പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 230 – ഇന്നസെന്റ് IX (1519-1591)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1591 ഒക്ടോബർ 29 മുതൽ ഡിസംബർ 30 വരെയുള്ള ദിവസങ്ങളിൽ സഭയെ നയിച്ച മാർപാപ്പയാണ് ഇന്നസെന്റ് ഒൻപതാമൻ. ഇറ്റലിയിലെ ബൊളോഞ്ഞ നഗരത്തിൽ എ.ഡി. 1519 ജൂലൈ 20 -നാണ് ജോവാന്നി അന്തോണിയോ ഫാച്ചിനേത്തി ജനിച്ചത്. ഇറ്റലിയുടെ വടക്കുള്ള ക്രോദോ നഗരത്തിൽ നിന്നുള്ള അന്തോണിയോ – ഫ്രാഞ്ചെസ്ക ദമ്പതികളായിരുന്നു മാതാപിതാക്കൾ. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ബൊളോഞ്ഞ സർവ്വകലാശാലയിൽ ചേർന്ന് നിയമം പഠിക്കുകയും അവസാനം കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ഡോക്ടർ ബിരുദം സമ്പാദിക്കുകയും ചെയ്തു. ഇതിനു ശേഷമാണ് എ.ഡി. 1544 മാർച്ച് 11 -ന് അദ്ദേഹം പൗരോഹിത്യം സ്വീകരിക്കുന്നത്.

ജൊവാന്നിയുടെ കഴിവുകൾ തിരിച്ചറിഞ്ഞ കർദ്ദിനാൾ നിക്കൊളോ ആർദിഗെല്ലി അദ്ദേഹത്തെ തന്റെ സഹായിയായി റോമിൽ നിയമിച്ചു. പിന്നീട് കർദ്ദിനാൾ അലെസ്സാൻഡ്രോ ഫർനേസെയുടെ സെക്രട്ടറിയായി ഏറെ നാൾ ജോലി ചെയ്യുകയും ചെയ്തു. അവിഞ്ഞോണിൽ സഭാദൗത്യവുമായി അയക്കപ്പെട്ട ജൊവാന്നി പാർമ പട്ടണത്തിലെ ഗവർണറായി കുറേ നാൾ ജോലി ചെയ്തു. എ.ഡി. 1559 -ൽ റോമൻ കൂരിയായിലെ നീതിന്യായ വിഭാഗമായ അപ്പസ്‌തോലിക് സിന്ജത്തൂറയിൽ ഒരു വർഷത്തോളം ന്യായാധിപനായി സേവനമനുഷ്ഠിച്ചു. കലാബ്രിയായിൽ ബിഷപ്പായിരിക്കുന്ന കാലത്തു നടന്ന തെന്ത്രൊസ്‌ സൂനഹദോസിൽ അദ്ദേഹം സംബന്ധിക്കുകയും വലിയ ദൈവശാസ്ത്ര സംഭാവനകൾ നല്കുകയും ചെയ്തു. പിന്നീട് വെനീസിലെ പേപ്പൽ നുൺഷിയോ ആയി പിയൂസ് അഞ്ചാമൻ അദ്ദേഹത്തെ നിയമിച്ചു. വീണ്ടും റോമിലേക്ക് തിരികെ വിളിച്ച ജൊവാന്നിയെ ജറുസലേമിലെ ലത്തീൻ സ്ഥാനീയ പാത്രിയർക്കീസായി എ.ഡി. 1572 -ൽ മാർപാപ്പ നിയമിച്ചു. ഗ്രിഗറി പതിമൂന്നാമൻ അദ്ദേഹത്തെ കർദ്ദിനാൾ ആക്കുകയും ഗ്രിഗറി പതിനാലാമൻ അപ്പസ്‌തോലിക് സിന്ജത്തൂറയുടെ പ്രീഫെക്റ്റ് ആയി നിയമിച്ചു.

ഗ്രിഗറി പതിനാലാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെട്ട കർദ്ദിനാൾ ജൊവാന്നി ഇന്നസെന്റ് എന്ന പുതിയ നാമം സ്വീകരിച്ചു. യൂറോപ്പിലെ കത്തോലിക്കാ രാജാക്കന്മാരുടെ കൂട്ടായ്മയായ കാത്തലിക് ലീഗ് ശക്തിപ്പെടുത്തുന്നതിന് മാർപാപ്പ പരിശ്രമിച്ചു. എന്നാൽ മാർപാപ്പയുടെ ആകസ്മിക മരണം ഈ കൂട്ടായ്മയെ ക്ഷയിപ്പിച്ചു. എ.ഡി. 1591 ഡിസംബർ 18 -ന് റോമിലെ ഏഴു തീർത്ഥാടന പള്ളികൾ മാർപാപ്പ സന്ദർശിക്കുകയും അതിനു ശേഷം പനി ബാധിച്ച് ഡിസംബർ 30 -ന് കാലം ചെയ്യുകയും ചെയ്തു. ഇന്നസെന്റ് ഒൻപതാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. സഭ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും റോമിലെ വിശ്വാസികൾ അക്കാലത്ത് ഇന്നസെന്റ് മാർപാപ്പക്ക് വിശുദ്ധന്മാർക്ക് ചേർന്ന വണക്കം നല്കിയിരുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.