കരിംജീരകം കാൻസർ മാറ്റുമോ?

ചെടിയിലോ, കുരുവിലോ എന്തെങ്കിലും ഗുണമുള്ള മരുന്ന് ഉണ്ടായേക്കാം എന്ന ധാരണയില്‍ ആ ചെടി മുഴുവനോ, അതിന്റെ കുരുവോ ഇടിച്ചുപിഴിഞ്ഞ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദേഷം ചെയ്യും എന്നുമാത്രമാണ് ഞാന്‍ പറയുന്നത്. പ്രകൃതിജന്യമാണ്; അതിനാല്‍ പാർശ്വഫലങ്ങൾ ഇല്ല എന്ന വാദം ശരിക്കും തെറ്റാണ്. പറഞ്ഞുകേട്ടുള്ള വിവരം ഉപയോഗിച്ച് ചികിത്സ നടത്തി കൂടുതല്‍ അപകടത്തില്‍ ചെന്ന് ചാടാതെ സൂക്ഷിക്കുക. ഡോ. ജോജോ ജോസഫ് എഴുതുന്നു.

ഡോ. ജോജോ വി. ജോസഫ്

കരിംജീരകത്തെക്കുറിച്ച് ഞാന്‍ കേട്ടുതുടങ്ങിയത് ഗള്‍ഫിലുള്ള എന്റെ സുഹൃത്തുക്കള്‍ വഴിയാണ്. കരിംജീരക ഓയിലിനെക്കുറിച്ചാണ് പ്രധാനമായും അവർ കൂടുതലും പറഞ്ഞുകൊണ്ടിരുന്നത്. ‘ബ്ലാക്ക് സീഡ് ഓയില്‍’ എന്നാണ് കരിംജീരക ഓയില്‍ അറിയപ്പെടുന്നത്. തലവേദന മാറാന്‍, മുടി വളരാന്‍, മുഖക്കുരു മാറാന്‍, ചെറിയ മുറിവ്, ചതവ് തുടങ്ങിയവക്കൊക്കെ ഒരു ഒറ്റമൂലി ആയിട്ടാണ് അവര്‍ അവധിക്കു വരുമ്പോള്‍ ഇത് കൊണ്ടുവന്നിരുന്നത്.

എന്നാല്‍ അടുത്തിടെ, പ്രധാനമായും മലബാര്‍ ഭാഗത്തു നിന്നു വരുന്ന രോഗികള്‍ പലപ്പോഴും കാന്‍സര്‍ ചികിത്സയോടൊപ്പം കരിംജീരകം ഉപയോഗിച്ചാല്‍ കുഴപ്പമുണ്ടോ എന്നു ചോദിക്കുകയുണ്ടായി. അതുപോലെ തന്നെ കാൻസറാണെന്ന് തിരിച്ചറിഞ്ഞ ചിലരൊക്കെ അസുഖം മാറാന്‍ കരിംജീരകം മാത്രം ഉപയോഗിച്ച ശേഷം അസുഖം മാറിയോ എന്ന് പരിശോധിക്കാന്‍ പോലും വരുന്ന സാഹചര്യമുണ്ടായി. ഈ കരിംജീരക ചികിത്സ നടത്തുന്നവര്‍, കരിംജീരകത്തില്‍ നിന്നും കാന്‍സര്‍ നശിപ്പിക്കാന്‍ പോന്ന മരുന്ന് കണ്ടുപിടിച്ചു എന്നു പറഞ്ഞാണ് പാര്‍ശ്വഫലങ്ങളില്ലാത്ത ചികിത്സ എന്ന പേരില്‍ ഇത് പ്രചരിപ്പിക്കുന്നത്. അതിന് തെളിവായി പ്രിന്റ് ചെയ്ത ചില ലേഖനങ്ങൾ പോലും അവര്‍ ഈ രോഗികള്‍ക്ക് നല്‍കുന്നുണ്ടായിരുന്നു.

ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണെന്ന് പരിശോധിക്കുകയാണ് ഇന്നത്തെ ഈ ലേഖനത്തിലൂടെ.

എന്താണ് ഈ കരിംജീരകം എന്നു നോക്കാം. ‘നിഗല്ല സാറ്റിവ’ (Nigella Sativa) എന്ന ശാസ്ത്രീയനാമത്തില്‍ അറിയപ്പെടുന്ന ഈ ചെടിയുടെ ആരംഭം കിഴക്കൻ യൂറോപ്പ്, ഉത്തരാഫ്രിക്ക എന്നിവിടങ്ങളിലാണ്. എങ്കിലും ഇപ്പോള്‍ മറ്റു സ്ഥലങ്ങളിലും ഉദാഹരണത്തിന് ചൈന, മ്യാന്മാർ എന്നിവിടങ്ങളിൽ വരെ ഇത് കൃഷി ചെയ്യുന്നുണ്ട്. പ്രധാനമായും കറികളിലും മറ്റും ഒരു ടേസ്റ്റ് മേക്കര്‍ ആയിട്ടാണ് ഇത് ഉപയോഗിച്ചുവരുന്നത്. ‘കാലോഞ്ഞി’ എന്നാണ് പ്രധാനമായും ഇത് അറിയപ്പെടുന്നതെങ്കിലും മലയാളത്തില്‍, കറുത്ത ജീരകം എന്നും മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ‘കലാ ജീര’ (Kala-Jeera) എന്നുമാണ് അറിയപ്പെടുന്നത്.

കരിംജീരകത്തിന്റെ ചരിത്രം നോക്കിയാല്‍, ബൈബിളില്‍ ഇതിനെക്കുറിച്ച് പറഞ്ഞിരിക്കുന്നതായി കാണാം. ഇതിന്റെ ഓയിലിനെക്കുറിച്ചാണ് പറഞ്ഞിട്ടുള്ളത്. അറേബ്യന്‍ നാട്ടുവൈദ്യത്തില്‍ ഇതിന്, യൂണിവേഴ്‌സല്‍ ഹീലര്‍ അല്ലെങ്കില്‍ സര്‍വ്വരോഗ സംഹാരിണി എന്ന അര്‍ത്ഥം വരുന്ന അറബിക് വാക്കാണ് ഉപയോഗിച്ചിരിക്കുന്നത്. ഇത് അറബിക് പരമ്പരാഗത മരുന്നായിട്ടാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ വിവിധ നാട്ടുവൈദ്യശാലകളിലും കരിംജീരകം ഉപയോഗിച്ച് ചികിത്സ നടത്താറുണ്ട്.

കരിംജീരകവും നമ്മള്‍ സാധാരണ കാണുന്ന ജീരകവും തമ്മില്‍ യാതൊരു ബന്ധവുമില്ല എന്നുമാത്രമല്ല, രണ്ട് വ്യത്യസ്ത വിഭാഗങ്ങളിൽപെട്ടതു കൂടിയാണ്. ഇത്രയും കാര്യങ്ങൾ നമ്മൾ പ്രാഥമികമായി മനസിലാക്കണം.

കരിംജീരകവും കാന്‍സര്‍ ചികിത്സയും 

ഇനി കരിംജീരകവും കാന്‍സര്‍ ചികിത്സയുമായുള്ള ബന്ധത്തിലേക്കു കടക്കാം.

ചില ലാബ് പഠനങ്ങളില്‍, കരിംജീരകത്തില്‍ നിന്നും ലഭിക്കുന്ന ‘തൈമോക്വിനോൺ’ (Thymoquinone) എന്ന രാസവസ്തു, കാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച കുറക്കുന്നതായി കണ്ടെത്തി എന്നത് വാസ്തവമാണ്. ഈ റിപ്പോര്‍ട്ടാണ് കരിംജീരക ചികിത്സകര്‍ അവരുടെ ചികിത്സയുടെ ആധാരമായി പറയുന്നത്. എന്നാല്‍ ഇതിന്റെ യാഥാര്‍ത്ഥ്യം എന്താണ്?

ഈ പഠനമെന്നു പറയുന്നത്, ലാബില്‍ വളര്‍ത്തിയെടുത്ത കോശങ്ങളില്‍ നടത്തിയ പരീക്ഷണം മാത്രമാണ് ഇതെന്നാണ്. ഇതൊരിക്കലും ജീവനുള്ള മനുഷ്യനില്‍ സത്യമാകണമെന്നില്ല. കാരണം, ദിവസവും വിവിധ റിസര്‍ച്ച് ലാബുകളില്‍ ഇതുപോലെ ആയിരക്കണക്കിന് രാസവസ്തുക്കള്‍ വേര്‍തിരിച്ചെടുക്കാറുണ്ട്. അവയില്‍ 99 ശതമാനവും, തുടര്‍പരിശോധനയില്‍ മനുഷ്യന് പ്രയോജനമില്ലാത്തതാണ് എന്നാവും വരിക.

ഇതുപോലെ ഒരു രാസവസ്തുവോ അല്ലെങ്കില്‍ ചെടികളില്‍ നിന്നും ലഭിക്കുന്ന ആല്‍ക്കലോയിഡ്‌സോ ഇങ്ങനെ കണ്ടുപിടിച്ചാല്‍ നൂറുകണക്കിന് കടമ്പകള്‍ കടന്നാലേ ചികിത്സക്കായി ഉപയോഗിക്കാന്‍ പറ്റൂ. മൃഗങ്ങളില്‍ നടത്തുന്ന പരിശോധന, അതിന്റെ പാർശ്വഫലങ്ങൾ, അതായത് പെട്ടന്നുള്ളതും ദീർഘകാലം നീണ്ടു നിൽക്കുന്നതുമായ പാർശ്വഫലങ്ങൾ, അതിനു ശേഷം ഏത് കാന്‍സറിനാണ് ഇത് പ്രയോജനപ്രദം, പിന്നീട് മനുഷ്യരിൽ നടക്കുന്ന വര്‍ഷങ്ങൾ നീണ്ട പരീക്ഷണങ്ങൾ എന്നിവ കഴിഞ്ഞാല്‍ മാത്രമേ ഇതുകൊണ്ട് മനുഷ്യന് എന്തെങ്കിലും പ്രയോജനമുണ്ടോ എന്ന് പറയാന്‍ സാധിക്കൂ.

മറ്റൊരു പ്രധാന ഘടകമാണ് കൃത്യമായ ഡോസ് (Correct Dose) കണ്ടുപിടിക്കുക; ആ ഡോസ് മനുഷ്യന് താങ്ങാന്‍ കഴിയുമോ എന്നൊക്കെയുള്ള കാര്യങ്ങള്‍.

ഇത് പറയുമ്പോള്‍, ഞാന്‍ പാരമ്പര്യ വൈദ്യശാഖയെ ആക്ഷേപിക്കുകയാണ് എന്ന് ചിലര്‍ പറഞ്ഞേക്കാം. ചെടിയിലോ, കുരുവിലോ എന്തെങ്കിലും ഗുണമുള്ള മരുന്ന് ഉണ്ടായേക്കാം എന്ന ധാരണയില്‍ ആ ചെടി മുഴുവനോ, അതിന്റെ കുരുവോ ഇടിച്ചുപിഴിഞ്ഞ് കഴിക്കുന്നത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും എന്നുമാത്രമാണ് ഞാന്‍ പറയുന്നത്. പ്രകൃതിജന്യമാണ്; അതിനാല്‍ പാർശ്വഫലങ്ങൾ ഇല്ല എന്ന വാദം ശരിക്കും തെറ്റാണ്. കാരണം, ഈ ചെടിയില്‍ അല്ലെങ്കില്‍ കുരുവില്‍ അടങ്ങിയിരിക്കുന്ന മറ്റ് ആല്‍ക്കലോയിഡുകള്‍ ശരീരത്തിലെ അവയവങ്ങള്‍ക്ക് കേടുപാടുകള്‍ ഉണ്ടാക്കാന്‍ കെല്‍പുള്ളവയാണ് എന്നതാണ് വാസ്തവം.

കരിംജീരകം പ്രശ്‌നക്കാരനാണോ?

ഇനി കരിംജീരകം എന്തെങ്കിലും പ്രശ്നക്കാരനാണോ എന്നു നോക്കാം. കരിംജീരക ഓയില്‍ ശരീരത്ത് പുരട്ടുകയോ, തലയില്‍ തേക്കുകയോ ചെയ്താല്‍ അതിന് അലര്‍ജി ഇല്ലാത്തവര്‍ക്ക് പ്രത്യേകിച്ച് ഗുണമൊന്നും കിട്ടിയില്ലെങ്കിലും പാർശ്വഫലങ്ങളൊന്നും  ഉണ്ടാകാറില്ല. ഇനി അകത്തേക്കു കഴിച്ചാല്‍ ഭക്ഷണത്തിന്റെ കൂടെ കഴിക്കുന്നതുകൊണ്ട് യാതൊരു ആരോഗ്യപ്രശ്നവും ഉണ്ടാകുന്നില്ല. എന്നാല്‍ ഇത് മരുന്നായി കൂടിയ അളവില്‍ കഴിക്കുമ്പോള്‍ കരളിനും കിഡ്‌നിക്കും കേടുപാടുകള്‍ ഉണ്ടാകുമെന്ന് പഠനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ഇതു കൂടാതെ, ഇതിലെ സജീവ ചേരുവകൾ (Active Ingredient) ആയ ‘തൈമോക്വിനോൺ’ (Thymoquinone) നമ്മുടെ ശരീരത്തിലെ ‘സൈട്ടോ ക്രോം പി450’ (Cytochrome p450) എന്ന എന്‍സൈം അഥവാ രാസാഗ്നിയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കുന്നു. ഈ രാസാഗ്നിയാണ് നമ്മള്‍ കഴിക്കുന്ന വിവിധ മരുന്നുകള്‍ ശരീരത്തു നിന്നും പുറത്താക്കുന്നത്. അതിനാല്‍ ഏതെങ്കിലും മരുന്നുകള്‍ കഴിക്കുന്നവര്‍ കരിംജീരകം ചികിത്സക്കായി ഉപയോഗിക്കുന്നത് അപകടമുണ്ടാക്കും.

കുട്ടികള്‍, ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാർ എന്നിവര്‍ ഇതിന്റെ ഓയില്‍ ഉപയോഗിക്കാതിരിക്കുക.

വളരെക്കാലത്തെ ചികിത്സാപാരമ്പര്യം കരിംജീരകത്തിന് അവകാശപ്പെടാമെങ്കിലും കാന്‍സര്‍ മാറ്റാന്‍ ഇതിന് കഴിവില്ല. കരിംജീരകം മാത്രം ഉപയോഗിച്ച് ഏതെങ്കിലും അസുഖം മാറ്റിയതായി ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുമില്ല. അതുകൊണ്ട് തെളിയിക്കപ്പെട്ടിട്ടുള്ള സേഫ് കാൻസർ ചികിത്സ ലഭ്യമാകുന്ന ഈ കാലത്ത് പറഞ്ഞുകേട്ടുള്ള വിവരം ഉപയോഗിച്ച് ചികിത്സ നടത്തി കൂടുതല്‍ അപകടത്തില്‍ ചെന്ന് ചാടാതെ സൂക്ഷിക്കുക.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.