
ചെറിയ കുട്ടികളുള്ള ഭൂരിഭാഗം വീടുകളിലെയും ഒരു പ്രധാന കാഴ്ചയാണ് ചുവരുകളിലെ വരകളും ചിത്രങ്ങളും. പുത്തൻ ചുവരുകളിൽ കുട്ടികൾ പേനയോ ചോക്കോ ഉപയോഗിച്ച് വരയ്ക്കുമ്പോൾ പല മാതാപിതാക്കൾക്കും ദേഷ്യവും സങ്കടവും വരാറുണ്ട്. എന്നാൽ, കുട്ടികൾ ഇങ്ങനെ ചെയ്യുന്നത് അവരുടെ വളർച്ചയുടെ ഭാഗമാണെന്ന് നിങ്ങൾക്കറിയാമോ? കുട്ടികൾ ചുവരിൽ വരയ്ക്കുന്നത് നല്ലതാണോ അതോ ചീത്തയാണോ എന്നും, ഈ ശീലം മാതാപിതാക്കൾ എങ്ങനെ കൈകാര്യം ചെയ്യണമെന്നും നമുക്ക് പരിശോധിക്കാം.
ചുവരിൽ വരയ്ക്കുന്നത് നല്ലതാണോ?
ശാസ്ത്രീയമായി നോക്കിയാൽ കുട്ടികൾ ചെറിയ പ്രായത്തിൽ ചുവരിലും മറ്റ് വലിയ പ്രതലങ്ങളിലും വരയ്ക്കുന്നത് അവരുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. കുട്ടികൾ ഇരുന്നുകൊണ്ട് വരയ്ക്കുന്നതിനേക്കാൾ കൂടുതൽ കൈകൾ ഫ്രീയായി ചലിപ്പിക്കാൻ സാധിക്കുന്നത് നിന്നുകൊണ്ട് ചുവരിൽ വരയ്ക്കുമ്പോഴാണ്.
ഇങ്ങനെ ചെയ്യുന്നത് വഴി കുട്ടികളുടെ കൈകളുടെയും തോളുകളുടെയും പേശികൾക്ക് നല്ല ബലവും വഴക്കവും ലഭിക്കുന്നു. ഇത് ഭാവിയിൽ അവർക്ക് പെൻസിൽ നന്നായി പിടിക്കാനും മനോഹരമായി എഴുതാനും സഹായിക്കും. അതുകൊണ്ട് കുട്ടികൾ ചുവരിൽ വരയ്ക്കുന്നത് എന്തോ തെറ്റായ കാര്യം ചെയ്യണം എന്ന ഉദ്ദേശത്തോടെയല്ല, മറിച്ച് അത് അവർക്ക് കൂടുതൽ എളുപ്പവും സന്തോഷവും നൽകുന്നത് കൊണ്ടാണ്.
മാതാപിതാക്കൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
കുട്ടികളുടെ സർഗാത്മകതയെ നശിപ്പിക്കാതെ തന്നെ ചുവരുകൾ വൃത്തികേടാകാതെ സൂക്ഷിക്കാൻ മാതാപിതാക്കൾക്ക് ചില കാര്യങ്ങൾ ചെയ്യാം:
പ്രത്യേക ഇടം ഒരുക്കുക: കുട്ടികൾക്ക് ചുവരുകളിൽ വരയ്ക്കാൻ വലിയ താല്പര്യമുള്ളതിനാൽ, ചുവരിൽ വലിയ പേപ്പറുകളോ ചാർട്ടുകളോ ഒട്ടിച്ചു നൽകാം. അല്ലെങ്കിൽ അവർക്കായി ഒരു ബോർഡ് വാങ്ങി നൽകാം.
എളുപ്പം കഴുകിക്കളയാവുന്നവ നൽകുക: ചുവരുകളിൽ വരച്ചാൽ എളുപ്പത്തിൽ തുടച്ചു മാറ്റാൻ കഴിയുന്ന തരത്തിലുള്ള ചോക്കുകളോ കളറുകളോ മാത്രം കുട്ടികൾക്ക് വാങ്ങിക്കൊടുക്കുക.
സ്നേഹത്തോടെ പറഞ്ഞു മനസ്സിലാക്കുക: ചുവരിൽ വരയ്ക്കുമ്പോൾ കുട്ടികളെ വഴക്കുപറയുന്നതിന് പകരം, “നമുക്ക് ചുവരിലല്ല, ഈ പേപ്പറിലാണ് വരയ്ക്കേണ്ടത്” എന്ന് ശാന്തമായി പറഞ്ഞു മനസ്സിലാക്കുക. പേപ്പറിൽ വരയ്ക്കുമ്പോൾ അവരെ അഭിനന്ദിക്കാനും മറക്കരുത്.
എപ്പോഴാണ് ശ്രദ്ധിക്കേണ്ടത്?
കുട്ടികൾ സാധാരണ രീതിയിൽ വരയ്ക്കുന്നതിൽ പേടിക്കേണ്ടതില്ല. എന്നാൽ ചില പ്രത്യേക സാഹചര്യങ്ങൾ മാതാപിതാക്കൾ ശ്രദ്ധിക്കണം. കുട്ടികൾ സങ്കടത്തോടെയോ ദേഷ്യത്തോടെയോ ചുവരുകൾ കടും നിറങ്ങൾ ഉപയോഗിച്ച് കുത്തിവരയ്ക്കുക, പെൻസിൽ കൊണ്ട് ചുവരുകൾ കുത്തിപ്പൊളിക്കാൻ നോക്കുക, അല്ലെങ്കിൽ ഭയപ്പെടുത്തുന്ന ചിത്രങ്ങൾ ആവർത്തിച്ചു വരയ്ക്കുക എന്നിവ ചെയ്താൽ അവർ എന്തോ മാനസിക വിഷമം അനുഭവിക്കുന്നുണ്ടെന്ന് മനസ്സിലാക്കാം. ഇത്തരം മാറ്റങ്ങൾ കണ്ടാൽ കുട്ടിയോട് കൂടുതൽ സംസാരിക്കാനും ആവശ്യമെങ്കിൽ വിദഗ്ദ്ധരുടെ സഹായം തേടാനും മടിക്കരുത്.
കുട്ടികൾ ചുവരിൽ വരയ്ക്കുന്നത് അവരുടെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്ക് സഹായിക്കുന്ന ഒരു നല്ല കാര്യമാണ്. എന്നാൽ വീടിന്റെ ഭംഗി കേടാകാതിരിക്കാൻ മാതാപിതാക്കൾ അവരെ ശകാരിക്കാതെ, വരയ്ക്കാനായി മറ്റ് നല്ല വഴികൾ കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. ശരിയായ രീതിയിൽ അവരെ നയിച്ചാൽ അവരുടെ സർഗാത്മകത വളർത്താനും നമ്മുടെ വീട് വൃത്തിയായി സൂക്ഷിക്കാനും സാധിക്കും.
സയനോര ഗോപകുമാർ




