പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 262 – വി. പോൾ VI (1897-1978)  

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1963 ജൂൺ 21 മുതൽ 1978 ആഗസ്റ്റ് 6 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് വി. പോൾ ആറാമൻ. ഇറ്റലിയിലെ ബ്രേഷ്യ പ്രോവിൻസിലെ കൊൺസേസിയോ ഗ്രാമത്തിൽ എ.ഡി. 1897 സെപ്റ്റംബർ 26-ന് ജൊവാന്നി ബാറ്റിസ്ത മൊന്തീനി ജനിച്ചു. അദ്ദേഹത്തിന്റെ പിതാവ് ജോർജിയോ ഒരു നിയമജ്ഞനും പത്രപ്രവർത്തകനും ഇറ്റാലിയൻ പാർലമെന്റ് അംഗവുമായിരുന്നു. മൊന്തീനിയുടെ മാതാവ് ഗൗദേത്ത അൽഗീസി ഗ്രാമീണ പ്രഭുകുടുംബത്തിലെ അംഗമായിരുന്നു. വീടിനടുത്തുള്ള ബ്രേഷ്യയിലെ ഈശോസഭാ സ്‌കൂളിൽ നിന്നും അദ്ദേഹം പ്രാഥമികപഠനങ്ങൾ പൂർത്തിയാക്കി.

1916- ൽ ഒരു വൈദികനാകുക എന്ന ലക്ഷ്യത്തോടെ അദ്ദേഹം സെമിനാരി പരിശീലനത്തിൽ പ്രവേശിച്ചു. 1920 മെയ് 29- ന് വൈദികപട്ടം സ്വീകരിക്കുകയും തുടർന്ന് പഠനം പൂർത്തിയാക്കി കാനൻ നിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിക്കുകയും ചെയ്തു. പിന്നീട് പൊന്തിഫിക്കൽ എക്ളീസിയാസ്റ്റിക്കൽ അക്കാദമിയിൽ ചേർന്ന് ഗ്രിഗോറിയൻ സർവ്വകലാശാലയിലും ല സാപ്പിയൻസ സർവ്വകലാശാലയിലും പഠനം തുടർന്നു. ഉന്നതപഠനങ്ങൾ വിജയകരമായി പൂർത്തിയാക്കി മൊന്തീനി വത്തിക്കാന്റെ സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽ ജോലിയിൽ പ്രവേശിച്ചു. 1923- ൽ പോളണ്ടിലെ നുൻഷിയേച്ചറിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. പോളണ്ടിലെ ജീവിതത്തെക്കുറിച്ച് മാർപാപ്പ പിന്നീട് പറഞ്ഞത്, ‘അവിടുത്തെ സേവനം പ്രയോജനപ്രദമായിരുന്നെങ്കിലും ആനന്ദപ്രദമായിരുന്നില്ല’ എന്നാണ്.

1931- ൽ മൊന്തീനി റോമൻ കൂരിയായിൽ സേവനത്തിൽ ഇരിക്കുമ്പോൾ തന്നെ പൊന്തിഫിക്കൽ അക്കാദമിയിൽ രാജ്യതന്ത്രജ്ഞരെ പരിശീലിപ്പിക്കുന്ന ജോലിയും ഏറ്റെടുത്തു. മൊന്തീനിയുടെ മാര്‍ഗ്ഗദര്‍ശി ആയിരുന്ന പാചെല്ലി പിയൂസ് പന്ത്രണ്ടാമൻ ആയപ്പോൾ കൂടുതൽ ഉത്തരവാദിത്വങ്ങൾ മൊന്തീനിയിൽ എത്തിച്ചേർന്നു. വത്തിക്കാനിലെ ഉദ്യോഗസ്ഥരുടെ ചുമതലക്കാരൻ എന്ന നിലയിൽ എല്ലാ ദിവസവും രാവിലെ മൊന്തീനി മാർപാപ്പയെ കണ്ടിരുന്നു. രണ്ടാം ലോകമഹായുദ്ധ കാലയളവിൽ മാർപാപ്പക്കു ലഭിച്ചിരുന്ന ആയിരക്കണക്കിന് എഴുത്തുകൾക്ക് മറുപടി അയക്കേണ്ടുന്ന ചുമതലയും മൊന്തീനിക്കായിരുന്നു. മാർപാപ്പയുടെ നിർദ്ദേശമനുസരിച്ച് അദ്ദേഹം തുടങ്ങിയ വിവരശേഖര വിഭാഗത്തിൽ 1939 മുതൽ 1947 വരെ ഒരു കോടിയിലധികം അപേക്ഷകളാണ് വന്നത്. യുദ്ധത്തിൽ നഷ്ടപ്പെട്ടവരെക്കുറിച്ചുള്ള വിവരങ്ങളായിരുന്നു അതിലധികവും. മൊന്തീനി രാഷ്ട്രീയത്തിൽ ഇടപെടുന്നു എന്ന് പറഞ്ഞുകൊണ്ട് അദ്ദേഹത്തെ അക്കാലത്ത് ഏറ്റം കൂടുതൽ വിമർശിച്ചത് മുസോളിനി ആയിരുന്നു.

രണ്ടാം ലോകമഹായുദ്ധ കാലയളവിൽ അനേകം അഭയാർത്ഥികൾക്ക് ആശ്വാസമരുളുന്നതിന് മൊന്തീനിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം രാപ്പകൽ അദ്ധ്വാനിച്ചു. റോമിൽ മാത്രം ഇരുപതു ലക്ഷം സൗജന്യ ഭക്ഷണപ്പൊതികളാണ് ഒരു വർഷം ഇവർ വിതരണം ചെയ്തത്. കാസ്തൽ ഗണ്ടോൽഫോയിലുള്ള മാർപാപ്പയുടെ വേനൽക്കാലവസതിയിൽ മാത്രം പതിനയ്യായിരം അഭയാർത്ഥികളെ വസിപ്പിച്ചു. റോമിലെ ജോലി വിജയകരമായി നിർവ്വഹിക്കുന്ന സമയത്ത് എ.ഡി. 1954- ൽ മാർപാപ്പ മോന്തീനിയെ മിലാനിലെ ആർച്ചുബിഷപ്പായി നിയമിച്ചു. പുതിയ ആർച്ചുബിഷപ്പിനെ പ്രഖ്യാപിച്ചുകൊണ്ട് മാർപാപ്പ പറഞ്ഞത് മിലാൻ ജനതയ്ക്കുള്ള തന്റെ വ്യക്തിപരമായ സമ്മാനമാണ് ഇതെന്നാണ്. ഈറണിഞ്ഞ നയനങ്ങളോടെയാണ് മാർപാപ്പയും മൊന്തീനിയും വേർപിരിഞ്ഞത് എന്നാണ് അതിന് സാക്ഷികളായവർ രേഖപ്പെടുത്തിയിരിക്കുന്നത്.

മിലാനിലെ ആർച്ചുബിഷപ്പ് എന്ന നിലയിൽ ആ പ്രദേശത്തെ സാധാരണക്കാരുടെ ജീവിതനിലവാരം ഉയർത്തുന്നതിനായി അദ്ദേഹം അക്ഷീണം പരിശ്രമിച്ചിച്ചു. ആർച്ചുബിഷപ്പ് മൊന്തീനി ഏതാണ്ട് നൂറോളം പുതിയ ദേവാലയങ്ങളുടെ നിർമ്മാണത്തിന് തുടക്കം കുറിച്ചു. പിയൂസ് പന്ത്രണ്ടാമൻ മാർപാപ്പ 1952- ൽ കർദ്ദിനാളന്മാരോട് വെളിപ്പെടുത്തിയത്, സ്റ്റേറ്റ് സെക്രട്ടറി വിഭാഗത്തിൽ ജോലി ചെയ്യുന്ന സമയത്ത് കർദ്ദിനാളാകാനുള്ള തന്റെ ക്ഷണം മൊന്തീനി നിരസിച്ചു എന്നാണ്. പിന്നീട് അദ്ദേഹം മിലാനിലായിരിക്കുന്ന സമയത്ത് 1958- ൽ ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയാണ് മൊന്തീനിയെ കർദിനാളാക്കിയത്.

മിലാനിലെ ജനങ്ങളെ വിശ്വാസത്തിൽ ഉറപ്പിച്ചുനിർത്തുന്നതിന് ധാരാളം പുതിയ പദ്ധതികൾ അദ്ദേഹം ആവിഷ്ക്കരിച്ചു. 1957 നവംബർ 10 മുതൽ 24 വരെ അഞ്ഞൂറ് വൈദികരും ബിഷപ്പുമാരും കർദ്ദിനാളന്മാരും വിശ്വാസപ്രമുഖരും രൂപതയിലുടനീളം ഏഴായിരം പ്രസംഗങ്ങൾ നടത്തി. ദേവാലയങ്ങൾ കൂടാതെ സ്കൂളുകൾ, തെരുവീഥികൾ, ആശുപത്രികൾ, ഭവനങ്ങൾ അങ്ങനെ ആളുകൾ ഒരുമിച്ചുകൂടുന്ന എല്ലാ സ്ഥലങ്ങളിലും വിശ്വാസസംബന്ധമായ വിഷയങ്ങളിൽ ചർച്ച നടന്നു.  ഇത്തരം അജപാലനരീതികൾ മിലാൻ രൂപതയുടെ ആത്മീയവളർച്ചക്ക് വളരെയധികം സഹായകമായിത്തീർന്നു. തന്റെ ഇക്കാലത്തെ തിരക്കു പിടിച്ച ജോലിക്കാലയളവിലും കർദ്ദിനാൾ മൊന്തീനി ആഫ്രിക്കൻ മിഷനുകൾ സന്ദർശിച്ചു. അങ്ങനെ ഘാന, സുഡാൻ, കെനിയ, കോംഗോ, റൊഡേഷ്യ, സൗത്ത് ആഫ്രിക്ക, നൈജീരിയ തുടങ്ങിയ രാജ്യങ്ങൾ അദ്ദേഹം സന്ദർശിക്കുകയും മിഷൻ പ്രവർത്തനങ്ങൾക്ക് സഹായങ്ങൾ ചെയ്തുകൊടുക്കുകയും ചെയ്തു. അതുപോലെ ബ്രസീലിലെയും അമേരിക്കയിലെയും വിവിധ സ്ഥലങ്ങളും അദ്ദേഹം വിവിധ ദൗത്യങ്ങളുമായി സന്ദർശിച്ചു.

രണ്ടാം വത്തിക്കാൻ കൗൺസിൽ ശക്തമായി തുടരുന്നതിനു കഴിവുള്ള ഒരു നേതൃത്വത്തിനായുള്ള കർദ്ദിനാളന്മാരുടെ അന്വേഷണമാണ് കർദ്ദിനാൾ മൊന്തീനിയിൽ എത്തിച്ചേർന്നതെന്ന് വിലയിരുത്തപ്പെടുന്നു. 1963 ജൂൺ 21- ന് കർദ്ദിനാൾ മൊന്തീനി ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. വി. പൗലോസ് അപ്പോസ്തോലന്റെ മിഷൻ തീക്ഷ്ണതയോടുള്ള ആദരവാണ് പോൾ എന്ന നാമം സ്വീകരിക്കുന്നതിന് അദ്ദേഹത്തിന് പ്രചോദനം നല്കിയത്. മാർപാപ്പമാരുടെ സ്ഥാനാരോഹണവുമായി ബന്ധപ്പെട്ട നിലവിലുള്ള പല ആചാരങ്ങളും പോൾ ആറാമൻ നിർത്തലാക്കി. മിലാൻ രൂപത അദ്ദേഹത്തിന് നൽകിയ പേപ്പൽ കിരീടം രണ്ടാം വത്തിക്കാൻ കൗൺസിലിന്റെ രണ്ടാം സെഷന്റെ അവസാനത്തിൽ പത്രോസിന്റെ ബസിലിക്കയിൽ അൾത്താരയിൽ വയ്ക്കുകയും അത് വിറ്റു കിട്ടുന്ന പണം കാരുണ്യപ്രവർത്തനങ്ങൾക്കായി ഉപയോഗിക്കുമെന്ന് മാർപാപ്പ പ്രഖ്യാപിക്കുകയും ചെയ്തു. അത് അമേരിക്കക്കാർ വാങ്ങുകയും വാഷിംഗ്ടണിലെ ബസിലിക്കയിൽ അത് ഇന്ന് സൂക്ഷിക്കുകയും ചെയ്തിരിക്കുന്നു.

സഭാനിയമം അനുസരിച്ച് മാർപാപ്പയുടെ മരണത്തോടെ നിലവിലുള്ള സൂനഹദോസുകൾ ഇല്ലാതാകുന്നു. രണ്ടാം വത്തിക്കാൻ കൗൺസിൽ വീണ്ടും വിളിച്ചുകൂട്ടി അത് സഭയിലെ നിർണ്ണായക കൗൺസിലായി പരിവർത്തനപ്പെടുത്തിയത് പോൾ ആറാമൻ മാർപാപ്പയാണ്. എന്നാൽ ഈ മാറ്റങ്ങൾക്ക് എതിരായി സഭയിൽ വലുതായ അഭിപ്രായവ്യത്യാസങ്ങൾ ഉടലെടുക്കുകയും മാർപാപ്പ തന്നെ കൗൺസിലിന്റെ നടത്തിപ്പിനായി പുതിയ മാർഗ്ഗനിർദേശങ്ങൾ നടപ്പാക്കുകയും ചെയ്തു. പോൾ ആറാമൻ മാർപാപ്പയുടെ നേതൃത്വം രണ്ടാം വത്തിക്കാൻ കൗൺസിലിന് പുതിയ ദിശാബോധം നല്കുകയും ആധുനിക സഭാചരിത്രത്തിലെ ഏറ്റം വലിയ സംഭവമായി കൗൺസിൽ മാറുകയും ചെയ്തു.

1963 സെപ്റ്റംബർ 29- ന് രണ്ടാം വത്തിക്കാൻ കൗൺസിൽ വീണ്ടും ചേരുന്നതാണെന്ന് വത്തിക്കാൻ റേഡിയോയിലൂടെ മാർപാപ്പ പ്രഖ്യാപിച്ചു. പ്രധാനമായും നാല് ലക്ഷ്യങ്ങളിൽ ഊന്നിയായിരിക്കണം കൗൺസിൽ മുന്നോട്ട് പോകേണ്ടതെന്ന് തന്റെ ആമുഖപ്രസംഗത്തിൽ മാർപാപ്പ പറഞ്ഞു. കത്തോലിക്കാ സഭയെക്കുറിച്ചുള്ള ഒരു പുതിയ തിരിച്ചറിവ്, സഭയുടെ നവീകരണം, ക്രിസ്തീയസഭകളുടെ ഐക്യം, ആധുനിക ലോകവുമായുള്ള സംഭാഷണം എന്നിവയായിരുന്നു മാർപാപ്പ അവതരിപ്പിച്ച പ്രധാന വിഷയങ്ങൾ. പുതിയ പ്രബോധനങ്ങൾ അവതരിപ്പിക്കുക എന്നതിനേക്കാൾ സഭയുടെ ചിന്തകൾ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ അവതരിപ്പിക്കുന്നതിനാണ് ശ്രദ്ധിക്കേണ്ടത് എന്ന് മാർപാപ്പ പറഞ്ഞു. മറ്റു സഭകളുടെ പ്രതിനിധികളെ മാർപാപ്പ സ്വാഗതം ചെയ്യുകയും ക്രിസ്തുവിന്റെ മൗതീകശരീരത്തിന്റെ വിഭജനത്തിൽ കത്തോലിക്കാ സഭയുടെ ചെയ്തികൾക്ക് മാപ്പപേക്ഷിക്കുകയും ചെയ്തു. പല ബിഷപ്പുമാർക്കും അവരുടെ രാജ്യത്തിന്റെ എതിർപ്പുകൾ കാരണം കൗൺസിലിൽ സംബന്ധിക്കാൻ സാധിക്കാത്തതിലുള്ള ദുഃഖവും മാർപാപ്പ പ്രകടിപ്പിച്ചു.

കൗൺസിലിന്റെ മൂന്നും നാലും സെഷനുകളിൽ മാർപാപ്പ റോമൻ കൂരിയ നവീകരണത്തെക്കുറിച്ചും സഭാനിയമത്തിന്റെ ആധുനികവത്കരണത്തെക്കുറിച്ചും കൃത്രിമ ജനനനിയന്ത്രണത്തെക്കുറിച്ചും സംസാരിച്ചു. കൗൺസിലിന്റെ അവസാന സെഷനുകളിൽ പീഡനമനുഭവിക്കുന്ന സഭയിലെ ബിഷപ്പുമാരോട് ചേർന്ന് മാർപാപ്പ വിശുദ്ധ ബലിയർപ്പിച്ചു. വത്തിക്കാൻ കൗൺസിൽ സമാപിക്കുന്നത് 1965 ഡിസംബർ 8-ന് മാതാവിന്റെ അമലോത്ഭവ തിരുനാളിലാണ്. പോൾ ആറാമൻ മാർപാപ്പ വത്തിക്കാൻ കൗൺസിലിന്റെ പ്രധാന ആശയമായി അവതരിപ്പിക്കുന്നത് വിശ്വാസികളുടെയെല്ലാം വിശുദ്ധിയിലേക്കുള്ള സാർവ്വത്രികവിളി എന്നതാണ്. വത്തിക്കാൻ കൗൺസിലിൽ പ്രകടമായ ഐക്യവും കൂട്ടായ തീരുമാനം എടുക്കുന്ന ശൈലിയും തുടരുന്നതിനു വേണ്ടി പോൾ ആറാമൻ മാർപാപ്പ 1965 സെപ്റ്റംബർ 14- ന് ബിഷപ്പുമാരുടെ സിനഡിനെ ഒരു സ്ഥിരം സംവിധാനമായി പ്രഖ്യാപിച്ചു. ഈ സംവിധാനം വളരെ ശക്തിമത്തായി ഇന്നും സഭയിൽ തുടരുന്നു.

ബിഷപ്പുമാർ എഴുപത്തിയഞ്ചാമത്തെ വയസ്സിൽ മാർപാപ്പക്ക് ഔദ്യോഗികമായി രാജി സമർപ്പിക്കണമെന്ന പാരമ്പര്യം ആരംഭിക്കുന്നത് പോൾ ആറാമൻ മാർപാപ്പയാണ്. പിന്നീട് ഇത് കാനൻ നിയമത്തിന്റെ ഭാഗമായിത്തീരുകയും ചെയ്തു. കർദ്ദിനാളന്മാർ തങ്ങളുടെ എല്ലാ ഉത്തരവാദിത്വങ്ങളും എൺപതാമത്തെ വയസ്സിൽ ഒഴിയണമെന്നും മാർപാപ്പ ആവശ്യപ്പെട്ടു. ഈ ഉത്തരവു വഴി റോമൻ കൂരിയായിലെ വിവിധ തസ്തികകളിൽ ചെറുപ്പക്കാരെ നിയമിക്കുന്നതിനും മാർപാപ്പക്കു സാധിച്ചു. പിന്നീട് എൺപത് വയസ് പൂർത്തിയാകുമ്പോൾ മാർപാപ്പ തിരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ സാധിക്കില്ല എന്ന നിയമവും നടപ്പിൽ വരുത്തി.

പോൾ ആറാമൻ മാർപാപ്പയുടെ ഭരണകാലത്തു നടപ്പാക്കിയ ഏറ്റം വലിയ നവീകരണം ആരാധനക്രമ മേഖലയിലാണ്. കൗൺസിലിന് മുൻപു തന്നെ ആരാധന പ്രാദേശികഭാഷകളിലേക്ക് മാറിത്തുടങ്ങിയിരുന്നു. കൗൺസിലിനു ശേഷവും ലത്തീൻ സഭയിൽ ആരാധനക്രമത്തിൽ വലിയ മാറ്റങ്ങൾ വന്നു. എന്നാൽ ലിറ്റർജി മാറ്റവുമായി ബന്ധപ്പെട്ട് ധാരാളം എതിർപ്പുകളും മാർപാപ്പക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതിൽ എടുത്തുപറയേണ്ടത്, ഫ്രഞ്ച് ആർച്ചുബിഷപ്പ് മൈക്കിൾ ലഫെബ്രയുടെ നേതൃത്വത്തിൽ പിരിഞ്ഞുപോയ ഒരു വിഭാഗം കത്തോലിക്കരുടേതായിരുന്നു.

മനുഷ്യകുലത്തോടുള്ള സംഭാഷണം പോൾ ആറാമൻ മാർപാപ്പയെ സംബന്ധിച്ച് വളരെ പ്രാധാന്യമർഹിക്കുന്ന കാര്യമാണ്. എല്ലാവരും സമന്മാരാണെന്നുള്ള തത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം ഇത്തരം സംഭാഷണങ്ങൾ നടത്തപ്പെടേണ്ടത്. ഈ ലോകത്തിൽ എല്ലാവരും തന്നെ ഒരുപോലെ സത്യാന്വേഷകരാണ്. ഇത്തരം പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനായി 1964- ൽ മതാന്തര സംവാദത്തിനുള്ള കൗൺസിൽ മാർപാപ്പ സ്ഥാപിച്ചു. ജനുവരി ഒന്ന് സമാധാന ദിനമായി കൊണ്ടാടണമെന്നും മാർപാപ്പ കല്പിച്ചു. കമ്മ്യൂണിസത്തിന്റെ ഇരുമ്പറയ്ക്കുള്ളിൽ കഴിഞ്ഞിരുന്ന ക്രൈസ്തവരെ സഹായിക്കുക എന്ന ലക്ഷ്യത്തോടെ അവിടുത്തെ ഭരണാധികാരികളുമായി മാർപാപ്പ ചർച്ച നടത്തി. ഹംഗറി, പോളണ്ട്, റൊമേനിയ തുടങ്ങിയ രാജ്യങ്ങളിലെ ജനങ്ങൾക്ക് ഇത് ആശ്വാസമായി ഭവിച്ചു.

ആറു ഭൂഖണ്‌ഡങ്ങൾ സന്ദർശിച്ച ആദ്യത്തെ മാർപാപ്പയാണ് പോൾ ആറാമൻ. അതിൽ എടുത്തു പറയേണ്ടതാണ് 1964- ൽ ഇന്ത്യയിലെ മുബൈയിൽ നടന്ന അന്താരാഷ്ട്ര ദിവ്യകാരുണ്യ കോൺഗ്രസിൽ മാർപാപ്പ സംബന്ധിച്ചത്. ഒരു മാർപാപ്പ, ചരിത്രത്തിൽ ആദ്യമായി ഇന്ത്യയിൽ കാലു കുത്തിയത് പോൾ ആറാമൻ മാർപാപ്പയിലൂടെയാണ്. 1970 നവംബർ 27- ന് ഫിലിപ്പീൻസ് സന്ദർശിച്ച വേളയിൽ മനിലയിലെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വച്ച് മാർപാപ്പക്കെതിരെയുണ്ടായ വധശ്രമത്തെ അദ്ദേഹം അതിജീവിച്ചു. 1965 ഒക്ടോബറിൽ ന്യൂയോർക്കിൽ ഐക്യരാഷ്ട്രസഭയെ അഭിസംബോധന ചെയ്തുകൊണ്ട് മാർപാപ്പ സംസാരിച്ചു. എന്നാൽ പോളണ്ട് സന്ദർശിക്കാനുള്ള അദ്ദേഹത്തിന്റെ ആവശ്യം രണ്ട്‌ പ്രവശ്യം അവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണാധികാരികൾ നിരസിക്കുകയും ചെയ്തു.

വലിയ മരിയഭക്തനായിരുന്ന പോൾ ആറാമൻ മാർപാപ്പ മരിയ പ്രബോധനങ്ങൾക്ക് പുതിയ നിർവചനങ്ങൾ നൽകി. ക്രിസ്തീയപരിപൂർണ്ണതയുടെ രൂപമായിട്ടാണ്  മാർപാപ്പ മറിയത്തെ അവതരിപ്പിച്ചത്. എക്യൂമെനിക്കൽ വേദികളിൽ പോലും സ്വീകാര്യമായ ചിന്തയായിരുന്നു ഇത്. സുവിശേഷചൈതന്യം ജീവിക്കുന്നതിന്റെ ഭാഗമായിത്തന്നെ മരിയഭക്തിയെ മാർപാപ്പ കണക്കാക്കി. 1967 മാർച്ച് 26- ന് മാർപാപ്പ പ്രസിദ്ധീകരിച്ച “പോപുലോരും പ്രോഗ്രസ്സിയോ” എന്ന ചാക്രികലേഖനത്തിൽ ലോകസാമ്പത്തിക വ്യവസ്ഥിതി മനുഷ്യകുലത്തിന്റെ മുഴുവൻ നന്മക്കായി ഉപയോഗിക്കുകയാണ് വേണ്ടതെന്ന് മാർപാപ്പ പറഞ്ഞു. സമ്പത്ത് ഉപയോഗപ്പെടുത്തുന്നത് ചിലരുടെ മാത്രം ആവശ്യനിവർത്തീകരണത്തിനു മാത്രമായിരിക്കരുതെന്നും മാർപാപ്പ എഴുതി.

പൗരോഹിത്യ ബ്രഹ്മചര്യം പ്രധാന പ്രമേയമായി ചർച്ച ചെയ്യുന്ന ചാക്രികലേഖനമാണ് 1967 ജൂൺ 24- നു പുറത്തിറക്കിയ “സാച്ചർദോത്താലിസ് ചെലിബാത്തൂസ്.” വത്തിക്കാൻ കൗൺസിൽ വരുത്തിയ നിരവധിയായ മാറ്റങ്ങളുടെ കൂട്ടത്തിൽ ഈ വ്യവസ്ഥിതിയും (discipline) എടുത്തുകളയുമെന്ന പൊതുസമൂഹത്തിന്റെ ചിന്തയുടെ അടിസ്ഥാനത്തിലാണ് മാർപാപ്പ ഇത്തരം ഒരു പ്രബോധനരേഖ പുറത്തിറക്കുന്നത്. സഭയുടെ ഈ വിഷയത്തിലുള്ള പരമ്പരാഗത പഠനങ്ങളെ അടിവരയിട്ടു കൊണ്ട് ദൈവാരാജ്യത്തെ ഈ ലോകത്തിൽ പ്രതിനിധീകരിക്കുന്നതിനുള്ള വലിയ മാർഗ്ഗമായിട്ടാണ് മാർപാപ്പ ബ്രഹ്മചര്യത്തെ അവതരിപ്പിക്കുന്നത്. എന്നാൽ പോൾ ആറാമൻ മാർപാപ്പയുടെ സമയത്ത് പൗരോഹിത്യം ഉപേക്ഷിച്ചു പോകുന്നവർക്ക് അത്മായരായി ജീവിക്കുന്നതിനുള്ള ഇളവ് (dispensation) നൽകുന്നതിന് രൂപതാബിഷപ്പിന് അനുവാദമുണ്ടായിരുന്നു. പിന്നീട് ജോൺപോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് ഈ അനുവാദം നൽകുന്നതിന് മാർപാപ്പക്കു മാത്രമേ സാധിക്കുള്ളൂ എന്ന നിയമം നിലവിൽ വന്നു.

പോൾ ആറാമൻ മാർപാപ്പയുടെ ഏറ്റവുമധികം ചർച്ച ചെയ്യപ്പെട്ട ചാക്രികലേഖനം 1968 ജൂലൈ 25- ന് പ്രസിദ്ധീകരിച്ച “ഹുമാനെ വീത്തെ” ആണ്. വിവാഹത്തെക്കുറിച്ചും, ജനനനിയന്ത്രണത്തെക്കുറിച്ചും മറ്റുമുള്ള കത്തോലിക്കാ സഭയുടെ ആശയങ്ങൾ കൃത്യമായി ചർച്ച ചെയ്യുന്ന ഒരു പ്രബോധനരേഖയാണിത്. ശാസ്ത്രീയമായ പഠനവും സഭയുടെ പരമ്പരാഗതമായ പ്രബോധനങ്ങളെയും അടിസ്ഥാനപ്പെടുത്തി തയ്യാറാക്കിയ ഡോക്യുമെന്റാണ് ഇത്. വിവാഹം രണ്ടു വ്യക്തികൾ തമ്മിലുള്ള ബന്ധം എന്നതിനേക്കാൾ അവരെ കൂദാശപരമായി യോജിപ്പിക്കുന്ന ദൈവീകഘടകം വളരെ പ്രധാനപ്പെട്ടതാണെന്ന് മാർപാപ്പ ചൂണ്ടിക്കാട്ടി. ദൈവത്തോടൊത്ത് ഭാര്യാഭർത്താക്കന്മാർ ജീവന്റെ പരിപാലനത്തിനു സഹകരിക്കുന്ന ഏറ്റവും വലിയ വേദിയാണ് വിവാഹം. വിവാഹത്തിൽ പ്രകടമാകുന്ന രണ്ടു വ്യക്തികളുടെ സ്നേഹം, സ്നേഹമാകുന്ന ദൈവത്തിന്റെ ലോകത്തിലെ ജീവിക്കുന്ന പ്രതീകങ്ങൾ കൂടിയാണ്. എന്നാൽ കൃത്രിമ ജനനനിയന്ത്രണ ഉപാധികൾ ഉപയോഗിക്കുന്നതിനെ വിലക്കിയത് അനുകൂലിച്ചും പ്രതികൂലിച്ചും ധരാളം പ്രതികരണങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുണ്ടായി.

പോൾ ആറാമൻ മാർപാപ്പയുടെ ഭരണകാലത്ത് മറ്റു സഭയുമായുള്ള ബന്ധം വളരെയധികം മെച്ചപ്പെട്ടു. ഓർത്തോഡക്‌സ് സഭകളെ സഹോദരീസഭകൾ എന്നാണ് മാർപാപ്പ വിശേഷിപ്പിച്ചിരുന്നത്. എ.ഡി. 1054- ലെ പാശ്ചാത്യ-പൗരസ്ത്യ ശീശ്മ്മക്കു ശേഷം പരസ്പരം ഉണ്ടായിരുന്ന വിലക്കുകൾ എടുത്തുകളഞ്ഞു അത്തനാഗോറസ് പാത്രിയർക്കീസുമായി മാർപാപ്പ കൂടിക്കണ്ടത് ആധുനിക ക്രിസ്തീയചരിത്രത്തിലെ നിർണ്ണായക സംഭവമാണ്. മാക്സിമില്യൻ കോൾബെ ഉൾപ്പെടെ മുപ്പത്തിയെട്ട് പേരെ വാഴ്ത്തപ്പെട്ടവരായും എൺപത്തിനാലു പേരെ വിശുദ്ധരായും മാർപാപ്പ പ്രഖ്യാപിച്ചു. കൂടാതെ, ആവിലായിലെ അമ്മത്രേസ്യയെയും സിയന്നായിലെ കാതറീനെയും സഭയിലെ വേദപാരംഗതന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തി. ജോൺപോൾ ഒന്നാമൻ, ജോൺപോൾ രണ്ടാമൻ, ബെനഡിക്റ്റ് പതിനാറാമൻ മാർപാപ്പമാർ ഉൾപ്പെടെ 143 പേരെ പോൾ ആറാമൻ മാർപാപ്പ കർദ്ദിനാളന്മാരുടെ ഗണത്തിൽ ചേർക്കുകയും ചെയ്തു.

മാർപാപ്പയുടെ ജീവിതത്തിലെ ഏറ്റവും ദുഃഖകരമായ സംഭവമായി വിശേഷിക്കപ്പെടുന്നത്, ഇറ്റലിയുടെ മുൻപ്രധാനമന്ത്രിയും മാർപാപ്പയുടെ സുഹൃത്തുമായിരുന്ന അൽദോ മോറോയുടെ കൊലപാതകമാണ്. “റെഡ് ബ്രിഗേഡ്” എന്ന ഇടതുപക്ഷ ചിന്താഗതിയുള്ള ഒരു ഭീകരസംഘടന അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയി മോചദ്രവ്യവും മറ്റു ആവശ്യങ്ങളും ഉന്നയിക്കുകയും 55 ദിവസങ്ങള്‍ക്കു ശേഷം വെടിവച്ചു കൊലപ്പെടുത്തുകയും ചെയ്തു. മാർപാപ്പ അദ്ദേഹത്തിന്റെ മോചനത്തിനു വേണ്ടി ഇടപെടുകയും അൽദോയ്ക്ക് പകരം തന്നെ വിട്ടുതരാനും തയ്യാറാണെന്ന് ഭീകരരോട് പറഞ്ഞെങ്കിലും ഒന്നും ഫലം ചെയ്തില്ല.

മരിക്കുന്നതിന് മുൻപ് ഏതാനും ആഴ്ചകളോളം മാർപാപ്പ രോഗബാധിതനായിരുന്നു. 1978 ആഗസ്റ്റ് 6- ന് മാർപാപ്പയുടെ വേനൽക്കാലവസതിയായ കാസ്തൽ ഗണ്ടോൽഫോയിൽ ആയിരിക്കുന്ന സമയത്ത് അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും അതേ തുടർന്ന് കാലം ചെയ്യുകയും ചെയ്തു. പോൾ ആറാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. 2014- ൽ ഫ്രാൻസിസ് മാർപാപ്പ പോൾ ആറാമനെ വാഴ്ത്തപ്പെട്ടവനായും 1018 ഒക്ടോബർ 14- ന് വിശുദ്ധനായും പ്രഖ്യാപിച്ചു. മാർപാപ്പയുടെ പൗരോഹിത്യസ്വീകരണ ദിവസമായ മെയ് 29- ന് വി. പോൾ ആറാമന്റെ തിരുനാൾ സഭ ആഘോഷിക്കുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ 

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.