വി. മറിയം ത്രേസ്യയും മരിയഭക്തിയും

ചെറുപ്പം മുതൽക്കേ പരിശുദ്ധ മറിയത്തോടുള്ള ഭക്തിയില്‍ വളര്‍ന്നുവന്നവളായിരുന്നു വി. മറിയം ത്രേസ്യ. സാത്താന്റെ ആക്രമണങ്ങളില്‍ തളര്‍ന്നിരുന്ന മറിയം ത്രേസ്യക്ക് എപ്പോഴും ആശ്വാസമായി മാറിയിരുന്നതും പരിശുദ്ധ അമ്മയും ജപമാലയുമായിരുന്നു. ആ അമ്മയോട് വല്ലാത്ത സ്‌നേഹവും ഭക്തിയുമാണ് മറിയം ത്രേസ്യക്കുണ്ടായിരുന്നത്. അതുകൊണ്ട് മാതാവിന്റെ വിശേഷദിവസങ്ങളില്‍ പ്രത്യേകം പ്രാര്‍ത്ഥിക്കുകയും മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യണമെന്ന് മറിയം ത്രേസ്യ സഹസന്യാസിനിമാരെ ഓര്‍മ്മിപ്പിക്കാറുണ്ടായിരുന്നു.

വിശുദ്ധയുടെ വാക്കുകള്‍ ഇങ്ങനെ: “മാതാവിനെ നിങ്ങള്‍ സ്‌നേഹിക്കുന്നുവോ? ഈ മാസം മുഴുവന്‍ മാതാവിന്റെ വിശേഷ മനോഗുണം ചൊരിയുന്ന ദിവസങ്ങളാണ്. അതിനാല്‍ മാതാവിനെയും തന്റെ തിരുക്കുമാരനെയും വിശേഷവിധത്തില്‍ സ്‌നേഹിക്കുകയും ആശ്വസിപ്പിക്കുകയും നിങ്ങള്‍ക്ക് വേണ്ടുന്ന മനോഗുണങ്ങള്‍ അപേക്ഷിക്കുകയും ചെയ്യുന്നതു കൂടാതെ, യൗസേപ്പിതാവിനെ മദ്ധ്യസ്ഥനായി തിരഞ്ഞെടുക്കുകയും വേണം.”

നിങ്ങള്‍ മാതാവിനെ സ്‌നേഹിക്കുന്നുണ്ടോ? എങ്ങനെയാണ് സ്‌നേഹിക്കുന്നത്. നിങ്ങള്‍ മാതാവിനു മുമ്പില്‍ കത്തിയെരിയേണ്ട ദിവസം അടുത്തുവരുന്നുണ്ട്. കുര്‍ബാന കാണാന്‍ പോകുമ്പോള്‍ നിങ്ങള്‍ ഓരോരുത്തര്‍ ചെയ്യേണ്ട കൂട്ടങ്ങളല്ലേ ഓര്‍മ്മ വരുന്നത്; അതൊക്കെ തള്ളിക്കളയണം. അതുപോലെ പരിശുദ്ധ ദൈവമാതാവേ, ശ്ലീവാമേല്‍ തറയ്ക്കപ്പെട്ട കര്‍ത്താവിന്റെ തിരുമുറിവുകളെ ഞങ്ങളുടെ ഹൃദയത്തിലും പതിപ്പുച്ചറപ്പിക്കണമേ എന്ന പ്രാര്‍ത്ഥന ചൊല്ലണമെന്നും മറിയം ത്രേസ്യ പറഞ്ഞിരുന്നു.