ജോർജ് കുറ്റിക്കലച്ചൻ പങ്കുവച്ച അനുഭവങ്ങൾ

ക്രിസ്തുവിന്റെ സുവിശേഷം ജീവിതംകൊണ്ട് പ്രഘോഷിച്ച നവയുഗത്തിന്റെ പ്രവാചകനായിരുന്നു കുറ്റിക്കലച്ചൻ. അച്ചൻ ജീവിച്ചിരുന്നപ്പോൾ പങ്കുവച്ച ചില അനുഭവങ്ങൾ.

മാനസികനില തെറ്റിയ 28 വയസ്സുള്ള വികാസിനെ ആരൊക്കെയോ ചേർന്ന് മലയാറ്റൂരിനടുത്തുള്ള മാനസികരോഗികളെ സംരക്ഷിക്കുന്ന ‘മാർ ഖലാഹ്ദയറ’ എന്ന സെന്ററിൽ എത്തിച്ചു. രണ്ടുവർഷത്തെ ചികിത്സയും സ്‌നേഹത്തോടെയുള്ള പരിചരണവും അവന്റെ മാനസികനിലയും ആരോഗ്യവും വീണ്ടെടുത്തു. സുബോധം തിരിച്ചുകിട്ടിയ ചെറുപ്പക്കാരൻ വീട്ടിലെ ഫോൺനമ്പറും മേൽവിലാസവും ആശ്രമാധികൾക്കു നൽകി. അവർ വീടുമായി ബന്ധപ്പെട്ടു. മരിച്ചു എന്നുകരുതിയ മകൻ ജീവിച്ചിരിക്കുന്നു എന്നുകേട്ടപ്പോൾ വീട്ടുകാർക്ക് സന്തോഷമായി.

അങ്ങനെ ഇവിടെനിന്നും പ്രേഷിതർ ട്രെയിൻമാർഗം ജന്മദേശമായ കൊൽക്കത്തയിലേക്ക് യാത്രയായി. ഗ്രാമത്തിൽ ചെന്നിറങ്ങുമ്പോൾ വീടിനുസമീപമുള്ള ക്ഷേത്രത്തിൽ ഉത്സവം. സ്വീകരിക്കാനെത്തിയ ഗ്രാമവാസികളോട് യുവാവ് ആശ്രമത്തെപ്പറ്റിയും തന്നെ പരിചരിച്ചവരെപ്പറ്റിയും വാതോരാതെ പറഞ്ഞു. അപ്പോൾത്തന്നെ ആ ഉത്സവസ്റ്റേജിൽ വികാസിനെ കയറ്റിനിർത്തി അവന്റെ അനുഭവം അവർ പങ്കുവയ്പ്പിച്ചു. അവർ ഒന്നടങ്കം യേശുവിനെ പ്രകീർത്തിക്കുകയുംചെയ്തു.

ജലന്തർ സ്വദേശിയായ ഗംഗാറാം മാനസികനില തെറ്റി ആശ്രമത്തിൽ എത്തിപ്പെട്ടു. അദ്ദേഹവും ചികിത്സകൾക്കുശേഷം രോഗം സുഖമായി വീട്ടിൽ വിവരം ധരിപ്പിച്ചു. ഗംഗാറാം മരിച്ചെന്നുകരുതി, മരണാനന്തര ചടങ്ങുകൾപോലും വീട്ടുകാർ നടത്തിയിരുന്നു. ഇദ്ദേഹം തിരിച്ചുവരുന്നു എന്നറിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ കെട്ടിച്ചയച്ച പെൺമക്കളും മറ്റു ബന്ധുക്കളും വീട്ടിലെത്തി. ഇദ്ദേഹത്തെ സ്വീകരിക്കുമ്പോൾ മാധ്യമപ്രവർത്തകരും പൊലീസ് ഉദ്യോഗസ്ഥരും സന്നിഹിതരായിരുന്നു. സ്വീകരണവേളയിൽ ഗംഗാറാമിന്റെ ഭാര്യ പറഞ്ഞു: “യേശുവാണ് എന്റെ ഭർത്താവിനെ രക്ഷിച്ചത്.” ആ ഗ്രാമത്തിൽ ഹിന്ദുമതസ്ഥരാണ് എല്ലാവരും. അവരുടെ പാരമ്പര്യമനുസരിച്ച് ക്രൈസ്തവർക്ക് ഒരു ഗ്ലാസ് വെള്ളംപോലും കൊടുക്കില്ല. അതൊരു ഡിസംബർ മാസം (2014 ഡിസം. 22). പിറ്റേന്ന് പത്രങ്ങളിൽ ഇതേപ്പറ്റി വാർത്ത ഉണ്ടായിരുന്നു. “ഞങ്ങൾക്ക് ക്രിസ്മസ് പപ്പയായ ശുഭ്രവസ്ത്രധാരി (കുറ്റിക്കലച്ചൻ) ക്രിസ്മസ് കേക്കിനുപകരം ഗംഗാറാമിനെ നൽകി.”

ഒറീസയിൽ സുന്ദർഗാർ ജില്ലയിൽ ഒരു ഉയർന്ന പോലിസ് ഓഫീസറുടെ ഭാര്യ. ഭർത്താവിന്റെ മരണശേഷം മക്കൾ ഇല്ലാത്തതുകൊണ്ട് ഭർതൃവീട്ടുകാർ സ്വത്ത് തട്ടിയെടുക്കുന്നതിനുവേണ്ടി ഈ സ്ത്രീയെ നിരന്തരം പീഡിപ്പിച്ചുകൊണ്ടിരുന്നു. പിന്നീടവർ വീട് വിട്ടിറങ്ങി. മൂന്നുവർഷങ്ങൾക്കുശേഷം ഒരു ദിവസം കാഞ്ഞങ്ങാട് തെരുവിൽനിന്ന് മാനസികനില തെറ്റിയ നിലയിൽ നഗ്നയായി കണ്ടുകിട്ടിയപ്പോൾ കാഞ്ഞങ്ങാടുള്ള ആകാശപ്പറവകളുടെ സ്‌നേഹാലയത്തിലെത്തിച്ച് ചികിത്സ നൽകി. ആറുമാസത്തിനുശേഷം സൗഖ്യം കിട്ടി, മേൽവിലാസം വാങ്ങി ഭർത്താവിന്റെ വീട്ടിലെത്തിക്കാതെ അതേ ജില്ലയിൽ തന്നെയുള്ള ഇവരുടെ ഭവനത്തിലെത്തിച്ചു. ഇവരും മരിച്ചുപോയതായി കരുതയ വീട്ടുകാർ പറഞ്ഞു: “നിങ്ങളുടെ ദൈവമാണ് യഥാർഥ ദൈവം.”

ബോംബെയിൽ ട്രെയിനിൽ ഭിക്ഷാടനം നടത്തിയ നാലുവയസ്സുകാരിയെ ആകാശപ്പറവയിലെ ഒരു പ്രേഷിത ജമ്മുവിലെ ഒരു ആശ്രമത്തിലെത്തിച്ച്, മരിയ എന്ന് പേര് നൽകി. ജമ്മുവിലും മറ്റ് വിവിധ ആശ്രമങ്ങളിലും സേവനംചെയ്തതിനുശേഷം കഴിഞ്ഞ വർഷം ജമ്മു ഇടവകയിലെ വികാരിയച്ചനും ഇടവകാംഗങ്ങളും മുൻകൈയെടുത്ത് അവളുടെ വിവാഹം നടത്തി (22 വയസ്). ഇന്നവൾ നല്ലൊരു കുടുംബിനിയാണ്.

ദൈവം അത്ഭുതകരമായി ഇടപെട്ട അനേകം അവസരങ്ങൾ അച്ചന്റെ ജീവകാരുണ്യ പ്രവർത്തനമേഖലയിൽ ഉണ്ടായിട്ടുണ്ട്. 350 പേരുള്ള ആ സെന്ററിൽ 25 കിലോ അരി വയ്ക്കണം. അന്ന് ആകെ ആറുകിലോ അരി മാത്രമേയുള്ളൂ. 25 കിലോ അരി വയ്ക്കുന്ന ചെമ്പിൽ ആറുകിലോ അരി കഴുകിയിട്ടു. അരി തിളച്ചുവെന്തപ്പോൾ ചെമ്പ് നിറഞ്ഞ് കവിഞ്ഞ് കോരിമാറ്റേണ്ട അവസ്ഥയായിരുന്നു. രണ്ടുനേരവും വിളമ്പി ബാക്കിവന്നു. അഞ്ചപ്പവും രണ്ടു മീനും പതിനായിരങ്ങളാക്കി വർധിപ്പിക്കുന്ന കർത്താവ് കൂടെയുണ്ടെന്ന് ബോധ്യപ്പെട്ട അവസരമായിരുന്നു അതെന്ന് ഫാ. ജോർജ് കുറ്റിക്കൽ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.