പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 208 – നിക്കോളാസ് V (1397-1455)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1447 മാർച്ച് 6 മുതൽ 1455 നവംബർ 13 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് നിക്കോളാസ് അഞ്ചാമൻ. ഇറ്റലിയിലെ സർസ്വാന പട്ടണത്തിൽ ഒരു ഡോക്ടർ ആയിരുന്ന ബർത്തലോമിയയുടെയും അന്ത്രയോളയുടെയും മകനായി തൊമാസ്സോ പരന്തുചെല്ലി എ.ഡി. 1397 -ൽ ജനിച്ചു. പിതാവ് ചെറുപ്പത്തിലേ മരിച്ചതിനാൽ പ്രഭുകുടുംബങ്ങളിലെ കുട്ടികളെ പഠിപ്പിച്ചു കൊണ്ടാണ് തന്റെ വിദ്യാഭ്യാസത്തിനുള്ള പണം അദ്ദേഹം കണ്ടെത്തിയത്. ബൊളോഞ്ഞയിലെയും ഫ്ലോറൻസിലെയും സർവ്വകലാശാലകളിൽ അദ്ദേഹം ദൈവശാസ്ത്രം അഭ്യസിച്ചു. തൊമാസ്സോയുടെ കഴിവിൽ മതിപ്പു തോന്നിയ അൽബെർഗാത്തിയിലെ ബിഷപ് നിക്കൊളോ ജർമ്മനി, ഫ്രാൻസ്, ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ പഠനാർത്ഥം പോകുന്നതിനുള്ള സഹായം ചെയ്തു.

എ.ഡി. 1444 -ൽ തൊമാസ്സോയെ ബൊളോഞ്ഞ രൂപതയുടെ ബിഷപ്പായി നിയമിച്ചു. ഫ്രാങ്ക്ഫർട്ടിൽ മാർപാപ്പയുടെ പ്രതിനിധിയായി ചർച്ചകളിൽ സംബന്ധിച്ച് തിരികെയെത്തിയപ്പോൾ യൂജിൻ മാർപാപ്പ തൊമാസ്സോയെ റോമിലെ സാന്ത സൂസന്ന ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി നിയമിച്ചു. എ.ഡി. 1447 -ലെ കോൺക്ലേവിൽ മാർപാപ്പയായും അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. എ.ഡി. 1450 ജൂബിലി വർഷമായി ആചരിക്കുകയും അതിന്റെ വരുമാനം കൊണ്ട് റോമിൻ നഗരത്തെ നവീകരിക്കുകയും ചെയ്തു. റോമിലെ ജലവിതരണ സംവിധാനം ആധുനികവത്ക്കരിക്കുകയും റോമിലെ പ്രസിദ്ധമായ ത്രേവി ജലധാര നിർമ്മാണത്തിന് മുൻകൈയ്യെടുക്കുകയും ചെയ്തു. അനേകം ദേവാലയങ്ങൾ ഇക്കാലത്ത് പുനർനിർമ്മിക്കപ്പെട്ടു.

മാർപാപ്പമാരുടെ ഔദ്യോഗിക വസതി ലാറ്ററൻ ബസിലിക്കയിൽ നിന്നും വത്തിക്കാനിലേക്കു മാറ്റാനുള്ള പരിശ്രമങ്ങൾ തുടങ്ങിയത് നിക്കോളാസ് മാർപാപ്പയാണ്. മോഷണമുതലായി മാറിയ കൊളോസിയത്തിലെ മാർബിൾ കല്ലുകൾ വത്തിക്കാൻ നിർമ്മിതിക്കായി ഉപയോഗിച്ചു. ധാരളം ഗ്രീക്ക് ഗ്രന്ഥങ്ങൾ ലത്തീൻ ഭാഷയിലേക്ക് വിവർത്തനം ചെയ്യപ്പെട്ടു. പല ഗ്രന്ഥങ്ങളുടെയും കൈയ്യെഴുത്തുപ്രതിയുടെ അയ്യായിരം വാള്യങ്ങൾ അദ്ദേഹം അങ്ങനെ രൂപപ്പെടുത്തി. ഇതാണ് പിന്നീട് പ്രസിദ്ധമായ വത്തിക്കാൻ ലൈബ്രറിക്ക് അടിസ്ഥാനമിടുന്നത്. എ.ഡി. 1453 മെയ് 29 -ന് കോൺസ്റ്റാന്റിനോപ്പിൾ തുർക്കികൾ പിടിച്ചടക്കിയത് ക്രിസ്തീയ വിശ്വാസത്തിനേറ്റ വലിയ ക്ഷതമായിരുന്നു. കോൺസ്റ്റാന്റിനോപ്പിൾ വീണ്ടെടുക്കാൻ മാർപാപ്പ യൂറോപ്പിലെ ക്രിസ്തീയരാജ്യങ്ങളെ ഒരുക്കിയ ശ്രമങ്ങളൊന്നും വിജയം കണ്ടില്ല. എ.ഡി. 1455 മാർച്ച് 24 -ന് കാലം ചെയ്ത നിക്കോളാസ് മാർപാപ്പയെ വി. പത്രോസിന്റെ ബസിലിക്കയിലാണ് അടക്കിയിരിക്കുന്നത്. സഭ ഔദ്യോഗികമായി വിശുദ്ധനായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും പല ചരിത്രകാരന്മാരും അദ്ദേഹത്തിന്റെ ജീവിതവും സംഭാവനകളും ചരിത്രത്തിൽ വിലമതിക്കാനാവാത്തത് എന്നാണ് വിലയിരുത്തിയിട്ടുള്ളത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.