ദിവ്യകാരുണ്യ വിചാരങ്ങൾ 29: ഇനി ഒരിക്കലും വിശക്കരുത്

“ദരിദ്രര്‍ ഭക്ഷിച്ചു തൃപ്‌തരാകും; കര്‍ത്താവിനെ അന്വേഷിക്കുന്നവര്‍ അവിടുത്തെ പ്രകീര്‍ത്തിക്കും; അവര്‍ എന്നും സന്തുഷ്‌ടരായി ജീവിക്കും” (സങ്കീ. 22:26).

മൂന്നാം സഹസ്രാബ്ദത്തിലേക്കു കടന്ന തിരുസഭയെ പരിശുദ്ധ കുര്‍ബാന,
പരിശുദ്ധ കന്യകാമറിയം എന്നീ രണ്ട് സ്തൂപങ്ങങ്ങളിൽ വിണ്ടും കെട്ടിയിടാൻ പരിശ്രമിച്ച നല്ല ഇടയനായിരുന്നു വി. ജോൺ പോൾ രണ്ടാമൻ പാപ്പ. പരിശുദ്ധ കുര്‍ബാനയിലെ ഈശോയുമായി വ്യക്തിബന്ധം സ്ഥാപിച്ചിരുന്ന പാപ്പ, ഏറെ ആഴമുളളതും കാലഘട്ടത്തിന് അനിവാര്യവുമായ കുര്‍ബാനാപഠനങ്ങളാണ് സഭയ്ക്കു  തന്നത്. 2004 -ല്‍ ദിവ്യകാരുണ്യവത്സരത്തിലൂടെ പരിശുദ്ധ കുര്‍ബാനയിലേക്കും സഭയെ സവിശേഷമായ രീതിയിൽ നയിച്ചു.

പരിശുദ്ധ കുര്‍ബാനവര്‍ഷത്തിനു മുന്നോടിയായി 2003 -ലെ പെസഹായ്ക്ക്, ‘സഭ പരിശുദ്ധ കുര്‍ബാനയില്‍നിന്നും’ എന്ന ചാക്രികലേഖനത്തിലൂടെ പരിശുദ്ധ കുര്‍ബാനയെ മൂന്നാം സഹസ്രാബ്ദത്തിന്റെ കേന്ദ്രമാക്കി. ദിവ്യകാരുണ്യത്തിലെ ക്രിസ്തുവിന്റെ ഹൃദയത്തോടു ചേരാൻ സഭാമക്കളെ പ്രോത്സാഹിപ്പിച്ചുകൊണ്ട് പാപ്പാ എഴുതി: “…സഭയുടെ നോട്ടം നിരന്തരം അവളുടെ കർത്താവിലേക്കു തിരിയുന്നു. അൾത്താരയിലെ കൂദാശയിൽ സന്നിഹിതനായ ഈശോയുടെ സാന്നിധ്യത്തിൽ സഭ അവന്റെ അതിരുകളില്ലാത്ത സ്നേഹത്തിന്റെ പൂർണ്ണ ആവിഷ്‌ക്കരണം അവൾ കണ്ടെത്തുന്നു.”

മറ്റൊരിക്കൽ പാപ്പ ഇപ്രകാരം ഉദ്ബോധിപ്പിച്ചു: “മാനവകുലത്തിനുവേണ്ട അപ്പം എല്ലായിടത്തും പ്രദാനംചെയ്യുന്നവർ കർഷകരാണ്. എന്നാൽ ജീവന്റെ അപ്പം ക്രിസ്തു മാത്രമാണ്.”

ഈ ലോകത്തിലെ ശാരീരികമായ എല്ലാ വിശപ്പകളും ശമിച്ചാലും വിശക്കുന്ന എല്ലാവരുടെയും വിശപ്പ് സ്വന്തം അധ്വാനത്താലോ, മറ്റുള്ളവരുടെ മഹാമനസ്കതയാലോ തൃപ്തിയടഞ്ഞാലും ദൈവത്തിനുവേണ്ടിയുള്ള അവന്റെ വിശപ്പ് ശമിക്കില്ല. അതിനാൽ എല്ലാവരും ഈശോയുടെ പക്കലേക്കു വരിക. അവൻ ജീവന്റെ അപ്പമാണ്. ക്രിസ്തുവിലേക്കു വരിക; നിനക്കൊരിക്കലും വിശപ്പ് അനുഭവപ്പെടുകയില്ല.”

മാനവകുലത്തിന്റെ വിശപ്പ് ശമിപ്പിക്കാനുള്ള ഒറ്റമൂലിയാണ് പരിശുദ്ധ കുർബാന.  വിശപ്പ് മാറണോ, ജീവന്റെ അപ്പം ഭക്ഷിക്കണം. കാരണം ദൈവത്തെ ഭക്ഷിക്കുന്നവർക്ക് ഒരിക്കലും വിശക്കുകയില്ല.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.