പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 237 – അലക്‌സാണ്ടർ VII (1599-1667)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1655 ഏപ്രിൽ 7 മുതൽ 1667 മെയ് 22 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് അലക്‌സാണ്ടർ ഏഴാമൻ. ഇറ്റലിയിലെ സിയന്നാ പട്ടണത്തിൽ പ്രസിദ്ധ ചിഗി കുടുംബത്തിൽ 1599 ഫെബ്രുവരി 13 -ന് ഫാബിയോ ജനിച്ചു. സിയെന്ന സർവ്വകലാശാലയിൽ നിന്നും തത്വശാസ്ത്രത്തിലും നിയമത്തിലും ദൈവശാസ്ത്രത്തിലും ഡോക്ടർ ബിരുദം സമ്പാദിച്ചു. പോൾ അഞ്ചാമൻ മാർപാപ്പ ഇദ്ദേഹത്തിന്റെ അടുത്ത ബന്ധുവായിരുന്നു. എ.ഡി. 1627 -ൽ ഫെറാറയിലെ വൈസ് പേപ്പൽ പ്രതിനിധി ആയിരിക്കുന്ന സമയത്താണ് മാൾട്ടയിൽ മതവിചാരണ കോടതിയുടെ ചുമതലക്കാരനായി നിയമിക്കപെട്ടത്. പിന്നീട് അദ്ദേഹത്തെ നാർഡോ രൂപതയുടെ മെത്രാനായി നിയമിക്കുന്നു. കോളോണിലെ പേപ്പൽ നുൺഷിയോ ആയിരിക്കുന്ന സമയത്താണ് ഡച്ച് ബിഷപ്പും ജാൻസനിസം പാഷണ്ഡതയുടെ ആരംഭകനുമായ കൊർണേലിയോസ് ജാൻസനെ സഭയിൽ നിന്നും പുറത്താക്കുന്നത്.

ഇന്നസെന്റ് പത്താമൻ മാർപാപ്പ ഫാബിയോയെ റോമിലേക്ക് തിരികെ വിളിച്ച് തന്റെ സ്റ്റേറ്റ് സെക്രട്ടറി ആയി നിയമിക്കുകയും സാന്ത മരിയ ദൽ പോപ്പൊളോയിലെ കർദ്ദിനാളായി ഉയർത്തുകയും ചെയ്തു. ഇന്നസെന്റ് മാർപാപ്പ കാലം ചെയ്തപ്പോൾ പിൻഗാമിയെ തിരഞ്ഞെടുക്കാൻ കൂടിയ കോൺക്ലേവ് ഏകദേശം എൺപതു ദിവസത്തോളം നീണ്ടുനിന്നു. എ.ഡി. 1655 -ൽ കർദ്ദിനാൾ ഫാബിയോ തിരഞ്ഞെടുക്കപ്പെടുകയും അദ്ദേഹം അലക്‌സാണ്ടർ എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. ചൈനയിൽ അവിടുത്തെ സംസ്കാരത്തോട് ചേർന്നുപോകുന്ന “ചൈനീസ് റീത്ത്” അനുധാവനം ചെയ്യാൻ ഈശോസഭക്കാർക്ക് മാർപാപ്പ അനുവാദം നൽകി. അതുപോലെ തന്നെ യാമപ്രാർത്ഥനകൾക്ക് ലത്തീൻ ഭാഷക്കു പകരം ചൈനീസ് ഭാഷ ഉപയോഗിക്കാനുള്ള അനുവാദവും നൽകി.

പ്രശസ്ത ശില്പി ലൊറെൻസോ ബെർണീനിയുടെ നേതൃത്വത്തിൽ അലക്‌സാണ്ടർ മാർപാപ്പ വത്തിക്കാനിലെ വി. പത്രോസിന്റെ ചത്വരം ഇന്നത്തെ രീതിയിൽ രൂപകല്പന ചെയ്തു നിർമ്മിച്ചു. റോമിലെ അനേകം ദേവാലയങ്ങളുടെയും പിയാസകളുടെയും നിർമ്മാണവും നവീകരണവും ഈ കാലഘത്തിൽ നടന്നു. ഇക്കാലയളവിലാണ് സ്വീഡനിലെ ക്രിസ്റ്റീന രാഞ്ജി സ്ഥാനത്യാഗം ചെയ്ത് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച് റോമിൽ താമസമാക്കിയത്. എ.ഡി. 1661 ഡിസംബർ 8 -ന് മറിയത്തിന്റെ അമലോത്ഭവം സംബന്ധിച്ച് “സൊളിസിത്തൂഡോ ഓമ്നിയും എക്ളിസിയാരും” എന്ന പേരിൽ ഒരു അപ്പസ്തോലിക പ്രബോധനം പ്രസിദ്ധീകരിച്ചു. മരണത്തെക്കുറിച്ചു തന്നെ എപ്പോഴും അനുസ്മരിപ്പിക്കുന്നതിനായി മാർപാപ്പ തന്റെ കിടപ്പുമുറിയിൽ ബെർണീനി നിർമ്മിച്ച ഒരു തലയോട്ടിയുടെ രൂപവും ഒരു ശവപ്പെട്ടിയും സൂക്ഷിച്ചിരുന്നു. എ.ഡി. 1667 മെയ് 22 -ന് കാലം ചെയ്ത അലക്‌സാണ്ടർ ഏഴാമൻ മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.