ശൂന്യമായ കല്ലറയിൽ നിന്നും ശൂന്യമായ ഹൃദയങ്ങളിലേക്ക്

സി. സോണിയ ഡി.സി

ലൂക്ക് ബെസ്സൻ നിർമ്മിച്ച ‘ലൂസി’ എന്ന ഇംഗ്ലീഷ് ചിത്രത്തിലെ നായിക ലൂസിയ, ഒരു മനുഷ്യന് ഒരിക്കലും എത്താൻ പറ്റാത്ത 100 % ബുദ്ധി വികാസത്തിലേക്ക് CPH 4 എന്ന മയക്കുമരുന്ന് കള്ളക്കടത്തുകാർ വയറ്റിൽ ഒളിച്ചതു വഴി എത്തിച്ചേർന്നു. അവൾക്ക് CPH 4 ഇല്ലാതെ കഴിയാൻ പറ്റാതെ വരുകയും, അവസാനഘട്ടത്തിൽ അവളുടെ രൂപത്തിന് തന്നെ മാറ്റം വരാൻ തുടങ്ങുകയും ചെയ്തു. ലോകത്തിൽ ആയിരുന്നതും ആയിരിക്കുന്നതുമായ എല്ലാ അറിവും കണ്ട്, അനുഭവിച്ചറിഞ്ഞ് ആ അറിവ് മുഴുവൻ ഒരു പെൻഡ്രൈവിലൊതുക്കി എന്നേക്കുമായി അപ്രത്യക്ഷയാവുക ആയിരുന്നു. തന്റെ നിലനില്പിന്റെ തെളിവായി അത്യപൂർവ്വ അറിവ് ഉൾക്കൊള്ളുന്ന ഒരു ഉപകരണം മാത്രം ബാക്കിയായി മറഞ്ഞപ്പോൾ വിഷമിച്ചു നില്ക്കുന്ന ലൂസിയയെ സ്നേഹിച്ച പോലീസ് ഇൻസ്പെക്റ്ററിന് അവൾ അരൂപിയായി വന്ന് മന്ത്രിച്ചത് പോലും ഒരു മൊബൈൽ സന്ദേശത്തിലൂടെയാണ്. “എന്തിനാണ് വിഷമിക്കുന്നത്? ഞാൻ എല്ലായിടത്തുമുണ്ട് “.

കർത്താവിന്റെ ശൂന്യമായ കല്ലറക്കരികെ കരയുന്ന മഗ്ദലന മറിയത്തിനും ഇളം കാറ്റുപോലെ വന്ന് കർത്താവ് പറയുന്നത് താൻ ഈ ശൂന്യമായ കല്ലറയിലല്ല എല്ലായിടത്തുമുണ്ട് എന്നായിരുന്നു. കൂടെ നടന്ന്, കൂട്ടുകൂടി, കൂടെ ആയിരിക്കാൻ വിളിക്കപ്പെട്ട ശിഷ്യഗണത്തിന് മേലെ നിശ്വസിച്ച്, മനസ്സിലെ അഴലും, ആശങ്കയും അകറ്റി അന്ന് ദിവ്യനാഥൻ അവസാന മൊഴിയരുളി “ലോകാവസാനം വരെ ഞാൻ നിങ്ങളോട് കൂടി ഉണ്ടായിരിക്കും”(മത്തായി 28:20).

ശൂന്യമായ കല്ലറ ശൂന്യമായ ജീവിതങ്ങൾക്ക് തുല്യം. ശാപത്തിന്റെ ഭാരമേറിയ ഗാഗുൽത്താ മലഞ്ചെരുവിലെ കല്ലറക്ക് പോലും ദിവ്യത പകർന്ന നിമിഷങ്ങളായിരുന്നു യേശുവിനെ അതിൽ സംസ്ക്കരിച്ച നിമിഷങ്ങൾ. പ്രതീക്ഷകൾ ഒക്കെ നശിച്ച്, ജീവിതം തകർന്നു തീർന്നു എന്ന് കരുതുമ്പോഴും ഒരു തുള്ളി പ്രതീക്ഷാകിരണങ്ങൾ ഇല്ലാത്തിടത്തും ഒരു പാട് സ്വപ്നങ്ങളും, നിറങ്ങളും, ആശകളും, പ്രതീക്ഷയും, പ്രകാശവും നിറക്കാൻ തമ്പുരാന് കഴിയും. തന്റെ ദിവ്യസാന്നിദ്ധ്യത്തിലൂടെ…

കുഴിമാടങ്ങളെക്കാൾ നശിച്ചഴുകിയ ഹൃദയങ്ങളുമായി ജീവിക്കുന്നവർ നമുക്കിടയിലുണ്ട്. നിറയെ വെറുപ്പും, വഞ്ചനയും, വൈരാഗ്യവും, വിഷാദവും ഒക്കെ നിറഞ്ഞ ആ ഹൃദയങ്ങളെ തേടിയുള്ള യാത്രയായിരുന്നു പുൽക്കൂട് തൊട്ട് കാൽവരി വരെ അവിടുന്ന് നയിച്ചത്. തന്റെ തിരുമുറിവുകളിൽ നിന്ന് നൊമ്പരങ്ങളാൽ പിടയുന്ന, മുറിവേറ്റ മക്കളിലേക്ക് തന്റെ തിരുരക്തം ഒഴുക്കുകയാണ് രണ്ട് സഹസ്രാബ്ദങ്ങളായി കർത്താവിന്റെ കരുണയുടെ നീരുറവ. അളവില്ലാത്ത അചഞ്ചല സ്നേഹം നിറയുന്ന ശൂന്യമായ ഹൃദയങ്ങൾ കേവലം കല്ലറകളിൽ നിന്നും കോവിലുകളായി പരിണമിക്കുകയാണ്. അപ്പോൾ അവിടെ ഉത്ഥാന മഹാരഹസ്യം പുനരാവിഷ്കരിക്കപ്പെടുകയാണ്.

ദൈവസാന്നിധ്യം ഒരുവനിൽ നിറയുമ്പോൾ ഒരു കാർബൺ വജ്രമായി മാറ്റുന്ന പോലെ കൂടുതൽ വെൺമയാലും വിശുദ്ധിയാലും വിലയേറിയ ജീവിതമായി പരിണമിക്കുകയാണ്.

ഉയിർപ്പുതിരുന്നാൾ മംഗളങ്ങൾ

സി. സോണിയ ചാക്കോ കളപ്പുരയ്ക്കൽ ഡി.സി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.