
അമിതമായി ചിന്തിച്ചുകൂട്ടി മനസ്സിന്റെ സമാധാനം കളയുന്ന ശീലം നമ്മളിൽ പലർക്കുമുണ്ട്. ഇതിനെയാണ് ‘ഓവർതിങ്കിങ്’ എന്ന് വിളിക്കുന്നത്. ഒരു ചെറിയ കാര്യത്തെക്കുറിച്ച് പോലും വീണ്ടും വീണ്ടും ചിന്തിച്ച്, ഒടുവിൽ അതൊരു വലിയ പ്രശ്നമായി തീരാം. ഇത് അമിതമായ ഉത്കണ്ഠയിലേക്കും മാനസിക സമ്മർദത്തിലേക്കും നയിക്കും. മനസ്സ് ശാന്തമാക്കാനും അമിത ചിന്തകൾക്ക് തടയിടാനും സഹായിക്കുന്ന പതിനഞ്ചു ലളിതമായ വഴികൾ ഇതാ:
1. ആഴത്തിൽ ശ്വാസമെടുക്കുക
മനസ്സ് അസ്വസ്ഥമാകുമ്പോൾ കണ്ണുകൾ അടച്ച് പതുക്കെ, ആഴത്തിൽ ശ്വാസമെടുക്കുക. ഇത് തലച്ചോറിലേക്ക് കൂടുതൽ ഓക്സിജൻ എത്തിക്കുകയും നിങ്ങളുടെ ശരീരത്തെയും മനസ്സിനെയും പെട്ടെന്ന് തന്നെ ശാന്തമാക്കാൻ സഹായിക്കുകയും ചെയ്യും.
2. ശ്രദ്ധ മാറ്റുക
ചിന്തകൾ നിയന്ത്രിക്കാൻ കഴിയാതെ വരുമ്പോൾ നിങ്ങളുടെ ശ്രദ്ധ മറ്റൊരു കാര്യത്തിലേക്ക് മാറ്റുക. നിങ്ങൾക്ക് ഇഷ്ടമുള്ള കാര്യങ്ങളിൽ ഏർപ്പെടുന്നത് വഴി സമ്മർദം കുറയ്ക്കാം. ഉദാഹരണത്തിന്, സിനിമ കാണുക, പാചകം ചെയ്യുക, വ്യായാമം ചെയ്യുക, നടക്കാൻ പോവുകഎന്നിങ്ങനെ.
3. ചെറിയ കാര്യങ്ങൾക്ക് വലിയ പ്രാധാന്യം കൊടുക്കരുത്
ഒരു ചെറിയ തെറ്റോ പരാജയമോ ഉണ്ടാകുമ്പോൾ ലോകം അവസാനിച്ചു എന്ന് കരുതരുത്. “ഇതൊരു വലിയ പ്രശ്നമാണോ? ഭാവിയിൽ ഇത് എന്നെ ബാധിക്കുമോ?” എന്ന് സ്വയം ചോദിക്കുക. കാര്യങ്ങളെ ദൂരക്കാഴ്ചയോടെ കാണാൻ പഠിക്കുക.
4. നിങ്ങളുടെ വിജയങ്ങളെ ഓർക്കുക
ചെറിയ വിജയങ്ങൾ പോലും മനസ്സ് തുറന്ന് ആഘോഷിക്കുക. നിങ്ങളുടെ നല്ല വശങ്ങളെയും നേട്ടങ്ങളെയും കുറിച്ച് ചിന്തിക്കുന്നത് മനസ്സിൽ പോസിറ്റീവ് ചിന്തകൾ നിറയ്ക്കാൻ സഹായിക്കും.
5. പേടികളെ നേരിടുക
പഴയ തെറ്റുകളെ ഓർത്ത് വിഷമിക്കുന്നതിൽ കാര്യമില്ല. തെറ്റുകൾ എല്ലാവർക്കും പറ്റാം എന്ന് മനസ്സിലാക്കുക. ഭയങ്ങളെ നേരിടാനും അതിൽ നിന്ന് പഠിക്കാനും ശ്രമിക്കുക.
6. ഡയറി എഴുതുക
നിങ്ങളുടെ മനസ്സിലുള്ള ചിന്തകളും വിഷമങ്ങളും ഒരു പേപ്പറിലോ ഡയറിയിലോ എഴുതി വെക്കുക. ഇങ്ങനെ ചെയ്യുന്നത് മനസ്സിന്റെ ഭാരം കുറയ്ക്കാനും ചിന്തകളെ കൃത്യമായി മനസ്സിലാക്കാനും സഹായിക്കും.
7. ഇന്നത്തെ ദിവസത്തിൽ ജീവിക്കുക
കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ചോ, വരാനിരിക്കുന്ന ഭാവിയെക്കുറിച്ചോ ഓർത്ത് വിഷമിക്കാതിരിക്കുക. ഇപ്പോൾ, ഈ നിമിഷത്തിൽ നിങ്ങളുടെ മുന്നിലുള്ള കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുക.
8. ധ്യാനിക്കുക
ദിവസവും കുറച്ചു സമയം ധ്യാനത്തിനായി മാറ്റിവെക്കുക. ശാന്തമായ ഒരു സ്ഥലത്ത് ഇരുന്ന് ശ്വാസോച്ഛ്വാസത്തിലോ ഏതെങ്കിലും പ്രാർഥനയിലോ ശ്രദ്ധ കേന്ദ്രീകരിക്കുക. പതിവായി ധ്യാനം ചെയ്യുന്നത് അമിതമായ ചിന്തകൾ കുറയ്ക്കാനും മനസ്സിനെ ശാന്തമാക്കാനും നല്ലതാണ്.
9. ആശങ്കപ്പെടാൻ പ്രത്യേക സമയം കണ്ടെത്തുക
ഓരോ ദിവസവും 10 മുതൽ 15 മിനിറ്റ് വരെ മാത്രം പ്രശ്നങ്ങളെ കുറിച്ച് ആലോചിക്കുക. മറ്റ് സമയങ്ങളിൽ ചിന്തകൾ മനസ്സിലേക്ക് വന്നാൽ, “ഇത് നമ്മുടെ നിശ്ചിത സമയത്ത് നോക്കാം” എന്ന് പറഞ്ഞ് മാറ്റിവെക്കാൻ ശീലിക്കുക.
10. മനസ്സിനെ ശാന്തമാക്കാൻ: ‘5-4-3-2-1’ സൂത്രം
അനാവശ്യ ചിന്തകളിൽ നിന്നും ആശങ്കകളിൽ നിന്നും മാറി, നിങ്ങളുടെ മനസ്സിനെ പെട്ടെന്ന് നിലവിലുള്ള സാഹചര്യത്തിലേക്ക് (Present Moment) തിരികെ എത്തിക്കാൻ ഈ ലളിതമായ വഴി പരീക്ഷിക്കൂ:
അഞ്ചു കാര്യങ്ങൾ കാണുക: നിങ്ങൾക്ക് ചുറ്റുമുള്ള അഞ്ച് കാര്യങ്ങളിലേക്ക് ശ്രദ്ധ തിരിക്കുക. അത് ചുവരിലെ ഒരു ചിത്രമോ, ജനലിലൂടെ കാണുന്ന മരമോ, മേശപ്പുറത്തിരിക്കുന്ന പേനയോ എന്തുമാകാം.
നാലു കാര്യങ്ങൾ തൊട്ടറിയുക: നിങ്ങളുടെ ശരീരത്തിന് ചുറ്റുമുള്ള നാല് കാര്യങ്ങൾ തൊട്ടറിയുക. നിങ്ങളുടെ വസ്ത്രത്തിന്റെ മൃദുത്വം, കാൽക്കീഴിലെ തറ, കയ്യിലിരിക്കുന്ന ഫോൺ, അല്ലെങ്കിൽ മുഖത്ത് തട്ടുന്ന തണുത്ത കാറ്റ് എന്നിവ ശ്രദ്ധിക്കുക.
മൂന്ന് ശബ്ദങ്ങൾ കേൾക്കുക: നിങ്ങൾക്ക് ചുറ്റുമുള്ള മൂന്ന് ശബ്ദങ്ങൾക്ക് കാതോർക്കുക. ദൂരെയുള്ള വണ്ടികളുടെ ശബ്ദം, പക്ഷികളുടെ കൂജനം, അല്ലെങ്കിൽ ഫാനിന്റെ കറക്കം എന്നിവ തിരിച്ചറിയാൻ ശ്രമിക്കുക.
രണ്ടു കാര്യങ്ങൾ മണക്കുക: നിങ്ങളുടെ മൂക്കിലേക്ക് എത്തുന്ന രണ്ട് മണങ്ങൾ തിരിച്ചറിയുക. കാപ്പിയുടെ സുഗന്ധം, സോപ്പിന്റെ മണം, അല്ലെങ്കിൽ ചുറ്റുമുള്ള അന്തരീക്ഷത്തിന്റെ സ്വാഭാവികമായ മണം എന്നിവ ശ്രദ്ധിക്കാം.
ഒരു കാര്യം രുചിച്ചറിയുക: നിങ്ങളുടെ നാവിൽ അറിയുന്ന ഒരു രുചി ശ്രദ്ധിക്കുക. അത് തൊട്ടുമുമ്പ് കുടിച്ച വെള്ളത്തിന്റെയോ, കഴിച്ച ഭക്ഷണത്തിന്റെയോ രുചിയാകാം. അല്ലെങ്കിൽ നിങ്ങളുടെ വായുടെ സ്വാഭാവികമായ അവസ്ഥ ശ്രദ്ധിക്കുക.
11. ഉറങ്ങാൻ ഒരു ശീലം ഉണ്ടാക്കുക
രാത്രിയിൽ കിടക്കുന്നതിന് മുൻപ് മനസ്സ് ശാന്തമാക്കാൻ ഒരു ശീലം ഉണ്ടാക്കുക. ലൈറ്റുകൾ അണയ്ക്കുക, ഫോൺ മാറ്റിവെക്കുക, നേരിയ സംഗീതം കേൾക്കുകയോ പുസ്തകം വായിക്കുകയോ ചെയ്യുക. ഇത് നല്ല ഉറക്കം തരും.
12. ‘ചാനൽ മാറ്റുന്ന’ രീതി
ടിവിയുടെ ചാനൽ മാറ്റുന്നത് പോലെ നമ്മുടെ മനസ്സിലെ ചിന്തകളുടെ ചാനലും മാറ്റുക. ഒരു മോശം ചിന്ത വരുമ്പോൾ ബോധപൂർവം മറ്റെന്തെങ്കിലും നല്ല കാര്യത്തെക്കുറിച്ച് ചിന്തിക്കാൻ തുടങ്ങുക.
13. ‘നോ’ പറയാൻ പഠിക്കുക
നമ്മുക്ക് ചെയ്യാൻ കഴിയുന്നതിലും അപ്പുറമുള്ള കാര്യങ്ങൾ ഏറ്റെടുക്കാതിരിക്കുക. ആവശ്യമില്ലാത്ത കാര്യങ്ങൾക്ക് ‘നോ’ പറയാൻ ശീലിക്കുന്നത് മാനസിക സമാധാനം തരും.
14. ഒരു പ്ലാൻ തയ്യാറാക്കുക
വെറുതെ ഇരുന്ന് ചിന്തിച്ചു കൂട്ടുന്നതിന് പകരം, ആ പ്രശ്നം പരിഹരിക്കാൻ എന്ത് ചെയ്യാൻ കഴിയും എന്ന് ആലോചിച്ച് ചെറിയൊരു പ്ലാൻ ഉണ്ടാക്കുക. ചിന്തകളെക്കാൾ പ്രവൃത്തിക്കാണ് ഫലം.
15. മറ്റുള്ളവരുടെ സഹായം തേടുക
അമിത ചിന്തകൾ നമ്മുടെ ദൈനംദിന ജീവിതത്തെ ബാധിക്കുന്നുണ്ടെങ്കിൽ സുഹൃത്തുക്കളോടോ കുടുംബാംഗങ്ങളോടോ സംസാരിക്കുക. ആവശ്യമെങ്കിൽ ഒരു കൗൺസിലറുടെയോ ഡോക്ടറുടെയോ സഹായം തേടാൻ മടിക്കരുത്.
അമിതമായി ചിന്തിക്കുക എന്നത് പലരുടെയും ഒരു ശീലമാണ്. എന്നാൽ നമുക്കിത് മാറ്റിയെടുക്കാൻ സാധിക്കും. മുകളിൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ ഒറ്റയടിക്ക് മാറ്റം വരുത്തിയില്ലെങ്കിലും, പതുക്കെ പതുക്കെ ഇവ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കാൻ ശ്രമിക്കാം. നമ്മുടെ മനസ്സിനെ നിയന്ത്രിക്കാനുള്ള ശക്തി നമുക്കുണ്ടെന്ന് എപ്പോഴും ഓർക്കുക. മനസ്സിന് സമാധാനവും സന്തോഷവും നൽകുന്ന കാര്യങ്ങൾക്കായി കൂടുതൽ സമയം കണ്ടെത്തുക.
വിവർത്തനം: ഡിൻസി തോമസ്




