ദിവ്യകാരുണ്യ വിചാരങ്ങൾ 18: ദിവ്യകാരുണ്യശക്തിയാൽ ഒരു സൈന്യത്തെ കീഴടക്കിയ അസ്സീസിയിലെ വി. ക്ലാര

വി. ക്ലാരയുടെ ജീവിതകാലത്തു സംഭവിച്ച പല അത്ഭുതങ്ങളും ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. അതിൽ അവളുടെ ആശ്രമമായ സാൻ ഡാമിയാനോയും അസ്സീസി നഗരത്തെയും വിശുദ്ധ കുർബാനയാൽ രക്ഷിച്ച സംഭവം പ്രശസ്തമാണ്. തോമസോ ഡാ ചെലാനോ എഴുതിയ, ‘കന്യക വി. ക്ലാരയുടെ ചരിത്രം’ എന്ന ഗ്രന്ഥത്തിൽ ഇപ്രകാരം സാക്ഷ്യപ്പെടുത്തുന്നു: രാജാവിന്റെ ഉത്തരവിനാൽ സറാസെൻ റെജിമെന്റ്സിലെ പടയാളികൾ സാൻ ഡാമിയാനോ (San Damiano) ആശ്രമവും അസ്സീസി നഗരവും വളഞ്ഞു. പട്ടണത്തെ പിടിച്ചടുക്കുകയായിരുന്നു അവരുടെ ലക്ഷ്യം. അസ്സീസി നഗരത്തിൽ നിലയുറപ്പിച്ച ശത്രുസൈന്യം നഗരകവാടം ആക്രമിക്കുകയും ക്ലാരയും സഹോദരിമാരും വസിച്ചിരുന്ന സാൻ ഡാമിയാനോ ആശ്രമത്തിലേക്ക് അതിക്രമിച്ചു കടക്കുകയും ചെയ്തു; കന്യകമാർ താമസിക്കുന്ന ആവൃതിയിലും അവർ പ്രവേശിച്ചു. ഭയചകിതരായ സഹസന്യാസിനികൾ അലറിക്കരഞ്ഞുകൊണ്ട് ആശ്രമാധിപയായ ക്ലാരയുടെ സമീപത്തെത്തി.

ധൈര്യശാലിയായ ക്ലാര ശത്രുക്കളുടെ മുമ്പിൽ അല്പംപോലും പതറാതെ വിശുദ്ധ കുർബാന അടക്കം ചെയ്തിരിക്കുന്ന പൂജ്യസക്രാരിക്കു മുമ്പിലെത്തി. വിശുദ്ധ കുർബാനയുടെ മുമ്പിൽ സാഷ്ടാംഗം പ്രണമിച്ച അവൾ നിറകണ്ണുകളോടെ ഈശോയോട് ഇപ്രകാരം സംസാരിച്ചു: “എന്റെ നാഥാ, ഇതു കാണുക. എതിർക്കാൻ കഴിയാത്ത ആരെയാണോ നിന്നോടുള്ള സ്നേഹത്തെപ്രതി ഞാൻ പഠിപ്പിച്ചത് ആ പാവപ്പെട്ട ഈ ദാസികളെ വിജാതീയരുടെ കൈകളിൽ ഏല്പിക്കുകയാണോ? എന്റെ നാഥാ, എനിക്കു തന്നെ രക്ഷിക്കാൻ സാധിക്കാത്ത നിന്റെ ഈ ദാസികളെ സംരക്ഷിക്കണമേ.”

പൊടുന്നനെ സക്രാരിയിൽ നിന്ന് ഒരു ശിശുവിന്റേതുപോലുള്ള ഒരു ശബ്ദം അവളുടെ കാതുകളിൽ മന്ത്രിച്ചു. “ഞാൻ നിങ്ങളെ എപ്പോഴും സംരക്ഷിക്കും.” എന്റെ നാഥാ, നീ തിരുമനസ്സാകുന്നുവെങ്കിൽ നിന്റെ സ്നേഹത്താൽ നിലനിൽക്കുന്ന ഈ നഗരത്തെയും സംരക്ഷിക്കണമേ” – ക്ലാര ഈശോയോടു പറഞ്ഞു. “നഗരം പലതരത്തിലുള്ള പ്രതിസന്ധികളിലുടെ കടന്നുപോകുമെങ്കിലും ഞാനതിനെ സംരക്ഷിക്കും” – ഈശോ മറുപടി നൽകി.

വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നെണീറ്റ ക്ലാരയുടെ മുഖം കണ്ണീരിൽ കുതിർന്നിരുന്നെങ്കെലും സഹസന്യാസിനിമാരെ ആശ്വസിപ്പിച്ചുകൊണ്ട് അവൾ പറഞ്ഞു: “പ്രിയപുത്രിമാരേ, ഞാൻ നിങ്ങൾക്ക് ഉറപ്പുനൽകുന്നു, നിങ്ങൾക്കൊരിക്കലും തിന്മ വരികയില്ല. യേശുവിൽ മാത്രം പ്രത്യാശയർപ്പിക്കുക.”

വിശുദ്ധ കുർബാനയുടെ മുമ്പിൽ നിന്നെണീറ്റ ക്ലാരയുടെ ധൈര്യം കണ്ട ശത്രുസൈന്യം അക്ഷരാർഥത്തിൽ വിറങ്ങലിച്ചു. ആരോടാണോ ക്ലാര പ്രാർഥിച്ചത് ജീവനുള്ള ആ ശക്തിക്കു മുമ്പിൽ അവർ കീഴടങ്ങി. വിശുദ്ധ കുർബാനയോടുള്ള ഭക്തി മരണംവരെ നിലനിർത്തിയ ക്ലാര മരണക്കിടയിൽ ഇപ്രകാരം പറഞ്ഞതായി രേഖപ്പെടുത്തിയിരിക്കുന്നു: “ക്രിസ്തീയ ആത്മാവേ, ഭയം കൂടാതെ മുന്നോട്ടുപോവുക. കാരണം നിന്റെ യാത്രയ്ക്കു നല്ലൊരു വഴികാട്ടി നിനക്കുണ്ട്. ഭയം കൂടാതെ മുന്നോട്ടു പോവുക. നിന്നെ സൃഷ്ടിച്ചവൻ നിന്നെ വിശുദ്ധീകരിക്കുകയും എപ്പോഴും നിന്നെ സംരക്ഷിക്കുകയും അമ്മയെപ്പോലെ നിന്നെ സ്നേഹിക്കുകയും ചെയ്യുന്നു.”

വി. ക്ലാരയുടെ മാതൃകയനുസരിച്ച് വിശുദ്ധ കുർബാനയുടെ ശക്തി മനസ്സിലാക്കി ജീവിതത്തിൽ ധൈര്യശാലികളാകാം.

ഫാ. ജയ്സൺ കുന്നേൽ MCBS

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.