പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 226 – ഗ്രിഗറി XIII (1502-1585)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1572 മെയ് 13 മുതൽ 1585 ഏപ്രിൽ 10 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ഗ്രിഗറി പതിമൂന്നാമൻ. ഇറ്റലിയിലെ ബൊളോഞ്ഞയിൽ എ.ഡി. 1502 ജനുവരി 7 -ന് ക്രിസ്റ്റോഫറോ – ആഞ്ചല ദമ്പതികളുടെ മകനായി ഊഗോ ബോൺകൊമ്പാഞ്ഞി ജനിച്ചു. പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം ഇദ്ദേഹം ബൊളോഞ്ഞ സർവ്വകലാശാലയിൽ നിന്നും കാനൻ നിയമത്തിൽ ഉന്നത ബിരുദം സമ്പാദിക്കുകയും പിന്നീട് അവിടെത്തന്നെ അധ്യാപകനായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കർദ്ദിനാളന്മാരായ അലക്‌സാണ്ടർ ഫർണെസെ, ജ്യാക്കമോ ബോൺകൊമ്പാഞ്ഞി, വി. ചാൾസ് ബൊറമെയോ എന്നിവർ ഇക്കാലയളവിൽ അവിടെ ഇദ്ദേഹത്തിന്റെ വിദ്യാർത്ഥികൾ ആയിരുന്നു.

പോൾ മൂന്നാമൻ മാർപാപ്പ ഊഗോ ബോൺകൊമ്പാഞ്ഞിയെ റോമിലേക്കു വിളിപ്പിക്കുകയും വിവിധ ഉത്തരവാദിത്വങ്ങൾ ഏൽപ്പിക്കുകയും ചെയ്തു. അദ്ദേഹം ജഡ്ജി ആയും പേപ്പൽ ഡോക്യൂമെന്റുകൾ തയ്യാറാക്കുന്ന ആളായും മറിത്തീമ പ്രവിശ്യയുടെ ചുമതലക്കാരനായും ജോലി ചെയ്തു. പിന്നീട് പിയൂസ് നാലാമൻ മാർപാപ്പ ഊഗോയെ കർദ്ദിനാൾ ആയി ഉയർത്തുകയും പേപ്പൽ പ്രതിനിധികളിലൊരാളായി തെന്ത്രോസ്‌ സൂനഹദോസിൽ അയക്കുകയും ചെയ്തു. പിയൂസ് മാർപാപ്പ കാലം ചെയ്തപ്പോൾ കേവലം ഇരുപത്തിനാല് മണിക്കൂറിൽ താഴെ നീണ്ടുനിന്ന കോൺക്ലേവിൽ വച്ച് കർദ്ദിനാൾ ഊഗോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. മഹാനായ ഗ്രിഗറി മാർപാപ്പയോടുള്ള ബഹുമാനാർത്ഥം ഗ്രിഗറി പതിമൂന്നാമൻ എന്ന നാമം സ്വീകരിച്ചു.

തെന്ത്രോസ് സൂനഹദോസിനു ശേഷമുള്ള സഭാനവീകരണ പ്രവർത്തനങ്ങൾ വേഗതയോടെ ഗ്രിഗറി മാർപാപ്പ മുമ്പോട്ടു കൊണ്ടുപോയി. കർദ്ദിനാളന്മാർ അവരുടെ രൂപതകളിൽ താമസിക്കണമെന്നു കൽപിക്കുകയും ഓരോരുത്തർക്കും കൃത്യമായി ജോലി വിഭജിച്ചു നൽകുകയും ചെയ്തു. സ്വതന്ത്രമായും വേഗത്തിലും തീരുമാനമെടുക്കുന്ന മാർപാപ്പയുടെ കഴിവ് പേപ്പസിയുടെ പ്രശസ്തി വർദ്ധിപ്പിച്ചു. പുതിയതായി സ്ഥാപിതമായ ഈശോസഭാ സന്യാസ സമൂഹത്തിന് ഗ്രിഗറി മാർപാപ്പ യൂറോപ്പിൽ ആകമാനം വിദ്യാഭ്യാസ-മിഷൻ പ്രവർത്തന അനുവാദം നൽകി. ഗ്രിഗറി മാർപാപ്പയുടെ സംഭാവനകളെ മാനിച്ചാണ് റോമിൽ ഇഗ്‌നേഷ്യസ് ലയോള സ്ഥാപിച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്സിറ്റി എന്ന് നാമകരണം ചെയ്തത്. ബി.സി. 45 മുതൽ നിലവിലിരുന്ന ജൂലിയൻ കലണ്ടർ മാറ്റി ഇപ്പോൾ ലോകമാസകലം ഉപയോഗിക്കുന്ന കലണ്ടർ ഗ്രിഗറി മാർപാപ്പ രൂപകല്പന ചെയ്തതാണ്. അലോയിസിയൂസ് ലിലിയൂസ് എന്ന ജ്യോതിശാസ്‌ത്രജ്ഞനും ക്രിസ്റ്റഫർ ക്ലവിയൂസ് എന്ന ഈശോസഭാ വൈദികനും ഈ ഗ്രിഗോറിയൻ കലണ്ടർ തയ്യാറാക്കുന്നതിന് മാർപാപ്പയെ സഹായിച്ചു. എ.ഡി. 1585 ഏപ്രിൽ 10 -ന് കാലം ചെയ്ത ഗ്രിഗറി പതിമൂന്നാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.