പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 227 – സിക്റ്റസ് V (1521-1590)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1585 ഏപ്രിൽ 24 മുതൽ 1590 ആഗസ്റ്റ് 27 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം കൊടുത്ത മാർപാപ്പയാണ് സിക്റ്റസ് അഞ്ചാമൻ. അഡ്രിയാറ്റിക് കടലിനോട് ചേർന്നു കിടക്കുന്ന ഇറ്റലിയിലെ ഗ്രോത്തമാരെ പട്ടണത്തിൽ എ.ഡി. 1521 ഡിസംബർ 13 -നാണ് ഫ്രാഞ്ചെസ്‌കോ – മരിയാന ദമ്പതികളുടെ മകനായി ഫെലിച്ചെ പിയർജന്തീലെ ജനിച്ചത്. പന്ത്രണ്ടാമത്തെ വയസിൽ ഫ്രാൻസിസ്കൻ ആശ്രമത്തിൽ നോവിസ് ആയി ചേരുകയും ഫ്രയർ ഫെലിക്സ് എന്ന പേരിൽ ബൊളോഞ്ഞയിൽ വച്ച് പൗരോഹിത്യം സ്വീകരിക്കുകയും ചെയ്തു. അതിനു ശേഷം വെനീസിലെ മതവിചാരണ കോടതിയുടെ ചുമതലകൾ കുറേ നാൾ നിർവ്വഹിച്ചു. കർദ്ദിനാൾ ഊഗോ (ഗ്രിഗറി XIII) സ്പെയിനിൽ പ്രത്യേക നയതന്ത്ര ദൗത്യവുമായി പോകുമ്പോൾ ഫെലിക്സിനെയും അതിന്റെ ഭാഗമാക്കുന്നു. പിന്നീട് പിയൂസ് അഞ്ചാമൻ മാർപാപ്പ അദ്ദേഹത്തെ ഫ്രാൻസിസ്കൻ സന്യാസ സമൂഹത്തിന്റെ അപ്പസ്തോലിക വികാരിയായും എ.ഡി. 1570 -ൽ കർദ്ദിനാളായും നിയമിച്ചു.

ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ കർദ്ദിനാൾ ഫെലിക്സ് അദ്ദേഹത്തിന്റെ പിൻഗാമിയായി തിരഞ്ഞെടുക്കപ്പെടുകയും സിക്റ്റസ് എന്ന പുതിയ നാമം സ്വീകരിക്കുകയും ചെയ്തു. റോമിലെ ക്രമസമാധാന നില പുനഃസ്ഥാപിക്കുകയും സാമ്പത്തിക വ്യവസ്ഥിതികൾ ഉടച്ചുവാർത്ത് സുസ്ഥിര വരുമാനമാർഗ്ഗങ്ങൾ ഉണ്ടാക്കുകയും ചെയ്തു. റോമിൽ പുതിയതായി ഇരുപത്തിയേഴു ജലവിതരണ സംഭരണികൾ നിർമ്മിച്ച് എല്ലായിടത്തും ശുദ്ധജലം എത്തിച്ചു. വി. പത്രോസിന്റെ ബസിലിക്കയുടെ കുംഭഗോപുരവും ചത്വരത്തിലെ വലിയ കൽക്കുരിശും ലാറ്ററൻ ബസിലിക്കയുടെ ഗാലറിയും റോമിലെ പല ചരിത്രപരമായ റോഡുകളും ഇക്കാലത്ത് നിർമ്മിക്കപ്പെട്ടു. കർദ്ദിനാളന്മാരുടെ എണ്ണം എഴുപതായി സിക്റ്റസ് മാർപാപ്പ നിജപ്പെടുത്തിയത് വി. ജോൺ ഇരുപത്തിമൂന്നാമൻ മാർപാപ്പയുടെ കാലം വരെ തുടർന്നു.

റോമൻ കൂരിയായെ സമൂലമായി ഉടച്ചുവാർത്ത് “ഇമ്മെൻസ എത്തേർണി ദേയ്” എന്ന ബൂളയിലൂടെ പതിനഞ്ച് പുതിയ കോൺഗ്രിഗേഷനുകൾ സ്ഥാപിച്ചു. രണ്ടാം വത്തിക്കാൻ കാലഘട്ടം വരെ ഈ സംവിധാനം അതേപോലെ തുടർന്നു. അതുവരെ നിലവിലുണ്ടായിരുന്ന ബൈബിൾ വിവർത്തനങ്ങൾ പരിഷ്‌കരിച്ച് എ.ഡി. 1857 -ൽ ഗ്രീക്ക് പതിപ്പും 1590 -ൽ ലത്തീൻ പതിപ്പും പ്രസിദ്ധീകരിച്ചു. ഗര്‍ഭച്ഛിദ്രവും കൃത്രിമ ഗര്‍ഭനിരോധന മാർഗ്ഗങ്ങളും അധാർമ്മികവും മാരകപാപങ്ങളുടെ ഗണത്തിൽപെടുന്നവയാണെന്നും പ്രഖ്യാപിച്ചു. അഞ്ചു വർഷത്തിലൊരിക്കലുള്ള മെത്രാന്മാരുടെ “ആദ് ലിമീന” സന്ദർശനം ഇടക്കാലത്തു നിന്നുപോയത് വീണ്ടും പുനരാരംഭിച്ചു. സിക്റ്റസ് മാർപാപ്പയാണ് വി. ബോവഞ്ചറിനെ സഭയിലെ വേദപാരംഗതന്മാരുടെ ഗണത്തിൽ ഉൾപ്പെടുത്തിയത്. എ.ഡി. 1590 ആഗസ്റ്റ് 27 -ന് കാലം ചെയ്ത സിക്റ്റസ് അഞ്ചാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് മരിയ മജോറെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.