സ്വർഗീയ അനുഭൂതി നല്കുന്ന ‘ദൂതർ പാടുന്നു…’ എന്ന ക്രിസ്തുമസ് ഗാനം ജനമനസുകളിൽ സമാധാനത്തിന്റെയും ശാന്തിയുടെയും സന്ദേശം പകരുകയാണ്. ഫാ. മാത്യൂസ് പയ്യപ്പിള്ളി സംഗീതം നൽകിയിരിക്കുന്ന ഈ ക്രിസ്തുമസ് ഗാനം ആലപിച്ചിരിക്കുന്നത് ലിബിൻ സ്കറിയ ആണ്. വളരെ ശ്രദ്ധേയമാണ് മാത്യു ജോസഫ് കരോട്ട് രചിച്ച ഈ ക്രിസ്തുമസ് ഗാനത്തിന്റെ വരികൾ. ക്രിസ്തുമസിന് ഏറ്റവും അനുയോജ്യമായ വരികളും സംഗീതവും ആലാപനവുമാണ് ഈ ഗാനത്തിന്റെ പ്രത്യേകത. ഗാനം കേള്‍ക്കുന്നതിനൊപ്പം ഗാനം എഴുതിയ മാത്യു ജോസഫിന്റെ സംഗീത ജീവിതത്തെ പരിചയപ്പെടുകയും ചെയ്യാം. തുടര്‍ന്നു വായിക്കുക.
മാത്യു എഴുതിയ പന്ത്രണ്ടോളം ഗാനങ്ങൾ ഇതുവരെ റിലീസ് ചെയ്തിട്ടുണ്ട്. അവയുടെയെല്ലാം സംഗീതം നിർവഹിച്ചിരിക്കുന്നത് ഫാ. മാത്യൂസ് പയ്യപ്പിള്ളിയാണ്. കഴിഞ്ഞ രണ്ടുവർഷങ്ങളായി മാത്യു ക്രിസ്തുമസിന് ഗാനങ്ങൾ ഇറക്കാറുണ്ട്. കഴിഞ്ഞവർഷം നാലോളം ക്രിസ്തുമസ് ഗാനങ്ങളാണ് മാത്യുവിന്റെ രചനയിൽ പിറന്നത്. അദ്ദേഹം ഗാനങ്ങൾ എഴുതുന്നതിന്റെ ഒരു പ്രത്യേകത അവയൊക്കെയും വളരെ പെട്ടെന്ന് എഴുതുന്നവയാണ് എന്നതാണ്. ഒരു ഗാനത്തിന്റെ രചന പൂർത്തിയാക്കാന്‍ അദ്ദേഹത്തിന് കേവലം അഞ്ചു മിനിട്ടുകള്‍ മതി. അഞ്ചു മിനിറ്റുകളെ എടുക്കുന്നുള്ളൂ എങ്കിലും ഗാനം അതീവ മനോഹരമായിരിക്കും.

കവിതകൾ എഴുതിയാണ് മാത്യു ഗാനരംഗത്ത് ചുവടുറപ്പിക്കുന്നത്. 2007 – ല്‍ അയ്യപ്പപ്പണിക്കർ മെമ്മോറിയൽ ഓൾ കേരളാ കവിതാരചന മത്സരം നടത്തിയിരുന്നു. അതിൽ മാത്യു എഴുതിയ ‘തിരമാലകൾ…’ എന്ന കവിതക്ക് ഗോൾഡ് മെഡൽ ലഭിച്ചിട്ടുണ്ട്.
“എന്റെ പിതാവ് മരിച്ചു കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ ഓർമ്മയ്ക്കായി ഒരു പാട്ട് എഴുതിയിരുന്നു. അതിന്റെ വരികൾ വളരെ ഹൃദയസ്പർശിയായിരുന്നു. കേൾക്കുന്നവരുടെ കണ്ണുകൾ നിറയുന്ന രീതിയിലുള്ള ഒരു ഗാനമായിരുന്നു അത്. പ്രിയപ്പെട്ടവർ ആരെങ്കിലും നഷ്ട്ടപ്പെട്ട് പോയിട്ടുള്ളവര്‍ക്ക് ആ ഗാനം കൂടുതല്‍ അര്‍ത്ഥവത്തായി അനുഭവപ്പെട്ടിരുന്നു. ഈ ഗാനത്തിൻേറയും സംഗീതം ചെയ്തിരിക്കുന്നത് മാത്യൂസ് അച്ചനാണ്.” ഗാനരചനയിലേക്ക് വരാനുള്ള സാഹചര്യത്തെക്കുറിച്ച് മാത്യു പറയുന്നത് ഇപ്രകാരമാണ്. അതെ തുടർന്നാണ് അദ്ദേഹം ക്രിസ്ത്യൻ ഗാനങ്ങൾ എഴുതാന്‍ ആരംഭിച്ചത് .
ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം എമ്മാവൂസ് ഇടവകാംഗമാണ് മാത്യു. ഇടവകയിലെ എല്ലാ പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായ അദ്ദേഹം മതബോധന അധ്യാപകൻ കൂടിയാണ്. ഭാര്യ ബീന അധ്യാപികയാണ്. അനുപമ, അഖിലേഷ്, അഞ്ജന എന്നീ മൂന്നു മക്കളാണ് അദ്ദേഹത്തിനുള്ളത്.




