നീ എന്നെ തിരക്കി എന്നും ദൈവാലയത്തിൽ എത്തി, ഇന്നു നിന്നെ തിരക്കി…

നേരം ഉച്ചയായി, ഒരു യാത്ര കഴിഞ്ഞ് വികാരിയച്ചൻ പള്ളിമേടയിലേക്കു പോകുമ്പോൾ ആരോ പള്ളിയിൽ ഇരിക്കുന്നത് കണ്ടു. ആരാണെന്നറിയാൻ പിറകിലെ വാതിൽ തുറന്നപ്പോൾ ദൈവാലയത്തിന്റെ ഇടനാഴിയിലൂടെ ഒരു മധ്യവയസ്കൻ ഇറങ്ങിവരുന്നു. കണ്ടാലേ അറിയാം അദ്ദേഹം ഷേവ് ചെയ്തിട്ട് ദിവസങ്ങളായെന്ന്. കുപ്പായം കീറിയതും മുഷിഞ്ഞതുമാണ്. പള്ളിയുടെ പുറകിൽ എത്തിയപ്പോൾ മുട്ടുകുത്തി ആചാരം ചെയ്തു പുറത്തേക്കു പോയി. അടുത്ത ദിവസങ്ങളിലും ഉച്ചയായപ്പോൾ ആ മനുഷ്യൻ പള്ളിയിൽ വന്നു. അച്ചൻ ശ്രദ്ധിക്കാൻ തുടങ്ങി. ഓരോ തവണ വരുമ്പോഴും ഏതാനും നിമിഷം കുരിശുരൂപത്തിനു മുമ്പിൽ മുട്ടുകുത്തി നിൽക്കും. കുരിശു വരയ്ക്കും, ഇറങ്ങിപോകും.

കൈയ്യിൽ ഒരു ചോറ്റുപാത്രവുമായാണ് ഈ മനുഷ്യൻ എന്നും വരുന്നത് എന്ന് വികാരിയച്ചൻ മനസ്സിലാക്കി. ഇയാൾ വല്ല കള്ളനുമായിരിക്കുമോ? വികാരിയച്ചന്റെ  മനസ്സിൽ സംശയം തോന്നി.

അടുത്ത ദിവസം ആ മനുഷ്യനോടു വികാരി അച്ചൻ ചോദിച്ചു താങ്കൾ ആരാണ്? എന്താണ് താങ്കൾ ഇവിടെ ചെയ്യുന്നത്? താൻ ഒരു ഫാക്ടറി തൊഴിലാളി ആണെന്നും ഉച്ചഭക്ഷണം കഴിക്കാൻ അര മണിക്കൂർ സമയം ലഭിക്കുമെന്നും ആ മധ്യവയസ്കൻ അച്ചനോടു പറഞ്ഞു.

“ഇത് എന്റെ പ്രാർഥനാസമയം കൂടിയാണച്ചോ. എനിക്ക് ശക്തി കിട്ടുന്നത് ഈ ക്രൂശിതരൂപത്തിൽ നിന്നാണ്. ഫാക്ടറി കുറച്ചു ദൂരെ ആയതിനാൽ അധികസമയം എനിക്കു പ്രാർഥിക്കാൻ കിട്ടില്ല അച്ചാ.” ഇതു പറയുമ്പോൾ ജ്വലിച്ചിരുന്ന ആ  മനുഷ്യന്റെ കണ്ണുകളിലെ തീക്ഷ്ണത ആ വൈദികൻ വായിച്ചെടുത്തിരുന്നു.

“ഈശോയെ നീ എന്റെ പാപങ്ങൾ നീക്കിയതിനാൽ നീയുമായി ഞാൻ സൗഹൃദത്തിലാണല്ലോ. ഈശോയേ, അതിൽ ഞാൻ വളരെ സന്തോഷവാനാണ്. എങ്ങനെ പ്രാർഥിക്കണമെന്ന് എനിക്ക് കൂടുതൽ അറിയില്ല, പക്ഷേ ഞാൻ എല്ലാ ദിവസവും എന്റെ ഈശോയെ കുറിച്ച് കുറച്ചു സമയം വിചാരിയ്ക്കും. ഈശോയെ, ഇതാ നിന്റെ പ്രിയപ്പെട്ട ബെൻ, എന്നെ ഇന്ന് ഓർത്തുകൊള്ളണേ.” ഇത്രയും ഉള്ളു അച്ചാ എന്റെ പ്രാർഥന. നിറഞ്ഞ മനസ്സോടെ മനുഷ്യൻ കൂട്ടിച്ചേർത്തു.

ആ മനുഷ്യനെ സംശയിച്ചതിൽ ദു:ഖം തോന്നിയ അച്ചൻ ബെന്നിനോട് പറഞ്ഞു. എപ്പോൾ വേണമെങ്കിലും ഇവിടെ പ്രാർഥിക്കാൻ താങ്കൾക്കു വരാം. “എനിക്കു പോകാനുള്ള സമയമായി, നന്ദി അച്ചാ,” യാത്ര പറഞ്ഞു ബെൻ പുറത്തേക്കുപോയി.

പിന്നീടുള്ള സമയം ആ പുരോഹിതനു ആത്മശോദനാ വേദിയായി. അൾത്താരയുടെ മുമ്പിൽ മുട്ടുകുത്തി, ദൈവമേ നിന്റെ സാന്നിധ്യത്തിന്റെ തണലിൽ ജീവിച്ചിട്ടും ഇത്ര ആത്മാർഥതയോടെ നിന്റെ മുമ്പിൽ ഞാൻ വ്യാപരിച്ചില്ലല്ലോ. അദ്ദേഹത്തിനു സ്വയം ലജ്ജ തോന്നി.

ക്രൂശിതരൂപത്തെ നോക്കി ആ വൈദികൻ ബെന്നിന്റെ പ്രാർഥന ആവർത്തിച്ചു. “ഈശോയെ നീ എന്റെ പാപങ്ങൾ നീക്കിയതിനാൽ നീയുമായി ഞാൻ സൗഹൃദത്തിലാണല്ലോ. ഈശോയേ അതിൽ ഞാൻ വളരെ സന്തോഷവാനാണ്. ഈശോയെ, ഇതാ നിന്റെ പ്രിയപ്പെട്ടവൻ എന്നെ ഇന്നു ഓർത്തുകൊള്ളണേ.”

ഈ പ്രാർഥന ഉരുവിടുമ്പോൾ ആ വൈദീകന്റെ കവിളിലൂടെ കണ്ണുനീർ ഒഴുകുന്നുണ്ടായിരുന്നു. ദിവസങ്ങളും മാസങ്ങളും കടന്നുപോയി. ഒരാഴ്ചയായി ബെൻ ദൈവാലയത്തിൽ വരാത്തത് പുരോഹിതൻ ശ്രദ്ധിച്ചു. ബെന്നിനെപ്പറ്റി പലരോടും ചോദിച്ചെങ്കിലും വിവരങ്ങൾ അറിയാൻ കഴിയാത്തതിൽ പുരോഹിതനു വിഷമമായി. അവസാനം ബെൻ ജോലി ചെയ്തിരുന്ന ഫാക്ടറിയിൽ എത്തിയപ്പോഴാണ് അവൻ രോഗബാധിതനായി ആശുപ്രതിയിലാണെന്ന് അറിഞ്ഞത്. അവന്റെ രോഗാവസ്ഥയെ ഓർത്ത് ആശുപത്രി ജീവനക്കാർ ആശങ്കാകുലരായിരുന്നു. പക്ഷേ അവൻ അവരോടും തമാശകളും കഥകളും പറഞ്ഞ് വാർഡിലുണ്ടായിരുന്ന എല്ലാവരെയും ആനന്ദത്തിലാക്കി. മ്ലാനത നിറത്ത മുഖങ്ങളിൽ പുഞ്ചിരിയും സന്തോഷവും പകർച്ചവ്യാധി പോലെ വ്യാപിച്ചു. ആരും ശുശ്രൂഷിക്കാൻ കൂട്ടിനില്ലെങ്കിലും ബെന്നിന് ഇത്രയധികം സന്തോഷിക്കാൻ കഴിയുന്നത് എന്തുകൊണ്ടാണെന്ന് ഹെഡ് നഴ്സിന് മനസ്സിലായില്ല.

ബെന്നിനെ അന്വേഷിച്ച് എത്തിയ പുരോഹിതൻ അവന്റെ കട്ടിലിനരികിൽ ഇരുന്നു.
നഴ്‌സ് തന്റെ ഉത്കണ്ഠകൾ വൈദീകനെ ധരിച്ചിച്ചു. ഒരാളെങ്കിലും അവനെ കാണാൻ വന്നതിന്റെ സന്തോഷം അവൾ മറച്ചുവച്ചില്ല. ഇതിനിടയിൽ ബെൻ ഒരു പുഞ്ചിരിയോടെ നേഴ്സിനോടുനോടു പറഞ്ഞു: “മാഡം താങ്കൾക്കു തെറ്റി, ഒരാൾ എല്ലാ ദിവസവും ഉച്ചയ്ക്ക് എന്നെ അന്വേഷിച്ച് ഇവിടെ വരുമായിരുന്നു. എന്റെ പ്രിയ സുഹൃത്ത്, ഞങ്ങൾ ഒരുമിച്ചായിരുന്നു ഉച്ചഭക്ഷണം കഴിച്ചിരുന്നത്. അവൻ എന്റെ അടുത്ത് ഇരുന്നു എന്റെ കൈ പിടിച്ചു, പറയുമായിരുന്നു. “നീ എന്റെ പ്രിയ സ്നേഹിതനാണ് നിന്റെ  പാപങ്ങൾ ഞാൻ എടുത്തുമാറ്റി, അതിനാൽ നി സന്തോഷവാനായിരിക്കു. പ്രിയ ബെൻ നിന്നോടു ഇതു പറയാനാണ് ഞാൻ വന്നിരിക്കുന്നത്. എന്നെക്കുറിച്ച് എപ്പോഴും ചിന്തിച്ചിരുന്ന നിന്നെക്കുറിച്ചുള്ള ചിന്ത എപ്പോഴും എന്റെ മനസ്സിലുണ്ട്, നീ പ്രാർഥിക്കുന്നത് കേൾക്കാൻ ഞാൻ ഇഷ്ടപ്പെടുന്നു, നീ എന്നെ തിരിക്കി എന്നും ദൈവാലയത്തിൽ എത്തി. ഇന്നു നിന്നെ തിരക്കി ഞാൻ ഇവിടെ എത്തിയിരിക്കുന്നു. നിന്റെ പ്രിയ സ്നേഹിതനായ ഞാൻ (ഈശോ) നിന്നെ തേടി വന്നിരിക്കുന്നു.” ദൈവത്തിന്റെ കാര്യത്തിൽ ശ്രദ്ധാലുവായിരിക്കുന്ന മനുഷ്യരെ ദൈവം അവരുടെ ആവശ്യങ്ങളിൽ അടുത്തുചെന്ന് സഹായിക്കുന്നു.

ഫാ. ജയ്സൺ കുന്നേൽ MCBS

NB: ഈ ദിവസങ്ങളിൽ സോഷ്യൽ മീഡിയൽ പ്രചരിക്കുന്ന ഒരു കഥയുടെ സ്വതന്ത്രവിവർത്തനം.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.