പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 217 – ലിയോ X (1475-1521)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1513 മാർച്ച് 9 മുതൽ 1521 ഡിസംബർ 1 വരെയുള്ള കാലഘട്ടത്തിൽ മാർപാപ്പ ആയിരുന്ന ആളാണ് ലിയോ പത്താമൻ. ഫ്ലോറൻസ് റിപ്പബ്ലിക്കിൽ അതിന്റെ ഭരണാധികാരിയായിരുന്ന ലൊറെൻസോയുടെയും അദ്ദേഹത്തിന്റെ ഭാര്യ ക്ലാരിസിന്റെയും രണ്ടാമത്തെ മകനായി എ.ഡി. 1475 ഡിസംബർ 11 -ന് ജൊവാന്നി മെദിച്ചി ജനിച്ചു. ചെറുപ്പത്തിൽ തന്നെ പൗരോഹിത്യ ശുശ്രൂഷയ്ക്ക് സമർപ്പിക്കുന്നതിന്റെ അടയാളമായി ജൊവാന്നിയുടെ മുടി മുറിക്കുന്നു. ജൊവാന്നിയെ അദ്ദേഹത്തിന്റെ അമ്മാവനായിരുന്ന ഇന്നസെന്റ് എട്ടാമൻ മാർപാപ്പ പതിമൂന്നാമത്തെ വയസ്സിൽ ഡോമ്നിക്കയിലെ സാന്ത മരിയ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിച്ചു. പിന്നീട് അദ്ദേഹം പിസ്സായിൽ താമസിച്ചുകൊണ്ട് ദൈവശാസ്ത്രവും സഭാനിയമവും രണ്ടു വർഷത്തോളം അഭ്യസിച്ചു.

എ.ഡി. 1492 -ൽ ജൊവാന്നി തന്റെ താമസം റോമിലേക്കു മാറ്റി. സഭയുടെ വിവിധ ദൗത്യങ്ങളുമായി ജർമ്മനി, നെതർലൻഡ്‌സ്, ഫ്രാൻസ് എന്നിവിടങ്ങൾ സന്ദർശിച്ചു. എ.ഡി. 1511 -ൽ ബൊളോഞ്ഞയിലെയും റൊമാഞ്ഞ പ്രദേശത്തെയും മാർപാപ്പയുടെ പ്രതിനിധിയായി ജോവാന്നിയെ നിയമിച്ചു. ജൂലിയസ് മാർപാപ്പ കാലം ചെയ്തതിനു ശേഷം നടന്ന കോൺക്ലേവിൽ എ.ഡി. 1513 മാർച്ച് 9 -ന് കർദ്ദിനാൾ ജോവാന്നി മെദിച്ചി മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. തിരഞ്ഞെടുപ്പു സമയത്ത് മുപ്പത്തിയേഴ് വയസ്സ് മാത്രമുണ്ടായിരുന്ന, പുരോഹിതനല്ലായിരുന്ന അവസാനത്തെ മാർപാപ്പയാണ് ജൊവാന്നി.

ലിയോ മാർപാപ്പയുടെ കാലത്തെ ഏറ്റം വലിയ സംഭവവികാസം മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിലുള്ള പ്രൊട്ടസ്റ്റന്റ് നവീകരണമായിരുന്നു. കുരിശുയുദ്ധത്തിനും പത്രോസിന്റെ ബസിലിക്കയുടെ നിർമ്മാണത്തിനുമായി പണം കണ്ടെത്തുന്നതിന് മാർപാപ്പ പ്രഖ്യാപിച്ച ദണ്ഡവിമോചനത്തിന്റെ വില്പനക്കെതിരായി മാർട്ടിൻ ലൂഥർ 95 തീസിസ് പ്രസിദ്ധീകരിച്ചു. ഇതിലെ ആശയങ്ങൾ യൂറോപ്പിലുടനീളം ലഖുലേഖകളിലൂടെ പ്രചരിപ്പിക്കപ്പെട്ടു. ലൂഥർ അംഗമായിരുന്ന അഗസ്റ്റീനിയൻ സന്യാസ സമൂഹ സുപ്പീരിയറിന്റെ ആജ്ഞക്ക് വഴങ്ങാതിരുന്ന ലൂഥറുമായി കർദ്ദിനാൾ കയ്യെത്താൻ നടത്തിയ ചർച്ചയും പരാജയപ്പെട്ടു. ലൂഥറിന്റെ നാല്പത്തിയൊന്ന് ആശയങ്ങൾ വേദവിപരീതമായി പ്രഖ്യാപിച്ച് എ.ഡി. 1521 ജനുവരി 3 -ന് സഭയിൽ നിന്നും ഔദ്യോഗികമായി പുറത്താക്കി. ഇതേ തുടർന്ന് യൂറോപ്യൻ സഭയിൽ രണ്ടു ചേരികൾ ഉണ്ടാവുകയും പ്രാദേശിക പ്രൊട്ടസ്റ്റന്റ് സഭകൾ ഭരണാധികാരികളുടെ നേതൃത്വത്തിൽ രൂപപ്പെടുകയും ചെയ്തു. റോമൻ സഭാസംവിധാനം ലൂഥറിന്റെ വെല്ലുവിളി മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് സഭയെ വിഭജിക്കുന്നതിൽ കൊണ്ടെത്തിച്ചു. എ.ഡി. 1521 ഡിസംബർ 1 -ന് കാലം ചെയ്ത ലിയോ പത്താമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് റോമിലെ സാന്ത മരിയ സോപ്ര മിനർവ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.