പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 206 – മാർട്ടിൻ V (1369-1431)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1417 നവംബർ 11 മുതൽ 1431 ഫെബ്രുവരി 20 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് മാർട്ടിൻ അഞ്ചാമൻ. റോമിനടുത്തുള്ള ജെനസ്സാനോ എന്ന സ്ഥലത്ത് 1369 -ൽ അഗാപ്പിത്തോയുടെയും കത്തറീനയുടെയും മകനായി ഒഡോണെ കൊളോണ ജനിച്ചു. റോമിലെ പുരാതനവും പ്രസിദ്ധവുമായ ഒരു കുടുംബമായിരുന്നു ഇദ്ദേഹത്തിന്റേത്. ഒഡോണെയുടെ സഹോദരൻ സലെർമോയിലെ രാജകുമാരനും വെനോസയിലെ ഡ്യൂക്കും ആയിരുന്നു. ഇറ്റലിയിലെ മിലാനിനടുത്തുള്ള പവിയ സർവ്വകലാശാലയിൽ നിയമപഠനം പൂർത്തിയാക്കിയ ഒഡോണെ, ഉർബൻ നാലാമൻ മാർപാപ്പയുടെ നിയമകാര്യസ്ഥനായി നിയമിക്കപ്പെട്ടു. ഇന്നസെന്റ് ഏഴാമൻ മാർപാപ്പ അദ്ദേഹത്തെ വലേർബോയിലെ സാൻ ജോർജിയോ ദേവാലയത്തിലെ കർദ്ദിനാൾ ഡീക്കനായി നിയമിച്ചു.

പൗരസ്ത്യ സഭയിലെ ഭിന്നതക്ക് അന്ത്യം കുറിക്കാൻ പിസായിൽ കൂടിയ കൗൺസിലിൽ കർദ്ദിനാൾ ഒഡോണെ സംബന്ധിച്ചു. കോൺസ്റ്റാൻസ് കൗൺസിലിൽ ആന്റിപോപ്പായിരുന്ന ജോൺ ഇരുപത്തിമൂന്നാമനെ പിന്തുണച്ചുവെങ്കിലും പിന്നീട് അദ്ദേഹത്തെ പുറത്താക്കുന്നതിനെയും അനുകൂലിച്ചു. മൂന്നു പേർ മാർപാപ്പാസ്ഥാനം അവകാശപ്പെടുന്ന അവസ്ഥയായിരുന്നു ഇക്കാലയളവിൽ നിലനിന്നത്. ഗ്രിഗറി പന്ത്രണ്ടാമൻ മാർപാപ്പ സ്ഥാനത്യാഗം ചെയ്യുകയും മറ്റു രണ്ടു പേരെ പുറത്താക്കുകയും ചെയ്തു. ഇതിനു ശേഷം രണ്ടര വർഷം കഴിഞ്ഞാണ് മാർട്ടിൻ മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. കോൺസ്റ്റൻസ് കൗൺസിലിൽ വച്ച് വി. മാർട്ടിന്റെ തിരുനാൾ ദിവസം കർദ്ദിനാൾ ഒഡോണെ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഈ തിരഞ്ഞെടുപ്പോടു കൂടിയാണ് ദീർഘനാളത്തെ ഭിന്നതക്ക് അവസാനമാവുന്നത്. ചരിത്രത്തിൽ മാർട്ടിൻ എന്ന പേര് സ്വീകരിക്കുന്ന അവസാന മാർപാപ്പയാണ് ഇദ്ദേഹം.

റോമിലെ സംവിധാനങ്ങൾ നവീകരിക്കുന്നതിനും ദേവാലയങ്ങൾ പുതുക്കിപ്പണിയുന്നതിനും അദ്ദേഹം തന്റെ ശ്രദ്ധ കേന്ദ്രീകരിച്ചു. റോമിലെ രാഷ്ട്രീയ അസ്ഥിരത കാരണം ലാറ്ററൻ ബസിലിക്കയിൽ നിന്ന് മരിയ മജോറയിലേക്കും പിന്നീട് സാന്തി അപ്പൊസ്‌തോലി ബസിലിക്കയിലേക്കും മാർപാപ്പ തന്റെ താമസം മാറ്റുന്നു. മാർട്ടിൻ മാർപാപ്പയുടെ നയതന്ത്രം യൂറോപ്പിൽ സഭയുടെ യശസ്സ് ഉയർത്തുന്നതിനു കാരണമായി. കർദ്ദിനാളന്മാരായി നിയമിക്കുന്നതിന് ഒരാളുടെ കഴിവും സഭാസ്നേഹവുമായിരിക്കണം മാനദണ്ഡമെന്നും അദ്ദേഹം നിശ്ചയിച്ചു. യഹൂദന്മാരോട് ആദരവും സ്നേഹവുമുണ്ടായിരുന്ന മാർപാപ്പ, അവർക്കെതിരെയുള്ള പ്രസംഗങ്ങൾ വിലക്കുകയും നിർബന്ധിച്ചു മാമ്മോദീസ നൽകുന്നത് നിരോധിക്കുകയും ചെയ്തു. എ.ഡി. 1431 ഫെബ്രുവരി 20 -ന് അറുപത്തിരണ്ടാം വയസ്സിൽ പെട്ടെന്നൊരു സ്ട്രോക്ക് വന്ന് മാർട്ടിൻ മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തിന്റെ ഭൗതീകശരീരം അന്ത്യവിശ്രമം കൊള്ളുന്നത് ലാറ്ററൻ ദേവാലയത്തിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.