കര്‍മ്മലമാതാവിന്റെ തിരുനാളും ഉത്തരീയത്തിന്റെ പ്രാധാന്യവും

തിരുസഭ പരിശുദ്ധ കര്‍മ്മല മാതാവിനെ പ്രത്യേകമാംവിധം അനുസ്മരിക്കുന്ന ദിവസമാണ് ജൂലൈ 16. പരിശുദ്ധ മറിയം സംരക്ഷണസന്ദേശം നല്‍കിയതിന്റെ ഓര്‍മ്മയായി ‘ഉത്തരീയത്തിന്റെ തിരുനാളായി’ ആചരിക്കുന്ന പുണ്യദിനം.

1251 ജൂലൈ 16 ഒരു ഓര്‍മദിനമാണ്. അന്നാണ് സൈമണന്‍ സ്റ്റോക്കിന് പ്രത്യക്ഷയായ കര്‍മ്മല മാതാവ് കര്‍മ്മലോത്തരീയം സമ്മാനിച്ചത്. അക്കാലത്ത് സൈമണന്‍ സ്‌റ്റോക്ക് കര്‍മ്മലീത്താ സഭയുടെ ജനറലായിരുന്നു. തന്റെ സഭ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചോര്‍ത്ത് ആശങ്കപ്പെട്ടിരിക്കുകയായിരുന്ന സൈമണന്‍ സ്റ്റോക്കിനെ മാതാവ് ആശ്വസിപ്പിച്ചു. “ഈ തിരുവസ്ത്രം സ്വീകരിക്കൂ, പ്രിയ മകനേ. ഈ വസ്ത്രം അണിഞ്ഞ് മരിക്കുന്നവര്‍ ഒരുനാളും നിത്യാഗ്നിയില്‍ വീഴുകയില്ല. ഇത് രക്ഷയുടെ അടയാളവും ആപത്തില്‍ സംരക്ഷണവും സമാധാനത്തിന്റെ പ്രതിജ്ഞയും ആയിരിക്കും” എന്ന് മാതാവ് അരുള്‍ചെയ്തു.

മാര്‍പാപ്പയ്ക്കുണ്ടായ ദര്‍ശനം

ജോണ്‍ ഇരുപത്തിരണ്ടാമന്‍ മാര്‍പാപ്പയ്ക്കും മാതാവിന്റെ ദര്‍ശനം ഉണ്ടായതായി അദ്ദേഹം തന്നെ ഔദ്യോഗിക സന്ദേശത്തില്‍ പറയുന്നു. തവിട്ടുനിറമുള്ള ഉത്തരീയം ധരിക്കുന്നവര്‍ക്കുള്ള സന്ദേശമാണ് മാതാവ് നല്‍കിയത്: “കൃപയുടെ മാതാവായ ഞാന്‍ എല്ലാ ശനിയാഴ്ചകളിലും, മരണമടഞ്ഞ് ശുദ്ധീകരണത്തില്‍ ആയിരിക്കുന്നവരുടെ പക്കല്‍ ഇറങ്ങിച്ചെല്ലുകയും ഉത്തരീയം ധരിച്ചു മരിച്ചവരെ സ്വതന്ത്രരാക്കുകയും നിത്യജീവന്റെ പര്‍വ്വതത്തിലേക്ക് അവരെ ആനയിക്കുകയും ചെയ്യും.”

ഉത്തരീയത്തിന്റെ പ്രാധാന്യം 

ഉത്തരീയത്തിന്റെ ഇംഗ്ലീഷ് വാക്ക് സ്‌കാപ്പുലര്‍ (Scapular) എന്നാണ്. ലത്തീന്‍ പദമായ സ്‌കാപ്പുല എന്ന വാക്കില്‍ നിന്നാണ് ഇതിന്റെ ഉത്ഭവം. തോളില്‍ ധരിക്കുന്ന വീതി കുറഞ്ഞ വസ്ത്രം എന്ന നിലയിലാണ് സ്‌കാപ്പുല വസ്ത്രധാരണ രീതി ആദ്യകാലങ്ങളില്‍ ഉടലെടുത്തത്. സന്യാസവസ്ത്രത്തില്‍ അഴുക്ക് പറ്റാതിരിക്കാന്‍ ഒരു സംരക്ഷണം എന്ന രീതിയിലാണ് ആദ്യം ഇത് ഉപയോഗിച്ചിരുന്നതെങ്കിലും സൈമണ്‍ സ്റ്റോക്കിനുണ്ടായ ദര്‍ശനത്തോടെ ഇതിന് പുതിയ ഒരു അര്‍ത്ഥവും പ്രാധാന്യവും കൈവന്നു.

‘ഒരിക്കല്‍ ജപമാലയും ഉത്തരീയവും കൊണ്ട് മറിയം ലോകത്തെ രക്ഷിക്കും’ എന്ന വി. ഡോമിനിക്കിന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍മ്മിക്കാം. കര്‍മ്മലോത്തരീയത്തിന്റെ പ്രാധാന്യവും സന്ദേശവും താഴെ കൊടുക്കുന്നു.

* ഏറ്റവും പരിപൂർണ്ണയായ ക്രിസ്തുശിഷ്യയായ മറിയത്തെപ്പോലെ സമര്‍പ്പണത്തോടെ ക്രിസ്തുവിനെ അനുഗമിക്കാനുള്ള സന്ദേശം ഉത്തരീയം നല്‍കുന്നു.

* കര്‍മ്മലീത്താ സമൂഹത്തിന്റെ ഭാഗമാകാന്‍ സകല വിശ്വാസികളെയും ഉത്തരീയം ക്ഷണിക്കുന്നു.

* ഉത്തരീയം ധരിക്കുന്നവരെല്ലാം മറിയത്തിന്റെ സഹായത്താല്‍ നിത്യജീവിതത്തില്‍ ദൈവത്തെ മുഖാമുഖം കാണുമെന്ന് ഉത്തരീയം ഉറപ്പു തരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.