പരിശുദ്ധാത്മാവിനെ കുറിച്ച് അറിഞ്ഞിരിക്കേണ്ട അഞ്ച് കാര്യങ്ങൾ

ശ്ലീഹന്മാരുടെ മേൽ പരിശുദ്ധാത്മാവ് എഴുന്നള്ളിവന്നതിന്റെ ഓർമ്മയാണ് പന്തക്കുസ്താ. പരിശുദ്ധാത്മാവിനെ സ്വീകരിച്ച അവർ പുതുസൃഷ്ടികളായി മാറി. അവർ വിവിധ ഭാഷകളിൽ സംസാരിക്കാനും അത്ഭുതപ്രവർത്തികൾ ചെയ്യാനും തുടങ്ങി. പരിശുദ്ധാത്മാവിന്റെ ഈ വാഗ്ദാനം ലഭിച്ചിരിക്കുന്നത് എല്ലാ ക്രിസ്തുവിശ്വാസികൾക്കുമാണ്. അതുകൊണ്ട് ഈ തിരുനാളിന് ശരിയായി ഒരുങ്ങുന്നതിന് പരിശുദ്ധാത്മാവിനെക്കുറിച്ചുള്ള അഞ്ച് കാര്യങ്ങൾ ചുവടെ ചേർക്കുന്നു.

1. പരിശുദ്ധാത്മാവ് ഒരു വ്യക്തിയാണ്

പരിശുദ്ധാത്മാവ് ഒരു വസ്തുവല്ല, അത് ക്രിസ്തുവിന്റെ പരിശുദ്ധമായ ആത്മാവാണ്; പരിശുദ്ധ ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തിയാണ്. പിതാവിനെയും പുത്രനെയുംകാൾ നിഗൂഢമായി തോന്നിയാലും അവൻ അവരെപ്പോലെ ഒരു വ്യക്തിയാണ്.

2. പരിശുദ്ധാത്മാവ് ദൈവമാണ്

പരിശുദ്ധാത്മാവ് ത്രീത്വത്തിലെ മൂന്നാമത്തെ വ്യക്തി ആണെങ്കിലും അവൻ പിതാവിനെക്കാളും പുത്രനെക്കാളും താഴ്ന്നവനല്ല. പരിശുദ്ധാത്മാവ് ഉൾപ്പെടെ മൂന്ന് വ്യക്തികളും പൂർണ്ണമായും ദൈവമാണ്. അത്തനേഷ്യൻ വിശ്വാസപ്രമാണം പറയുന്നതുപോലെ, ത്രീത്വത്തിലെ മൂന്നു പേർക്കും ഒരേ ദൈവത്വവും തുല്യമഹത്വവുമുണ്ട്.

3. പരിശുദ്ധാത്മാവ് ആദി മുതലേ ഉണ്ടായിരുന്നു

പുതിയനിയമത്തിലാണ് നാം പുത്രനെക്കുറിച്ചും പരിശുദ്ധാത്മാവിനെക്കുറിച്ചും കേൾക്കുന്നതെങ്കിലും ഇവരും ആദി മുതലേ ഉണ്ടായിരുന്നു എന്നതാണ് സത്യം. അതുകൊണ്ട് പഴയനിയമത്തിൽ നിങ്ങൾ ദൈവത്തെക്കുറിച്ച് വായിക്കുമ്പോൾ, അത് പരിശുദ്ധാത്മാവ് ഉൾപ്പെടെ ത്രീത്വത്തിലെ മൂന്ന് വ്യക്തികളെക്കുറിച്ചാണെന്ന് ഓർക്കുക.

4. പരിശുദ്ധാത്മാവിനെ എങ്ങനെ സ്വീകരിക്കാം

മനുഷ്യബുദ്ധിക്ക് മനസിലാക്കാൻ കഴിയാത്ത നിഗൂഢമായ വഴികളിലൂടെ പരിശുദ്ധാത്മാവിന്റെ പ്രവർത്തനം ലോകത്ത് സജീവമാണ്. എന്നിരുന്നാലും, ഒരു വ്യക്തി ആദ്യം പരിശുദ്ധാത്മാവിനെ സ്വീകരിക്കുന്നത് മാമ്മോദീസായിലൂടെയാണ്. തുടർന്ന് തൈലാഭിഷേകത്തിലൂടെ അവന്റെ ദാനങ്ങൾ നമ്മിൽ ശക്തി പ്രാപിക്കുന്നു.

5. ക്രൈസ്തവർ പരിശുദ്ധാത്മാവിന്റെ ആലയമാണ്

ക്രിസ്തുവിശ്വാസികളിൽ വസിക്കുന്നത് ലോകത്തിന്റെ ആത്മാവല്ല, മറിച്ച് ക്രിസ്തുവിന്റെ പരിശുദ്ധമായ ആത്മാവാണ്. അതുകൊണ്ടാണ് തിരുവചനത്തിൽ വി. പൗലോസ് ശ്ലീഹാ ശരീരത്തെ വിശുദ്ധമായി പാലിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് പറയുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.