വി. പോൾ മിക്കിയും 25 കൂട്ടാളികളും ജപ്പാനിൽ ക്രൂശിക്കപ്പെട്ട ദിനത്തിന്റെ ഓർമ്മ

1597 ഫെബ്രുവരി ഏഴ്. ജപ്പാനിൽ 26 ക്രൈസ്തവരെ കുരിശിൽതറച്ചു കൊലപ്പെടുത്തിയ ദിനം. ജപ്പാനിലെ ഏകാധിപതിയായ ഭരണാധികാരി തൈക്കോസാമ എന്നറിയപ്പെട്ടിരുന്ന ടൊയോട്ടോമി ഹിഡെയോഷി, നാഗസാക്കിയിലെ നിഷിസാക്ക കുന്നിൽ, ജെസ്യൂട്ട് വൈദികനായ വി. പോൾ മിക്കി ഉൾപ്പെടെ മറ്റ് 25 പേരെ കുരിശിലേറ്റി വധിക്കാൻ ഉത്തരവിട്ടു. അവരിൽ സന്യാസവൈദികരും അത്മായരും ഉൾപ്പെട്ടിരുന്നു. വി. പോൾ മിക്കിയുടെയും 25 കൂട്ടാളികളുടെയും തിരുനാൾ ദിനമാണ് ഫെബ്രുവരി ആറ്. നൂറ്റാണ്ടുകൾ പിന്നിടുമ്പോൾ ക്രിസ്തുവിനുവേണ്ടി മരണംവരിച്ച ഈ രക്തസാക്ഷികളെ അനുസ്മരിക്കുന്നത് ഉചിതമാണ്.

ജപ്പാനിലെ 26 രക്തസാക്ഷികളുടെ സംഘത്തിൽ മൂന്ന് ജെസ്യൂട്ട് വൈദികർ, ആറ് ഫ്രാൻസിസ്കൻ വൈദികർ, ബാക്കിയുള്ളവർ വിദേശികളും ജാപ്പനീസ് ആളുകൾക്കുമിടയിലുള്ള സാധാരണക്കാരായ ആളുകളുമാണ്. അന്ന് ജപ്പാനിൽ ക്രൈസ്തവർക്കുനേരെ അഴിച്ചുവിട്ടത് ക്രൂരമായ പീഡനങ്ങളായിരുന്നു. 26-ഓളം പേരെ ക്രൂശിച്ചതിനുപുറമെ, കത്തോലിക്കരാകാൻ ആഗ്രഹിക്കുന്നവരെ ഭയപ്പെടുത്തുന്നതിനായി എല്ലാവരുടെയും ഇടതുചെവികൾ മുറിച്ചുമാറ്റി ക്യോട്ടോയിൽനിന്ന് നാഗസാക്കിയിലേക്ക് ആയിരം കിലോമീറ്റർ അവരെ മഞ്ഞിലൂടെ നടത്തി.

“ക്രൂശിക്കപ്പെട്ട എല്ലാവരുടെയും കാലുകളും കൈകളും കയറും ചങ്ങലയുംകൊണ്ട് ബന്ധിച്ച നിലയിലായിരുന്നു. കൂടാതെ, കഴുത്തിൽ ഇരുമ്പുവളയിട്ട് മരത്തിൽ ഉറപ്പിച്ചു. പിന്നീട് അവരെ നിഷിസാക്ക കുന്നിലേക്കു മാറ്റി. രക്തസാക്ഷികളായ ആ 26 പേർ കൈകൾ ബന്ധിച്ച അവസ്ഥയിൽ നഗ്നരായി ജപമാല ചൊല്ലിക്കൊണ്ടിരുന്നു. അവർക്ക് ഏൽക്കേണ്ടിവന്ന പ്രഹരം, അവർ നടന്നുപോയ വഴികളിൽ ചുവന്ന കാൽപ്പാടുകൾ അടയാളപ്പെടുത്തി” – വർഷങ്ങൾക്കുശേഷം രക്തസാക്ഷിയായ വാഴ്ത്തപ്പെട്ട ഡീഗോ യൂക്കിയുടെ ‘രക്തസാക്ഷികളുടെ കുന്ന്’ എന്ന ബുക്കിൽ ഇപ്രകാരം രേഖപ്പെടുത്തിയിരിക്കുന്നു.

ജാപ്പനീസ് വംശജനായ മഹാനായ ജെസ്യൂട്ട് പ്രഭാഷകനായ വി. പോൾ മിക്കിയെക്കുറിച്ച് വാഴ്ത്തപ്പെട്ട യൂക്കി പറയുന്നു: “എല്ലാ വിശദാംശങ്ങളുടെയും വ്യാപ്തി അളക്കാൻ അറിയാവുന്ന ശാന്തനായ മനുഷ്യനായി അദ്ദേഹം തുടർന്നു. തന്റെ വിശ്വാസം അവസാനശ്വാസംവരെ പ്രഘോഷിക്കാൻ തയ്യാറായി അദ്ദേഹം നിലകൊണ്ടു. കുരിശിലേറ്റിയപ്പോൾ അവൻ ജനക്കൂട്ടത്തെ നോക്കി വിളിച്ചുപറഞ്ഞു: ‘ഇവിടെ സന്നിഹിതരായിരിക്കുന്നവരേ, ഞാൻ പറയുന്നതു ശ്രദ്ധിക്കൂ. ഞാൻ ഫിലിപ്പീൻസിൽനിന്നുള്ള ആളല്ല, ഞാൻ ഒരു ജപ്പാൻകാരനും ജെസ്യുട്ട് സഭയിലെ അംഗവുമാണ്. ഞാൻ ഒരു തെറ്റും ചെയ്തിട്ടില്ല. നമ്മുടെ കർത്താവായ യേശുക്രിസ്തുവിന്റെ നിയമം പ്രസംഗിച്ചതിന്റെപേരിൽ മാത്രമാണ് ഞാൻ മരിക്കുന്നത്. ഈ കാരണത്താൽ മരിക്കുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. കർത്താവ് എനിക്കു നൽകുന്ന ഒരു വലിയ ദാനമായാണ് എനിക്ക് തോന്നുന്നത്. ഞാൻ നിങ്ങളോടു കള്ളംപറയില്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്താനും ഞാൻ ആഗ്രഹിക്കുന്നു. നിങ്ങൾക്കു വിശ്വസിക്കാൻകഴിയുന്ന ഒരു മണിക്കൂറിലൂടെയാണ് ഞാൻ കടന്നുപോകുന്നത്. നമ്മുടെ ശത്രുക്കളോടും നമ്മെ ദ്രോഹിക്കുന്നവരോടും ക്ഷമിക്കാൻ ക്രിസ്ത്യാനികളുടെ നിയമം കല്പിക്കുന്നതിനാൽ, തൈക്കോസാമയോടും എന്റെ മരണത്തിൽ പങ്കുവഹിച്ച എല്ലാവരോടും ഞാൻ ക്ഷമിക്കുന്നുവെന്നു ഞാൻ പറയുന്നു. തൈക്കോസാമയോട് എനിക്ക് വെറുപ്പില്ല, അവനും ജപ്പാനിലുള്ള എല്ലാവരും ക്രിസ്ത്യാനികളാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു.”

വി. പോൾ മിക്കി തുടർന്നു: “വാഴ്ത്തപ്പെട്ട യൂക്കിയുടെ അഭിപ്രായത്തിൽ, അവസാനം വിശുദ്ധൻ തന്റെ കൂട്ടാളികളിലേക്കു തിരിഞ്ഞുപറഞ്ഞു: ‘കർത്താവേ, അങ്ങയുടെ കരങ്ങളിൽ ഞാൻ എന്റെ ആത്മാവിനെ സമർപ്പിക്കുന്നു. ദൈവത്തിന്റെ വിശുദ്ധരെ കാണാൻ പുറപ്പെടുക.”

2019 നവംബർ 24 ഞായറാഴ്ച, ഫ്രാൻസിസ് മാർപാപ്പ നാഗസാക്കിയിൽ രക്തസാക്ഷിസ്മാരകം സന്ദർശിച്ചു. കൂടാതെ, 26 രക്തസാക്ഷികളുടെ തിരുശേഷിപ്പുകളുള്ള സ്മാരകത്തിനുമുന്നിൽ അദ്ദേഹം പുഷ്പചക്രം സമർപ്പിച്ചു. “ഇന്ന് ലോകത്തിന്റെ വിവിധഭാഗങ്ങളിൽ തങ്ങളുടെ വിശ്വാസംനിമിത്തം കഷ്ടപ്പെടുകയും രക്തസാക്ഷിത്വം അനുഭവിക്കുകയും ചെയ്യുന്ന ക്രിസ്ത്യാനികളോടൊപ്പം ഞങ്ങളും ഈ സ്ഥലത്ത് ചേരുന്നു” – പാപ്പാ അന്ന് അവിടെ കൂടിയിരുന്നവരോടു പറഞ്ഞു.

വി. പോൾ മിക്കിയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളും മാത്രമല്ല, ജപ്പാനിലെ രക്തസാക്ഷികൾ. 2008 നവംബർ 24-ന്, മറ്റ് 188 രക്തസാക്ഷികളെയും വാഴ്ത്തപ്പെട്ടവരായി പ്രഖ്യാപിച്ചിരുന്നു. അവർ 1603-നും 1639-നുമിടയിൽ കൊലചെയ്യപ്പെട്ടവരായിരുന്നു. കാരണം ‘ക്രിസ്തുവിശ്വാസം പാശ്ചാത്യസ്വാധീനത്തിന്റെ ഘടകവും സാമൂഹികവും മതപരവുമായ ക്രമത്തിന് അപകടകരവും’ ആയി കണക്കാക്കപ്പെട്ടിരുന്നു. അതിനാൽ ക്രിസ്തുവിശ്വാസം രാജ്യത്ത് നിരോധിച്ചിരുന്നു. ഈ രക്തസാക്ഷികളിൽ സാധാരണക്കാരും സ്ത്രീകളും കുട്ടികളും ഏതാനും സന്യാസികളുമുണ്ട്. ജെസ്യൂട്ട് പുരോഹിതൻ പിയറി കിബെ ആയിരുന്നു ഇവരുടെ തലവൻ.

സി. സൗമ്യ മുട്ടപ്പിള്ളിൽ DSHJ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.