പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 228 – ഉർബൻ VII (1521-1590)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1590 സെപ്റ്റംബർ 15 മുതൽ 27 വരെ, കേവലം പന്ത്രണ്ടു ദിവസം മാത്രം നീണ്ടുനിന്ന ചരിത്രത്തിലെ ഏറ്റം ഹ്രസ്വമായ മാർപാപ്പാ ഭരണമായിരുന്നു ഉർബൻ ഏഴാമന്റേത്. റോമിലെ പ്രസിദ്ധ കസ്താഞ്യ കുടുംബത്തിൽ കോസിമോ – കൊസ്‌താൻസ ദമ്പതികളുടെ മകനായി എ.ഡി. 1521 ആഗസ്റ്റ് 4 -ന് ജൊവാന്നി ബത്തിസ്‌ത ജനിച്ചു. ഇറ്റലിയിലെ വിവിധ സർവ്വകലാശാലകളിൽ പഠിക്കാൻ അദ്ദേഹത്തിന് അവസരം ലഭിച്ചു. കാനൻ നിയമത്തിലും സിവിൽ നിയമത്തിലും ബൊളോഞ്ഞ സർവ്വകലാശാലയിൽ നിന്നും ഡോക്ടർ ബിരുദങ്ങൾ അദ്ദേഹം സമ്പാദിച്ചു. തന്റെ അമ്മാവനായിരുന്ന കർദ്ദിനാൾ ജിറോലമോയുടെ കൂടെയാണ് ജൊവാന്നി തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. ജൂലിയോസ് മൂന്നാമൻ മാർപാപ്പയുടെ കാലത്ത് റോമൻ കോടതിയിൽ കുറേക്കാലം ജോലി ചെയ്തു. പിന്നീട് എ.ഡി. 1553 മാർച്ച് 1 -ന് റൊസ്സാനോ രൂപതയുടെ ആർച്ചുബിഷപ്പായി നിയമിതനായി.

ഫാനോ, പെറൂജ, ഉംബ്രിയ പ്രദേശങ്ങളുടെ ഗവർണ്ണറായും വിവിധ കാലഘട്ടങ്ങളിൽ അദ്ദേഹം സേവനമനുഷ്ഠിച്ചു. എ.ഡി. 1562-1563 വർഷങ്ങളിൽ തെന്ത്രോസ് സൂനഹദോസിലെ ചില സമ്മേളനങ്ങളിൽ അദ്ദേഹം അദ്ധ്യക്ഷത വഹിക്കുകയും ചെയ്തു. പിന്നീട് സ്പെയിനിലെയും വെനീസിലേയും അപ്പസ്തോലിക നുൺഷിയോ ആയി ജോലി ചെയ്തതിനു ശേഷം ജൊവാന്നി ബൊളോഞ്ഞയിലെ ഗവർണ്ണർ സ്ഥാനം ഏറ്റെടുക്കുന്നു. ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ ജൊവാന്നിയെ റോമിലെ സാൻ മാർച്ചെല്ലോ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു. സിക്റ്റസ് അഞ്ചാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ എ.ഡി. 1590 സെപ്റ്റംബർ 15 -ന് കർദ്ദിനാൾ ജൊവാന്നി അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും ഉർബൻ അഞ്ചാമൻ എന്ന നാമം സ്വീകരിക്കുകയും ചെയ്തു.

ഉർബൻ മാർപാപ്പക്ക് ചരിത്രത്തിൽ സ്ഥിരപ്രതിഷ്ഠ നേടിക്കൊടുത്ത സംഭവമാണ് അദ്ദേഹത്തിന്റെ പ്രസിദ്ധമായ പുകവലി നിരോധനം. ദേവാലയ പരിസരത്തോ, പള്ളിക്കുള്ളിലോ പുകവലിക്കുന്നവരെ സഭയിൽ നിന്നും പുറത്താക്കണമെന്ന കല്പന പുറപ്പെടുവിച്ചു. പാവങ്ങളോട് വലിയ കാരുണ്യവും അദ്ദേഹം കാട്ടിയിരുന്നു. റോമിലെ ബേക്കറികൾക്ക് ഉൽപാദനച്ചിലവിലും കുറച്ച് ബ്രഡ് വിൽക്കുന്നതിനായി സബ്സിഡി നൽകി. സ്വജനപക്ഷപാതം നിരോധിക്കുകയും റോമൻ കൂരിയ മിതത്വം പാലിച്ച് ലാളിത്യത്തിൽ കാര്യങ്ങൾ ചെയ്യണമെന്നു കല്പിക്കുകയും ചെയ്തു. മലേറിയ ബാധിച്ച് എ.ഡി. 1590 സെപ്റ്റംബർ 27 -ന് കാലം ചെയ്ത മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്. എ.ഡി. 1606 -ൽ അദ്ദേഹത്തിന്റെ മൃതദേഹം സാന്ത മരിയ സോപ്ര മിനർവ ദേവാലയത്തിലേക്കു മാറ്റി അടക്കുകയുണ്ടായി. തന്റെ കുടുംബ സമ്പാദ്യങ്ങൾ പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹാവശ്യത്തിനായി ചിലവഴിക്കണമെന്ന് അദ്ദേഹത്തിന്റെ വില്പത്രത്തിൽ എഴുതിവച്ചിരുന്നു.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.