പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 205 – ഗ്രിഗറി XII (1326-1417)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1406 നവംബർ 30 മുതൽ 1415 ജൂലൈ 4 വരെയുള്ള കാലയളവിൽ സഭയ്ക്ക് നേതൃത്വം നൽകിയ മാർപാപ്പയാണ് ഗ്രിഗറി പന്ത്രണ്ടാമൻ. ഇറ്റലിയിലെ വെനീസിലുള്ള ഒരു പ്രഭുകുടുംബത്തിൽ എ.ഡി. 1326 -ലാണ് ആഞ്ചലോ കൊറാറോ ജനിച്ചത്. കാസ്റ്റില്ലോ രൂപതയുടെ ബിഷപ്പായി എ.ഡി. 1380 -ൽ അദ്ദേഹം നിയമിതനായി. പത്തു വർഷത്തിനു ശേഷം കോൺസ്റ്റാന്റിനോപ്പിളിലെ ലത്തീൻ പാത്രിയർക്കീസായി അദ്ദേഹത്തെ നിയമിച്ചു. ഇക്കാലത്ത് ഇതൊരു ആലങ്കാരിക പദവി മാത്രമായിരുന്നു. വെനീസിലെ പ്രസിദ്ധമായ സാൻ മാർക്കോ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായി ഇന്നസെന്റ് ഏഴാമൻ മാർപാപ്പ ആഞ്ചലോയെ നിയമിച്ചു. ഈ സമയത്ത് മാർപാപ്പയുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചു.

ഇന്നസെന്റ് ഏഴാമൻ മാർപാപ്പ കാലം ചെയ്തപ്പോൾ അദ്ദേഹത്തിന് പിൻഗാമിയെ കണ്ടത്താനായി ഒരുമിച്ചുകൂടിയ കർദ്ദിനാളന്മാർ തിരഞ്ഞെടുപ്പിനു മുൻപ് മൂന്ന് പ്രതിജ്ഞകൾ എടുത്തു. 1. സഭയിൽ ഐക്യം സംജാതമാക്കാൻ അവിഞ്ഞോണിലെ ആന്റിപോപ്പ് ബെനഡിക്ട് പതിമൂന്നാമൻ രാജി വച്ചാൽ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെടുന്നയാൾ രാജി വയ്ക്കുക. 2. പ്രശ്നം പരിഹരിക്കുന്നതു വരെ പുതിയതായി കർദ്ദിനാളന്മാരെ വാഴിക്കാതിരിക്കുക. 3. മൂന്നു മാസത്തിനകം ബെനഡിക്ട് പതിമൂന്നാമനുമായി ഒരുമിച്ചു കാണുക. എൺപതു വയസുള്ള ആഞ്ചലോ മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഇറ്റലിയിലെ സാവോണ നഗരത്തിൽ വച്ച് ബെനഡിക്ടും ഗ്രിഗറിയും കൂടിക്കാണുന്നതിന് നിശ്ചയിച്ചെങ്കിലും നടന്നില്ല. പിന്നീട് ഗ്രിഗറി മാർപാപ്പ നാല് കർദ്ദിനാളന്മാരെ പുതിയതായി വാഴിച്ചത് പ്രശ്നങ്ങൾ സങ്കീർണ്ണമാക്കി.

ഇതിനിടയിൽ ചില കർദ്ദിനാളന്മാർ ഇറ്റലിയിലെ പിസായിൽ ഒരുമിച്ചുകൂടി ഗ്രിഗറിയെയും ബെനഡിക്ടിനെയും പുറത്താക്കി അലക്‌സാണ്ടർ അഞ്ചാമൻ എന്നൊരാളെ മാർപാപ്പയാക്കി (അദ്ദേഹം ഇപ്പോൾ ആന്റിപോപ്പുമാരുടെ ഗണത്തിലാണ് ഉൾപ്പെട്ടിരിക്കുന്നത്). ഗ്രിഗറി മാർപാപ്പ കാര്യങ്ങളുടെ പോക്കിൽ അതീവദുഃഖിതനായി കോൺസ്റ്റാൻസിൽ വച്ച് ഒരു കൗൺസിൽ വിളിച്ചുകൂട്ടി. എ.ഡി. 1415 ജൂലൈ 4 -ന് മാർപാപ്പയുടെ പ്രതിനിധി കർദ്ദിനാൾ മലതേസ്ത മാർപാപ്പ സഭയിൽ ഐക്യവും സമാധാനവും സംജാതമാക്കുന്നതിനായി സ്ഥാനത്യാഗം ചെയ്യുന്നുവെന്ന് പ്രഖ്യാപിച്ചു. കൂടാതെ, മാർപാപ്പ സ്ഥാനം അവകാശപ്പെട്ടിരുന്ന മറ്റുള്ളവരെ പുറത്താക്കുകയും ചെയ്തു. അങ്ങനെ ദീർഘകാലം റോമൻ സഭയെ അലട്ടിയ വിഭജനത്തിന് അന്ത്യമായി. ഗ്രിഗറി പന്ത്രണ്ടാമനു ശേഷം വീണ്ടും ഒരു മാർപാപ്പ സ്ഥാനത്യാഗം ചെയ്യുന്നത് 598 വർഷങ്ങൾക്കു ശേഷം 2013 -ൽ ബെനഡിക്ട് പതിനാറാമൻ മാർപാപ്പയാണ്. പിന്നീട് രണ്ടര വർഷത്തോളം കഴിഞ്ഞാണ് അടുത്ത മാർപാപ്പയുടെ തിരഞ്ഞെടുപ്പ് നടക്കുന്നത്. തന്റെ തൊണ്ണൂറാം വയസ്സിൽ എ.ഡി. 1417 ഒക്ടോബർ 18 -ന് ഗ്രിഗറി മാർപാപ്പ കാലം ചെയ്തു. അദ്ദേഹത്തെ അടക്കിയിരിക്കുന്നത് റിക്കനാത്തി കത്തീഡ്രലിൽ ആണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.