പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 235 – ഉർബൻ VIII (1568-1644)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1623 ആഗസ്റ്റ് 6 മുതൽ 1644 ജൂലൈ 29 വരെയുള്ള കാലഘട്ടത്തിൽ സഭയെ നയിച്ച മാർപാപ്പയാണ് ഉർബൻ എട്ടാമൻ. ഇറ്റലിയിലെ ഫ്ലോറൻസിൽ അന്തോണിയോ – കമില്ല ദമ്പതികളുടെ മകനായി എ.ഡി. 1568 ഏപ്രിൽ 5 -നാണ് മഫയോ ബാർബറീനിയുടെ ജനനം. മഫയോയ്ക്ക് മൂന്നു വയസ്സുള്ളപ്പോൾ പിതാവ് മരിക്കുന്നു. പിന്നീട് അമ്മാവൻ ഫ്രാഞ്ചെസ്‌കോയുടെ കൂടെ റോമിലാണ് അദ്ദേഹം വളർന്നത്. ഈശോസഭക്കാരുടെ സ്കൂളിൽ നിന്നും വിദ്യാഭ്യാസം നേടിയ മഫയോ, എ.ഡി. 1589 -ൽ പീസാ സർവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തിൽ ഡോക്ടർ ബിരുദം സമ്പാദിച്ചു.

ക്ലമന്റ് എട്ടാമൻ മാർപാപ്പ എ.ഡി. 1601 -ൽ മഫയോയെ ഫ്രാൻസിലെ ഹെൻറി നാലാമൻ രാജാവിന്റെ കോർട്ടിലെ മാർപാപ്പയുടെ പ്രതിനിധിയായി നിയമിച്ചു. പിന്നീട് മാർപാപ്പ അദ്ദേഹത്തെ ഇറ്റലിയിലേക്ക് തിരികെ വിളിച്ച് ബർലേത്ത നഗരത്തിൽ താമസിച്ചുകൊണ്ട് വിശുദ്ധ നാട്ടിലെ നസറെത്ത് അതിരൂപതയുടെ ആർച്ചുബിഷപ്പായി നിയമിച്ചു. പോൾ അഞ്ചാമൻ മാർപാപ്പ മഫയോയെ ബൊളോഞ്ഞയിലെ മാർപാപ്പയുടെ പ്രതിനിധിയായും മൊണ്ടോറിയോയിലെ സാൻ പിയെത്രോ ദേവാലയത്തിലെ കർദ്ദിനാളായും നിയമിച്ചു. ഗ്രിഗറി പതിനഞ്ചാമൻ മാർപാപ്പ കാലം ചെയ്തതിനു ശേഷം നടന്ന കോൺക്ലേവിൽ കർദ്ദിനാൾ മഫയോ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ടു. ഇരുപത്തിയൊന്നു വർഷത്തോളം നീണ്ട സഭാചരിത്രത്തിലെ ദീർഘമായ മാർപാപ്പഭരണത്തിൽ  ഒന്നായിരുന്നു ഉർബൻ എട്ടാമന്റേത്.

വി. പത്രോസിന്റെ ബസിലിക്ക പണി പൂർത്തിയാക്കി എ.ഡി. 1626 നവംബർ 18 -ന് കൂദാശ ചെയ്തു. ഗലീലിയോയെ ആദ്യം പിന്തുണച്ചെങ്കിലും പിന്നീട് അദ്ദേഹത്തിന്റെ അഭിപ്രായം പിൻവലിക്കുന്നതിന് മാർപാപ്പ നിർബന്ധിച്ചു. ദക്ഷിണ അമേരിക്കയിലെ ഈശോസഭാ മിഷൻ പ്രവർത്തനത്തെ സഹായിക്കുകയും ചൈനയിലും ജപ്പാനിലും മറ്റു സന്യാസ സമൂഹങ്ങൾക്കും പ്രവർത്തിക്കുന്നതിനുള്ള അനുവാദം നല്കുകയും അടിമ വ്യാപാരം നിരോധിക്കുകയും ചെയ്തു. വിൻസെൻഷ്യൻ, വിസിറ്റേഷൻ സന്യാസ സമൂഹങ്ങൾക്ക് അംഗീകാരം നൽകി. ബെനഡിക്റ്റ് പതിമൂന്നാമൻ മാർപാപ്പ നടപ്പിൽവരുത്തിയ പുകവലി നിരോധനം നൂറു വർഷങ്ങൾക്കു ശേഷം ഉർബൻ മാർപാപ്പ എടുത്തുകളഞ്ഞു. വക്തിഗത വെളിപാടുകൾ സഭയിൽ അംഗീകരിക്കപ്പെടുന്നതിന് ബിഷപ്പിന്റെ അംഗീകാരം നിർബന്ധമാണെന്ന് മാർപാപ്പ കല്പിച്ചു. മിഷനറിമാരുടെ പരിശീലനത്തിനായി റോമിലെ പൊന്തിഫിക്കൽ ഉർബൻ സർവ്വകലാശാല എ.ഡി. 1627 ആഗസ്റ്റ് 1 -ന് “ഇമ്മൊർത്താലിസ് ദേയി ഫിലിയൂസ്” എന്ന പേപ്പൽ ബൂളയിലൂടെ മാർപാപ്പ സ്ഥാപിച്ചു. എ.ഡി. 1644 ജൂലൈ 29 -ന് കാലം ചെയ്ത ഉർബൻ എട്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.