പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 213 – ഇന്നസെന്റ് VIII (1432-1492)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1484 ആഗസ്റ്റ് 29 മുതൽ 1492 ജൂലൈ 25 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് ഇന്നസെന്റ് എട്ടാമൻ. ഇറ്റലിയിലെ ജെനോവയിൽ ഗ്രീക്ക് വംശത്തിൽപെട്ട അരാനോ ചീബോയുടെയും തെയോദോറീനയുടെയും മകനായി എ.ഡി. 1432 -ൽ ജൊവാന്നി ബത്തിസ്ത ജനിച്ചു. അരാനോ നേപ്പിൾസിലെ വൈസ്റോയി ആയും റോമിലെ സെനറ്റർ ആയും ജോലി ചെയ്ത ആളാണ്. ജൊവാന്നിയുടെ ചെറുപ്പകാലം നേപ്പിൾസിൽ ആയിരുന്നു ചിലവഴിച്ചത്. കാപ്പൂവ കത്തീഡ്രലിലെ കാനൻ ആയി സേവനം അനുഷ്ഠിച്ച ജൊവാന്നി ഉപരിപഠനാർത്ഥം റോമിലേക്കു പോയി.

നിക്കോളാസ് മാർപാപ്പയുടെ അർദ്ധസഹോദരനായിരുന്ന കർദ്ദിനാൾ കലന്ത്രിനിയുടെ കൂടെ ഒരു പുരോഹിതനായി ജോവാന്നി കുറേ നാൾ ജോലി ചെയ്തു. എ.ഡി. 1467 -ൽ സവോണ രൂപതയുടെ ബിഷപ്പായി പോൾ രണ്ടാമൻ മാർപാപ്പ അദ്ദേഹത്തെ നിയമിച്ചു. സിക്സ്റ്റസ് മാർപാപ്പയാണ് ജൊവാന്നിയെ സാന്താ സിസിലിയ ദേവാലയത്തിലെ കർദ്ദിനാളായി നിയമിച്ചത്. സിക്സ്റ്റസ് മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന്റെ അനന്തരവൻ കർദ്ദിനാൾ ജൂലിയാനോയുടെ (പിന്നീട് പോപ്പ് ജൂലിയസ്) ശ്രമഫലമായി കർദ്ദിനാൾ ജൊവാന്നി ബത്തിസ്ത മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഇന്നസെന്റ് എട്ടാമൻ മാർപാപ്പ ഭരണത്തിന്റെ ആരംഭത്തിൽ തന്നെ തുർക്കികൾക്കെതിരെ ഒരു കുരിശുയുദ്ധത്തിന് ആഹ്വാനം ചെയ്‌തെങ്കിലും യൂറോപ്പിലെ ഭരണാധികാരികൾക്കിടയിലുള്ള അനൈക്യം കാരണം അത് വിജയിച്ചില്ല. എന്നാൽ അദ്ദേഹത്തിന്റെ ജീവിതത്തിന്റെ അവസാന നാളുകളിൽ സ്പെയിനിലെ ഗ്രനാഡ പ്രദേശത്തു നിന്നും അവശേഷിച്ചിരുന്ന മൂർ വംശജരായ മുസ്ലീങ്ങളെ പൂർണ്ണമായും പുറത്താക്കി എന്ന വാർത്ത കേൾക്കുന്നതിനിടയായി.

ഇന്നസെന്റ് എട്ടാമൻ സഭയെ നയിച്ചത് അക്കാലത്തെ രാജാക്കന്മാരുടെ ഭരണരീതിയിൽ ആയിരുന്നു. കർദ്ദിനാളന്മാർ പ്രഭുക്കന്മാരെപ്പോലെ ജീവിക്കുകയും പെരുമാറുകയും ചെയ്തു. മാർപാപ്പ ഭരണത്തിലെ ഏറ്റം വിമർശനം ഏറ്റുവാങ്ങിയ ഒരു യുഗത്തിന്റെ ആരംഭമായിരുന്നു ഇത്. സ്പെയിനിൽ നിലവിലുണ്ടായിരുന്ന മതവിചാരണ കോടതികളെ കൂടാതെ ജർമ്മനിയിലും പാഷണ്ഡികളെ കുറ്റവിചാരണ ചെയ്യുന്നതിനും ശിക്ഷിക്കുന്നതിനും മതകോടതികൾ സ്ഥാപിച്ചു. അതുപോലെ തന്നെ ദണ്ഡവിമോചനങ്ങൾ പണത്തിനു വേണ്ടി വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്തു. ഈ സംഭവവികാസങ്ങളൊക്കെ മാർട്ടിൻ ലൂഥറിന്റെ നേതൃത്വത്തിലുള്ള പ്രോട്ടസ്റ്റന്റ് നവീകരണത്തിന് വഴിയൊരുക്കുന്നതായിരുന്നു. “എന്നെക്കാൾ മെച്ചപ്പെട്ട ഒരാളെ പിൻഗാമിയായി തിരഞ്ഞെടുക്കണമെന്ന്” അദ്ദേഹം മരിക്കുന്നതിന് മുൻപായി പറഞ്ഞു എന്ന് പറയപ്പെടുന്നു. എ.ഡി. 1492 ജൂലൈ 25 -ന് കാലം ചെയ്ത ഇന്നസെന്റ് എട്ടാമൻ മാർപാപ്പയെ അടക്കിയിരിക്കുന്നത് വി. പത്രോസിന്റെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.