പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 252 – ലിയോ XII (1760-1829)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1823 സെപ്റ്റംബർ 28 മുതൽ 1829 ഫെബ്രുവരി 10 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ലിയോ പന്ത്രണ്ടാമൻ. ഇറ്റലിയിലെ അങ്കോണയ്ക്കടുത്തുള്ള ഫാബ്രിയാനൊ പട്ടണത്തിലാണ് എ.ഡി. 1760 ആഗസ്റ്റ് 2 -ന് ഇലാരിയോ – മരിയ ദമ്പതികളുടെ മകനായി ആനിബാലെ ഫ്രാഞ്ചെസ്‌കോ ദെല്ല ഗഞ്ച ജനിച്ചത്. അദ്ദേഹം ഓസിമോയിലെ കോളേജിയോ കംപാനയിൽ ദൈവശാസ്ത്രം പഠിക്കുകയും തുടർന്ന് റോമിലെ പൊന്തിഫിക്കൽ അക്കാദമിയിൽ നിന്ന് ഉന്നത ബിരുദം സമ്പാദിക്കുകയും ചെയ്തു. കർദ്ദിനാൾ മർക്കന്തോണിയോ എ.ഡി. 1783 ജൂൺ 14 -ന് ആനിബാലെയെ ഒരു വൈദികനായി അഭിഷേകം ചെയ്തു. സ്വിറ്റ്സർലന്റിലെ നുൺഷിയോ ആയി കുറേക്കാലം സേവനമനുഷ്ഠിച്ച ആനിബാലെയെ പിയൂസ് ആറാമൻ മാർപാപ്പ വി. പത്രോസിന്റെ ബസിലിക്കയിലെ കാനൻ ആയി നിയമിച്ചു.

എ.ഡി. 1793 ടയിർ സ്ഥാനീയ രൂപതയുടെ ആർച്ചുബിഷപ്പായി വാഴിക്കുകയും അടുത്ത വർഷം കോളോണിലെ നുൺഷിയോ ആക്കുകയും ചെയ്തു. ഈ സമയത്ത് ഇറ്റലിയിലെ തന്റെ അമ്മയുടെ കല്ലറക്കു സമീപം അടക്കപ്പെടുന്നതിന് ആർച്ചുബിഷപ്പ് ആനിബാലെ തനിക്കായി ഒരു കല്ലറ നിർമ്മിച്ചു. ജർമ്മനിയിൽ പന്ത്രണ്ടു വർഷത്തിലധികം സേവനമനുഷ്ഠിച്ച ആനിബാലെക്ക് അവിടെ വിശാലമായ ബന്ധങ്ങളുണ്ടായിരുന്നു. എ.ഡി. 1816 -ൽ ട്രസ്തേവരയിലെ സാന്ത മരിയ ദേവാലയത്തിലെ കർദ്ദിനാളായി ഉയർത്തി അദ്ദേഹത്തെ മരിയ മജോറെ ദേവാലയത്തിലെ ആർച്ചുപ്രീസ്റ്റായി നിയമിച്ചു. പിയൂസ് ഏഴാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ട ആനിബാലെ ലിയോ പന്ത്രണ്ടാമൻ എന്ന നാമം സ്വീകരിച്ചു. രോഗിയും മരണാസന്നനുമായ തന്നെ തിരഞ്ഞെടുക്കരുതെന്ന അദ്ദേഹത്തിന്റെ അഭ്യർത്ഥന കർദ്ദിനാളന്മാർ അവഗണിച്ചു.

ലളിതജീവിതക്കാരനായിരുന്ന മാർപാപ്പ പേപ്പൽ സ്റ്റേറ്റിലെ നികുതി കുറക്കുകയും ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ നീതി നടപ്പാക്കുകയും ചെയ്തു. വിദ്യാഭ്യാസമേഖല ഈശോസഭക്കാരുടെ നേതൃത്വത്തിൽ നവീകരിക്കുകയും ലത്തീൻ ഭാഷാ പഠനം പല മേഖലകളിലും നിർബന്ധമാക്കുകയും ചെയ്തു. ജനങ്ങളുടെ വ്യക്തി-പൊതുജീവിതത്തിൽ ഇടപെടുന്ന നിരവധി നിയമങ്ങൾ നടപ്പിലാക്കിയത് വലിയ എതിർപ്പ് ക്ഷണിച്ചുവരുത്തി. ബെനഡിക്റ്റീൻ സന്യാസിയും ദൈവശാസ്ത്രജ്ഞനുമായ പീറ്റർ ഡാമിയനെ മാർപാപ്പ 1828 സെപ്റ്റംബർ 27 -ന് വിശുദ്ധനായും വേദപാരംഗതനായും പ്രഖ്യാപിച്ചു. മാർപാപ്പ തന്റെ ഉപദേശകനായി നിയമിച്ച പാഷനിസ്റ്റ് ബിഷപ്പായിരുന്ന (വി.) വിഞ്ചെൻസൊ ശ്ത്രാമ്പി, മാർപാപ്പ മരണാസന്നനായപ്പോൾ, രോഗിയായ തന്റെ ജീവനെടുത്തുകൊണ്ട് മാർപാപ്പക്ക് സൗഖ്യം നൽകണമെന്നു പ്രാർത്ഥിക്കുകയും അപ്രകാരം സംഭവിക്കുകയും ചെയ്തു. പിന്നീട് 1829 ഫെബ്രുവരി 10 -ന് കാലം ചെയ്ത മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.