പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 203 – ബോനിഫസ് IX (1350-1404)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1389 നവംബർ 2 മുതൽ 1404 ഒക്ടോബർ 1 വരെയുള്ള കാലയളവിൽ സഭയുടെ അദ്ധ്യക്ഷസ്ഥാനം അലങ്കരിച്ച മാർപാപ്പയാണ് ബോനിഫസ് ഒൻപതാമൻ. ഇറ്റലിയിലെ നേപ്പിൾസിൽ എ.ഡി. 1350 -ലാണ് പിയെത്രോ തോമച്ചെല്ലി ജനിച്ചത്. ബോനിഫസ് എന്ന നാമം സ്വീകരിച്ചിരിക്കുന്ന ചരിത്രത്തിലെ അവസാനത്തെ മാർപാപ്പയാണ് ഇദ്ദേഹം. ക്ലമന്റ് ഏഴാമൻ എന്ന പേരോടു കൂടി അവിഞ്ഞോൺ കേന്ദ്രമാക്കി ആന്റിപോപ്പ് ഈ കാലത്ത് നിലവിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ മരണശേഷം ബെനഡിക്റ്റ് പതിമൂന്നാമൻ എന്നൊരു ആന്റിപോപ്പ് 29 വർഷത്തോളം ജീവിച്ചിരുന്നു. ഗ്രിഗറി പതിനൊന്നാമൻ കാലം ചെയ്തപ്പോൾ കർദ്ദിനാളന്മാർ റോമിലെ സാന്താ അനസ്തേസിയ ദേവാലയത്തിലെ കർദ്ദിനാൾ പുരോഹിതനായിരുന്ന പിയെത്രോ തോമച്ചെല്ലിയെ അടുത്ത മാർപാപ്പയായി തിരഞ്ഞെടുത്തു. ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങൾ ബോനിഫസിനെ മാർപാപ്പയായി സ്വീകരിച്ചപ്പോൾ ഫ്രാൻസും അവരുടെ മിത്രങ്ങളും അവിഞ്ഞോണിലുള്ള ആന്റിപോപ്പിനെയാണ് അംഗീകരിച്ചത്.

തന്റെ മുൻഗാമിയിൽ നിന്നും വളരെ വ്യത്യസ്തനായിരുന്നു ബോനിഫസ്. മാറി നിന്ന കർദ്ദിനാളന്മാരുടെ പിന്തുണ ഉറപ്പാക്കുകയും റോമിൽ ക്രമസമാധാനവും ശാന്തതയും കൈവരുത്തുന്നതിന് പരിശ്രമിക്കുകയും ചെയ്തു. എ.ഡി. 1400 ജൂബിലി വർഷമായി ആചരിച്ചപ്പോൾ വിനാശകാരിയായ പ്ലേഗിനെ അവഗണിച്ചും അനേകലക്ഷം തീർത്ഥാടകർ റോമിലെത്തി. എ.ഡി. 1399 -ൽ “വെളുത്ത അനുതാപികൾ” എന്നൊരു വിഭാഗം ഫ്രാൻസ്, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ ഉദയം ചെയ്തു. പുറകിൽ ചുമന്ന കുരിശോടു കൂടിയ വെളുത്ത മേലങ്കിയും, ശിരോവസ്ത്രവും ധരിച്ച്, വലിയ കുരിശേന്തി മുൻപേ പോകുന്ന നേതാവിനെ പാട്ടും പാടി അനുഗമിക്കുന്ന ഒരു കൂട്ടം ആളുകളായിരുന്നു ഇത്. അന്ത്യവിധി ഉടനുണ്ടാകുമെന്നും മാതാവ് പ്രത്യക്ഷപ്പെടുമെന്നുമൊക്കെ ഇവർ പ്രസംഗിച്ചു. എന്നാൽ റോമിലെത്തിയ ഇവരുടെ നേതാവിനെ ജനക്കൂട്ടം ചുട്ടുകൊന്നതോടു കൂടി അവർ അപ്രത്യക്ഷമാവുന്നു.

റോമിലെ പ്രസിദ്ധ കൊട്ടാരമായ കാസിൽ സാന്താഞ്ചലോ ബോനിഫസ് പുനർനിർമ്മിക്കുകയും റോമിന്റെ മതിലുകൾ ശക്തിപ്പെടുത്തുകയും ചെയ്തു. ജൂബിലിയുമായി ബന്ധപ്പെട്ടു പുറപ്പെടുവിച്ച ദണ്ഡവിമോചനങ്ങൾ പലരും ദുരുപയോഗം ചെയ്യുന്ന അവസ്ഥയുണ്ടായി. എ.ഡി. 1404 -ൽ ആന്റി പോപ്പായിരുന്ന ബെനഡിക്ട് പതിമൂന്നാമൻ ചർച്ചകൾക്കായി ഒരു സംഘത്തെ റോമിലേക്ക് അയച്ചെങ്കിലും മാർപാപ്പ അവരുടെ ആവശ്യങ്ങൾ നിരാകരിക്കുന്നു. പക്ഷേ, അധികം താമസിയാതെ ഒക്ടോബർ 1 -ന് മാർപാപ്പ കാലം ചെയ്തത് റോമക്കാർക്ക് ഈ സംഘത്തോട് വിരോധം ഉണ്ടാവുന്നതിനും അവരെ ജയിലിലടക്കുന്നതിനും ഇടയാക്കി. വി. പത്രോസിന്റെ ബസിലിക്കയിലാണ് മാർപാപ്പയെ അടക്കിയിരിക്കുന്നത്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.