പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 216 – ജൂലിയസ് II (1443-1513)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1503 നവംബർ 1 മുതൽ 1513 ഫെബ്രുവരി 21 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ജൂലിയസ് രണ്ടാമൻ. ഇറ്റലിയിലെ സവോണയ്ക്കടുത്തുള്ള അൽബിസോള എന്ന സ്ഥലത്ത് എ.ഡി. 1443 -ലാണ് ജൂലിയാനോ ദെല്ല റോവേരെ ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് റഫയേലോയും മാതാവ് തെയഡോറയും പ്രഭുകുടുംബത്തിലെ അംഗങ്ങളായിരുന്നെങ്കിലും ഇക്കാലത്ത് ദരിദ്രരായിരുന്നു. ജൂലിയാനോയുടെ സഹോദരൻ ഒരു ഫ്രാൻസിസ്കൻ സന്യാസിയും പിന്നീട് ഫെറാറയിലെ ബിഷപ്പുമായിരുന്നു. മറ്റൊരു സഹോദരൻ ലിയനാർഡോ റോമിന്റെ പ്രീഫക്റ്റ് ആയിരുന്നു. ചെറുപ്പത്തിൽ ഫ്രാൻസിസ്കൻ ആശ്രമത്തിൽ ജീവിച്ച് പെറൂജിയായിലെ സർവ്വകലാശാലയിൽ നിന്നും ശാസ്ത്രത്തിൽ ഉപരിപഠനം നടത്തി.

അദ്ദേഹത്തിന്റെ അമ്മാവൻ സിക്റ്റസ് ആറാമൻ ജൂലിയാനോയെ കാർപന്ത്രാസ് രൂപതയുടെ ബിഷപ്പായും പിന്നീട് വിങ്കോളിയിലെ സാൻ പിയെത്രോ ദേവാലയത്തിന്റെ കർദ്ദിനാളായും നിയമിച്ചു. ഇക്കാലയളവിൽ എട്ടു രൂപതകളുടെ ഭരണം കർദ്ദിനാൾ ജൂലിയാനോ വഹിച്ചിരുന്നു എന്ന് പറയപ്പെടുന്നു. അവിഞ്ഞോണിലെ ആർച്ചുബിഷപ്പായും ഫ്രാൻസിലെ മാർപാപ്പയുടെ പ്രതിനിധിയായും നിയമിക്കപ്പെട്ടപ്പോൾ അദ്ദേഹം ഫ്രാൻ‌സിൽ താമസമാക്കി. എ.ഡി. 1479 -ല്‍ കർദ്ദിനാളന്മാരുടെ കാര്യസ്ഥനായി നിയമിക്കപ്പെട്ടപ്പോൾ റോമൻ കൂരിയായിലെ എല്ലാവരുടെയും ജോലി നിശ്ചയിച്ചു നൽകുന്ന ഉത്തരവാദിത്വം അദ്ദേഹത്തിനായിരുന്നു. എ.ഡി. 1483 -ൽ കർദ്ദിനാൾ ജൂലിയാനോ ഓസ്തിയ രൂപതയുടെ ബിഷപ്പായി നിയമിക്കപ്പെട്ടു.

എ.ഡി. 1503 നവംബർ 1 -ന് കർദ്ദിനാൾ ജൂലിയാനോ ദെല്ല റൊവേരെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. സഭാകാര്യങ്ങളേക്കാൾ പേപ്പൽ സ്റ്റേറ്റിനെ കരുതിയ ജൂലിയോസിനെ “യുദ്ധപ്രിയനായ മാർപാപ്പ” എന്നാണ് വിളിച്ചിരുന്നത്. എ.ഡി. 1506 -ൽ മാർപാപ്പയുടെ സംരക്ഷണാർത്ഥം നിയമിച്ച സ്വിസ്‌ ഗാർഡ് സമ്പ്രദായം ഇന്നും നിലനിൽക്കുന്നു. റോമിനെ പഴയ പ്രതാപത്തിലേക്ക് എത്തിക്കുക എന്നത് മാർപാപ്പയുടെ ആഗ്രഹമായിരുന്നു. എ.ഡി. 1512 -ൽ അഞ്ചാം ലാറ്ററൻ എക്കുമെനിക്കൽ കൗൺസിൽ മാർപാപ്പ വിളിച്ചുകൂട്ടി കൈക്കൂലിക്കെതിരായി നിയമങ്ങൾ പാസ്സാക്കി. മൈക്കലാഞ്ചലോ, ബ്രമാന്തേ, റഫായേൽ തുടങ്ങിയ ചിത്രകാരന്മാരെ റോമിലേക്കു വരുത്തി സിസ്റ്റീൻ ചാപ്പൽ മോടി പിടിപ്പിക്കുകയും ഇന്നത്തെ വി. പത്രോസിന്റെ ദേവാലയത്തിന് ആരംഭം കുറിക്കുകയും ചെയ്തു. വത്തിക്കാൻ മ്യൂസിയം ആരംഭിക്കുകയും ആദ്യമായി തെക്കേ അമേരിക്കയിൽ രൂപത സ്ഥാപിക്കുകയും ചെയ്തു. പത്രോസിന്റെ ബസിലിക്ക നിർമ്മാണത്തിനായി ആരംഭിച്ച ദണ്ഡവിമോചന വിൽപനയാണ് പിന്നീട് പ്രൊട്ടസ്റ്റന്റ് നവീകരണത്തിലെത്തിച്ചത്. എ.ഡി. 1513 ഫെബ്രുവരി 21 -ന് കാലം ചെയ്ത ജൂലിയോസ് മാർപാപ്പയെ അടക്കിയിരിക്കുന്നത് വിങ്കോളിയിലെ സാൻ പിയെത്രോ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.