പലപ്പോഴും മറന്നുപോകുന്ന ഒരു കാര്യമാണ് ഈശോയെ സ്വീകരിച്ചതിനുശേഷം ഈശോയുടെ സാന്നിധ്യം അനുസ്മരിച്ചുകൊണ്ട് പ്രാർഥിക്കണം എന്നത്.

എത്രസമയം പ്രാർഥിക്കാം: വിശുദ്ധരുടെ വാക്കുകളിൽ

“സ്വർഗത്തിന്റെയും ഭൂമിയുടെയും രാജാവും നിങ്ങളുടെ രക്ഷകനും ന്യായാധിപനുമായ രാജാവ് നമ്മുടേതായിരിക്കുമ്പോൾ, നിങ്ങളുടെ ജീവിതത്തിലെ ഏറ്റവും വിലയേറിയ ഈ നിമിഷങ്ങൾ നന്ദിപ്രകാശനത്തിന് ചെലവഴിക്കേണ്ടതാണ്. സാധ്യമെങ്കിൽ അരമണിക്കൂറെങ്കിലും അവിടുത്തോട് നന്ദിപറയാനായി നീക്കിവയ്ക്കുക. കുറഞ്ഞത് 15 മിനിറ്റെങ്കിലും നന്ദിയർപ്പിക്കണം. വിശുദ്ധ കുർബാനയ്ക്കായുള്ള നിങ്ങളുടെ തയാറെടുപ്പ് ചുരുക്കിയാലും നന്ദിയർപ്പിക്കുന്ന കാര്യത്തിൽ സമയം പരിമിതപ്പെടുത്തരുത്. കാരണം, നിങ്ങളുടെ ശരീരത്തിലും ആത്മാവിലും യേശുവിനെ കൈവശം വയ്ക്കുന്നതിനേക്കാൾ കൂടുതൽ വിശുദ്ധവും അഭികാമ്യവുമായ മറ്റൊരു നിമിഷം നിങ്ങൾക്കില്ല” എന്നാണ് വി. പീറ്റർ ജൂലിയൻ എയ്‌മാർഡ് നിർദേശിക്കുന്നത്.

വി. ജോസ്മരിയ എസ്‌ക്രിവ പറയുന്നു: “ദൈവത്തിന് നാം നൽകുന്ന സ്തോത്രം എത്ര നിസ്സാരമാണ്. ഒരു ദിവസം മുഴുവൻ നന്ദിപറഞ്ഞാലും അത് മതിയാവുകയില്ല. പരിശുദ്ധ കൂദാശ സ്വീകരിച്ചയുടൻ പള്ളിയിൽനിന്ന് പുറത്തുപോകരുത്. നിങ്ങളുടെ ദൈവത്തിനു നന്ദിപറയാൻ പത്തുമിനിറ്റ് നൽകാൻ കഴിയാത്തത്ര പ്രധാനപ്പെട്ടതായി ഒന്നും നിങ്ങൾക്കില്ല. സ്നേഹം, സ്നേഹം കൊണ്ടുമാത്രമേ വീടുകയുള്ളൂ.”

വിശുദ്ധ കുർബാന സ്വീകരണത്തിനുശേഷം മണിക്കൂറുകളോളം ദൈവത്തിന്റെ സാന്നിധ്യം അനുസ്മരിച്ച് പ്രാർഥിച്ചവരാണ് വിശുദ്ധരിൽ എല്ലാവരും. വിശുദ്ധ കുർബാനയോടൊപ്പം ചെലവഴിച്ച നിമിഷങ്ങളാണ് ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട നിമിഷങ്ങളെന്ന് പങ്കുവച്ചവരുമുണ്ട് അക്കൂട്ടത്തിൽ. ജീവിക്കുന്ന ദൈവത്തെ ഉള്ളിൽ സ്വീകരിച്ചുകൊണ്ട് ആ സാന്നിധ്യത്തിന് നന്ദിപറഞ്ഞ് ജീവിതം മുഴുവനും വിശുദ്ധീകരിക്കാൻ നമുക്ക് ശ്രമിക്കാം.

കൂദാശകൾക്കും ദിവ്യാരാധനയ്ക്കും വേണ്ടിയുള്ള കോൺഗ്രിഗേഷൻ 1980-ൽ പ്രാർഥനയിൽ തുടരാൻ പ്രോത്സാഹിപ്പിക്കുന്ന ഒരു രേഖ പ്രസിദ്ധീകരിച്ചിരുന്നു. അതിൽ കുർബാനയ്ക്കുശേഷം, വിശ്വാസികളോട് പ്രാർഥിക്കാൻ നിർദേശിക്കുന്നുണ്ട്. ആഘോഷമായ സങ്കീർത്തനങ്ങളുടെയോ, സ്തുതിഗീതങ്ങളുടെയോ സഹായത്തോടെയോ പ്രാർഥന നടത്താവുന്നതാണെന്ന് രേഖയിൽ പറഞ്ഞുവയ്ക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.