പത്രോസ് മുതല്‍ ഫ്രാന്‍സിസ് വരെ: മാര്‍പാപ്പാമാരുടെ ജീവിതത്തിലൂടെ 191 – നിക്കോളാസ് IV (1227-1292)

ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍
ഫാ. മാത്യു ചാര്‍ത്താക്കുഴിയില്‍

ക്രിസ്തുവർഷം 1288 ഫെബ്രുവരി 22 മുതൽ 1292 ഏപ്രിൽ 4 വരെയുള്ള കാലയളവിൽ സഭയെ നയിച്ച മാർപാപ്പയാണ് നിക്കോളാസ് നാലാമൻ. എ.ഡി. 1227 -ൽ ഇറ്റലിയിലെ പെറൂജ പ്രദേശത്തുളള ലിസിയാനോയിലാണ് ജറോം മാസ്ചി ജനിച്ചത്. ചെറുപ്പത്തിലേ ഫ്രാൻസിസ്‌ക്കൻ സന്യാസാശ്രമത്തിൽ ചേരുകയും പിന്നീട് അധികാരികളുടെ ആവശ്യപ്രകാരം ദൈവശാസ്ത്രത്തിൽ ഡോക്ടർ ബിരുദം സമ്പാദിക്കുകയും ചെയ്തു. ഗ്രിഗറി പത്താമൻ മാർപാപ്പ ബൈസന്റൈൻ സാമ്രാജ്യത്തിലേക്ക് തന്റെ പ്രതിനിധിയായി അയച്ച നാല് ഫ്രാൻസിസ്‌ക്കൻ സന്യാസിമാരിൽ ഒരാളായിരുന്നു ജറോം മാസ്ചി. എ.ഡി. 1274 -ൽ ലിയോൺസിൽ വച്ച് ഫ്രാൻസിസ്‌ക്കൻ ജനറൽ ആയിരുന്ന ബൊനവഞ്ചർ മരിക്കുമ്പോൾ അദ്ദേഹത്തിന്റെ പിൻഗാമിയായി കോൺസ്റ്റാന്റിനോപ്പിളിൽ ആയിരുന്ന ജറോം തിരഞ്ഞെടുക്കപ്പെട്ടു.

ഫ്രാൻസിസ്‌ക്കൻ സന്യാസ സഭയുടെ മിനിസ്റ്റർ ജനറൽ ആയിരുന്ന സമയത്തും മാർപാപ്പമാർ നയതന്ത്രദൗത്യവുമായി ജറോം മാസ്ചിയെ പല സ്ഥലങ്ങളിലേക്കും അയക്കുന്നുണ്ട്. എ.ഡി. 1278 -ൽ നിക്കോളാസ് മൂന്നാമൻ മാർപാപ്പ ജറോമിനെ കർദ്ദിനാൾ പുരോഹിതനാക്കുന്നു. ഈ സമയത്തും ഫ്രാൻസിസ്‌ക്കൻ മിനിസ്റ്റർ ജനറലായി അദ്ദേഹം തുടർന്നു. എ.ഡി. 1281 -ൽ പലസ്ത്രീന രൂപതയുടെ കർദ്ദിനാൾ ബിഷപ്പായി ജെറോമിനെ മാർട്ടിൻ നാലാമൻ മാർപാപ്പ നിയമിക്കുന്നു. ഹൊണോറിയോസ് മാർപാപ്പ കാലം ചെയ്തു കുറെ മാസങ്ങൾ കഴിഞ്ഞും അദ്ദേഹത്തിന്റെ പിൻഗാമിക്കായുള്ള കാത്തിരിപ്പ് അനന്തമായി നീണ്ടുപോയി. അവസാനം എ.ഡി. 1228 ഫെബ്രുവരി 15 -ന് കർദ്ദിനാൾ ജറോം മാർപാപ്പയായി തിരഞ്ഞെടുക്കപ്പെട്ടു. ഒരാഴ്ചക്കാലത്തോളം അദ്ദേഹം ഈ സ്ഥാനം സ്വീകരിക്കാതെ മാറിനിന്നെങ്കിലും എല്ലാവരുടെയും നിർബന്ധത്തിന് വഴങ്ങി ഫെബ്രുവരി 22 -ന് മാർപാപ്പയായി അധികാരമേറ്റു. അങ്ങനെ ആദ്യത്തെ ഫ്രാൻസിസ്‌ക്കൻ മാർപാപ്പ നിക്കോളാസ് നാലാമൻ എന്ന പുതിയ പേരും സ്വീകരിച്ചു.

നിക്കോളാസ് മാർപാപ്പ നടപ്പാക്കിയ പുതിയ പരിഷ്‌ക്കാരങ്ങൾ പ്രകാരം കർദ്ദിനാളന്മാർക്ക് കൂടുതൽ അധികാരങ്ങൾ ലഭിച്ചു. തിരുസിംഹാസനത്തിന്റെ സാമ്പത്തിക കാര്യങ്ങൾ കൈകാര്യം ചെയ്യുന്നതിന് അവരിൽ ചിലരെ ചുമതലപ്പെടുത്തി. അന്ന് ഇറ്റലിയിലെ പല രാജാക്കന്മാരുമായി നിലനിന്നിരുന്ന കരാറുകൾ പുതുക്കുകയും തിരുസിംഹാസനത്തിന്റെ അധികാരങ്ങൾ വിപുലീകരിക്കുകയും ചെയ്തു. പോർച്ചുഗല്ലിലെ ഡെനിസ് രാജാവ് ലിസ്ബണിൽ സ്ഥാപിച്ച സ്‌കൂളിന് റോമിൽ നിന്ന് സർവ്വകലാശാല പദവി നൽകുകയും ചെയ്തു. നിക്കോളാസ് നാലാമൻ മാർപാപ്പ സുവിശേഷ പ്രഘോഷണം നടത്തുന്നതിനായി ബൾഗേറിയ, എത്തിയോപ്പിയ, മംഗോളിയ, ചൈനീസ് പ്രദേശങ്ങളിലേക്ക് മിഷനറിമാരെ അയക്കുന്നു. എ.ഡി. 1292ഏപ്രിൽ 4 -ന് കാലം ചെയ്ത നിക്കോളാസ് മാർപാപ്പയെ അടക്കിയിരിക്കുന്നത് മരിയ മജോറെ ബസിലിക്കയിലാണ്.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.