ക്രിസ്തുവിനെ കാണാൻ സഹനച്ചിറകിലേറി യാത്രയാകുന്ന സ്റ്റെലിനച്ചൻ

ക്രിസ്തുവിനോടുള്ള അതിയായ സ്നേഹത്തെപ്രതി പ്രതിസന്ധികൾ അതിജീവിച്ച് ക്രിസ്തുവിനായി ജീവിക്കാൻ പൗരോഹിത്യത്തിന്റെ പാത തിരഞ്ഞെടുത്ത ഫാ. സ്റ്റെലിൽ ജെസെന്തർ. ഇപ്പോഴിതാ താൻ ആഗ്രഹിച്ചതുപോലെ ക്രിസ്തുവിനെ ദർശിക്കാൻ വളരെ നേരത്തെ സ്വർഗീയഭവനത്തിലേക്ക് യാത്രയായിരിക്കുന്നു.

1981 ഒക്ടോബർ 24-ാം തീയതി ജെസന്തർ-സെലിൻ ദമ്പതികളുടെ നാലുമക്കളിൽ മൂത്തമകനായി തിരുവനന്തപുരം അതിരൂപതയിലെ തൂത്തൂർ ഫെറോനയിലെ വള്ളവിള ഇടവകയിലാണ് ജനനം. പ്രാഥമിക വിദ്യഭ്യാസം മുതൽ ഹയർ സെക്കൻഡറി വരെയുള്ള പഠനം മാർത്താണ്ഡൻതുറ സെന്റ് അലോഷ്യസ് ഹയർ സെക്കന്ററി സ്കൂളിൽ പൂർത്തിയാക്കി. തുടർന്ന് ജീസസ്സ് യൂത്തിലെ സജീവപ്രവർത്തകനാവുകയും തന്റെ ജീവിതംകൊണ്ട് യുവജനങ്ങളെ ക്രിസ്തുവിലേക്ക് കൊണ്ടുവരികയും ചെയ്തു. ഈ കാലയളവിൽ തൂത്തൂർ ഫെറോനയിലെ വിവിധ ഇടവകകളിലും, പുല്ലുവിള ഫെറോനയിലെ പരുത്തിയൂർ, തെക്കേ കൊല്ലങ്കോട് ഇടവകകളിലും ജീസസ്സ് യൂത്ത് പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങളിൽ മുഴുകി. തന്റെ ജീവിതസാക്ഷ്യം വിവരിച്ചും ബൈബിൾ പഠനക്ലാസ്സുകൾ, വാർഷികധ്യാനങ്ങൾ, വളർച്ചാധ്യാനങ്ങൾ, നേതൃത്വപരിശീലനം എന്നിവയിലൂടെയും നിരവധി യുവതീയുവാക്കളെ ക്രിസ്തുസ്നേഹത്തിലേക്ക് കൊണ്ടുവരാൻ സാധിച്ചു. തത്ഫലമായി ക്രിസ്തുവിനെ തങ്ങളുടെ രക്ഷകനും നാഥനുമായി സ്വീകരിച്ചുകൊണ്ട് ദൈവാശ്രയത്തിൽ ജീവിതം ക്രമപ്പെടുത്താൻ സാധിച്ചുവെന്ന് ഈ മേഖയിലെ നിരവധി യുവജനങ്ങൾ സാക്ഷ്യപ്പെടുത്തുന്നു.

ജീസസ്സ് യൂത്ത് പ്രവർത്തനങ്ങൾക്കൊപ്പം വിശുദ്ധരുടെ ജീവചരിത്രങ്ങൾ പഠിക്കാനും ധ്യാനിക്കാനും അച്ചൻ സമയം കണ്ടെത്തിയിരുന്നു. എല്ലാ വിശുദ്ധരുടെയും ജീവിതത്തിൽ പൊതുവായി അച്ചൻ ശ്രദ്ധിച്ചിരുന്നത് സഹനമായിരുന്നു. ഒരിക്കൽ തന്റെ സുഹൃത്തിനോട് അച്ചൻ ഇപ്രകാരം പങ്കുവയ്ക്കുകയുണ്ടായി: “സഹനംകൊണ്ടേ ദൈവം ആഗ്രഹിക്കുന്ന വിശുദ്ധിയിലേക്കെത്താൻ സാധിക്കൂ. അത്‌ എല്ലാ വിശുദ്ധരുടെയും ജീവിതത്തിൽ പ്രകടവുമാണ്‌. അത്തരം സഹനങ്ങൾ എന്റെ ജീവിതത്തിലും ലഭിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കാരണം എനിക്കും വിശുദ്ധിയോടെ ദൈവത്തെ കാണണം.” ഈയൊരു ആഗ്രഹം ഉടലെടുത്ത സമയത്താണ്‌ അച്ചനിൽ കാൻസർ രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങുന്നത്. രോഗം സ്ഥിരീകരിച്ചപ്പോഴും യാതൊരുവിധ പരിഭവവും കാണിക്കാതെ പകരം ദൈവം തന്റെ ആഗ്രഹം മനസ്സിലാക്കി ജീവിതത്തിൽ സഹനങ്ങൾ തന്നുതുടങ്ങിയിരിക്കുന്നു എന്ന സന്തോഷത്തിലായിരുന്നു അച്ചൻ.

ചികിത്സ നടക്കുന്ന അവസരത്തിൽ അച്ചന്റെ ആഗ്രഹം ഇതായിരുന്നു, വൈദികനാകണം. ഒരു ദിവസമെങ്കിലും ദിവ്യബലിയർപ്പിച്ചുകൊണ്ട് ഈ ലോകത്തിൽ നിന്നും ദൈവസന്നിധിയിൽ എത്തിചേരണം. അപ്പോഴും ആരോഗ്യം അനുവദിക്കുന്ന അവസരങ്ങളിലെല്ലാം യുവജനങ്ങൾക്കിടയിൽ തന്റെ സുവിശേഷപ്രവർത്തനം ഉത്സാഹപൂർവം നടത്തുന്നതിൽ യാതൊരു മുടക്കവും വരുത്തിയിരുന്നില്ല. എത്ര പ്രതിസന്ധികളുണ്ടായിരുന്നിട്ടും നോവിന്റെ അനുഭവങ്ങളുണ്ടായിരുന്നിട്ടും കർത്താവിൽ നിന്ന്, അവിടത്തെ സ്നേഹത്തിൽ നിന്ന് മാറിച്ചിന്തിക്കാനോ, അകന്നുപോകാനോ അദ്ദേഹത്തിനു കഴിയുമായിരുന്നില്ല. കാരണം അത്രയ്ക്കും യേശുവുമായി ഒരു ആത്മീയബന്ധം എപ്പോഴും കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു ഫാ. സ്റ്റെലിൻ. ഏതാനും മാസത്തെ ചികിത്സകൾക്കുശേഷം രോഗം ഭേദമായി. വൈദികനാകണമെന്നുള്ള തന്റെ ആഗ്രഹം തിരുവനന്തപുരം അതിരൂപത മെത്രാപ്പോലീത്ത, അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ മുമ്പാകെ വെളിപെടുത്തി. അച്ചനിൽ നിലനിന്നിരുന്ന തീക്ഷ്ണത മനസ്സിലാക്കിയ സൂസപാക്യം പിതാവ് സെമിനാരിയിലേക്ക് പ്രവേശനം നൽകി. സെമിനാരിജീവിതത്തിലും നിരവധി വെല്ലുവിളികളാണ്‌ അച്ചന്‌ അഭിമുഖീകരിക്കേണ്ടിവന്നത്.

വൈദിക പഠനകാലത്ത് സഹപാഠികൾക്ക് മാതൃകയും ഒരു വെല്ലുവിളിയുമായിരുന്നു തന്റെ എളിയജീവിതത്തിലൂടെ അച്ചൻ കാഴ്ചവച്ചത്. സെമിനാരിയിലായിരുന്ന കാലത്തും അദ്ദേഹത്തിന്റെ മനസ്സും ഹൃദയവും ഇടവകകളിലെ യുവജനങ്ങളോടൊപ്പമായിരുന്നു. പ്രതികൂലങ്ങളുണ്ടായപ്പോൾ കർത്താവിന്റെ മാറത്ത് ചേർന്നുനിന്നുകൊണ്ട് അവയെല്ലാം തരണം ചെയ്ത ധന്യജീവിതത്തിന്റെ ഉടമ. എല്ലാം തന്റെ ആശ്രയമായിരുന്ന ക്രിസ്തുവിനുമുന്നിൽ സമർപ്പിച്ചുകൊണ്ട് മേനംകുളം സെന്റ് വിൻസെന്റ് സെമിനാരിയിലും, ട്രിച്ചി സെന്റ് പോൾസ് മേജർ സെമിനാരിയിലും വൈദികപഠനം പൂർത്തിയാക്കി.

സൂസപാക്യം പിതാവിൽ നിന്ന് പൗരോഹത്യവസ്ത്രം സ്വീകരിച്ച സമയം തന്റെ ഒരാഗ്രഹം ദൈവത്തോട് പ്രാർഥനായി സമർപ്പിച്ചത് അച്ചൻ പങ്കുവയ്ക്കുകയുണ്ടായി. അത് ഇപ്രകാരമായിരുന്നു: “ദൈവമേ, ഞാൻ ഒരു വൈദികനായി അങ്ങേ തിരുശരീരം ദൈവജനത്തിനു നൽകുമ്പോൾ ഒരിക്കലും തിരുവോസ്തി എന്റെ കൈകളിൽ നിന്നും താഴെവീഴാൻ ഇടയാകരുതേ.” അത്രമാത്രം ദിവ്യകാരുണ്യഭക്തിയിൽ ജീവിക്കുകയും രോഗശയ്യയിലായിരുന്നപ്പോൾപോലും ദിവസവും ദിവ്യകാരുണ്യം സ്വീകരിക്കാനും ശ്രദ്ധിച്ചിരുന്ന വിശുദ്ധ വ്യക്തിത്വം. വൈദികനായശേഷം ഒരിക്കൽ ദിവ്യകാരുണ്യം നൽകി അൾത്താരയിലെ ബലിപീഠത്തിലെത്തിയപ്പോൾ ഒരു തിരുവോസ്തി താഴെവീഴാനിടയായി. വളരെ വ്യസനത്തോടെ തന്റെ അന്നത്തെ പ്രാർഥന ഓർത്തുകൊണ്ട് തിരുവോസ്തിയെടുക്കാൻ കുനിഞ്ഞപ്പോൾ ആ തിരുവോസ്തി തറയിൽവീഴാതെ കാറ്റിൽ ചലിച്ചുകൊണ്ടുനിൽക്കുന്നത് അച്ചൻ കണ്ടെന്നും തന്റെ പ്രാർഥനപോലെ തറയിൽവീഴാതെ സൂക്ഷിക്കാനായെന്നും പറഞ്ഞത് വളരെ അത്ഭുതത്തോടെയാണ്‌ ശ്രവിച്ചത്.

2020-ൽ അഭിവന്ദ്യ ക്രിസ്തുദാസ് പിതാവിൽ നിന്നും ഡീക്കൻപട്ടം സ്വീകരിച്ച് 2021 ഏപ്രിൽ 27-ന്‌ അഭിവന്ദ്യ സൂസപാക്യം പിതാവിന്റെ കൈവയ്‌പ്പ് ശുശ്രൂഷവഴി പുരോഹിതനായി. തുടർന്ന് മൂന്നു മാസക്കാലം തൂത്തൂർ ഇടവകയിലും ഒരു വർഷത്തോളം ചിന്നത്തുറ ഇടവകയിലും സഹവികാരിയായി തന്റെ പൗരോഹിത്യശുശ്രൂഷ ചെയ്യുന്ന വേളയിലാണ്‌ വീണ്ടും രോഗബാധിതനാകുന്നത്. ആദ്യഘട്ട രോഗാവസ്ഥയിൽ പുരോഹിതനായി ഒരു ദിവസമെങ്കിലും ദിവ്യബലിയർപ്പിക്കണമെന്ന് ആഗ്രഹിച്ച സ്റ്റെലിനച്ചന്‌ ദൈവം ഒരുവർഷത്തിലധികം ദിവ്യബലിയർപ്പിച്ച് ദൈവജനത്തിന്‌ ദിവ്യകാരുണ്യം പങ്കുവച്ച് നല്കാൻ അവസരമൊരുക്കി.

രണ്ടാംഘട്ട രോഗം പിടിപ്പെട്ട് ആർ.സി.സിയിലും, പ്രീസ്റ്റ് ഹോമിലും, ഭവനത്തിലുമായി ചികിത്സ തുടരുമ്പോൾ വിവരിക്കനാവാത്തവിധം വേദനകളിലൂടെയാണ്‌ അച്ചൻ കടന്നുപോയത്. അപ്പോഴൊക്കെ താൻ വായിച്ച വിശുദ്ധരുടെ ജീവചരിത്രവും, ‘സഹനങ്ങളിലൂടെയാണ്‌ വിശുദ്ധിയെങ്കിൽ സഹനത്തെ ഞാൻ സ്നേഹിക്കുന്നു’ എന്ന അച്ചന്റെ ആഗ്രഹവും അച്ചനെ ഒരിക്കൽപ്പോലും നിരാശയിലേക്ക് തള്ളിവിട്ടില്ല. പകരം ക്രിസ്തുവിനെ കാണണമെന്ന ആഗ്രഹം മാത്രം നിറഞ്ഞുനിന്നു. അച്ചനെ ശുശ്രൂഷിച്ചിരുന്ന സിസ്റ്റർ ഇപ്രകാരം പറയുന്നു: “ഞാൻ അച്ചനെ ശുശ്രൂഷിക്കുമ്പോൾ എനിക്ക് ഒരു കാര്യം വ്യക്തമായി പറയാൻ കഴിയും, അച്ചന്റെ പഴയ ജീവിതത്തെക്കുറിച്ച് എനിക്കറിയില്ല. എന്നാൽ ഈ രോഗശയ്യയിൽ അച്ചൻ വിശുദ്ധിയിലൂടെയാണ്‌ കടന്നുപോകുന്നത്. ഇതുപോലെയൊരു വ്യക്തിയെ ഞാൻ ജീവിതത്തിൽ കാണുകയോ, ശുശ്രൂഷിക്കുകയോ ചെയ്തിട്ടില്ല. അച്ചനെ ശുശ്രൂഷിച്ചതിലൂടെ എന്റെ ജീവിതത്തിൽ ഒത്തിരി മാറ്റങ്ങൾ വരുത്താൻ സാധിച്ചു.”

അച്ചൻ രോഗശയ്യയിലായിരുന്നപ്പോഴും ദിവ്യകാരുണ്യത്തിന്റെ സാമിപ്യം എപ്പോഴുമുണ്ടായിരുന്നു. ദിവ്യകാരുണ്യം നിത്യവും സ്വീകരിച്ചിരുന്ന അച്ചന്റെ വേദനകളിൽ ആശ്വാസമായി നിലകൊണ്ടിരുന്നതും ആ ദിവ്യകാരുണ്യമായിരുന്നു. യുവജനങ്ങളെ ക്രിസ്തുവിനോട് ചേർത്തുപിടിച്ച സ്റ്റെലിനച്ചൻ, സഹനങ്ങളിലൂടെ വിശുദ്ധി ആഗ്രഹിച്ച, സഹനങ്ങൾ ഏറ്റുവാങ്ങിയ സ്റ്റെലിനച്ചൻ, പുരോഹിതനായി ഒരുദിവസമെങ്കിലും ദിവ്യകാരുണ്യം പങ്കുവച്ച് നല്കണമെന്ന തന്റെ ആഗ്രഹം നിറവേറ്റി വീണ്ടും സഹനങ്ങളിലൂടെ തന്റെ സ്വർഗീയപിതാവിന്റെ സന്നിധിയിലേക്കു പോകുന്ന സ്റ്റെലിനച്ചൻ ഇനി സ്വർഗത്തിലിരുന്നുകൊണ്ടും പ്രാർഥിക്കുന്നത് യുവജനങ്ങളുടെ വിശുദ്ധിക്കുവേണ്ടി ആയിരിക്കുമെന്ന് നിസ്സംശയം പറയാം.

സതീഷ് ജോർജ്

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.