ലൂർദ് മാതാവിന്റെ ഗ്രോട്ടോയിൽനിന്ന് അസാധാരണമായ രോഗശാന്തി ലഭിച്ച ഒരു കത്തോലിക്കാ കുടുംബിനി

മൂന്നു കുട്ടികളുടെ അമ്മയും ഹിൽസ്ഡെയ്ൽ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറുമാണ് കാതറിൻ സിംസ് കൂപ്പർ. കുടുംബിനി എന്ന തന്റെ ദൈവവിളിയിലും അധ്യാപിക എന്ന തന്റെ പ്രവർത്തനമേഖലയിലും വളരെ സംതൃപ്തയായിരുന്നു കാതറിൻ. എന്നാൽ അപ്രതീക്ഷിതമായാണ് ചില രോഗങ്ങൾ കാതറിന്റെ ജീവിതത്തിലേക്കു കടന്നുവന്നത്. മുടികൊഴിച്ചിലും, പേശിവേദനയുമൊന്നും ആദ്യം അവൾ അത്ര കാര്യമാക്കിയില്ല. പക്ഷേ ദിവസങ്ങൾ മുന്നോട്ടുപോകുന്തോറും ഈ അസ്വസ്ഥതകള്‍ കൂടുതൽ തീവ്രമായി.

ആരോഗ്യം ക്ഷയിക്കുന്നു

പതിയെപ്പതിയെ കാതറിന്റെ ആരോഗ്യം ക്ഷയിക്കാൻതുടങ്ങി. ഉന്മേഷക്കുറവും ശരീരത്തിന്റെ ബലമില്ലായ്മയും അവളെ ആകെ തളർത്തി. പേശീവേദന പലപ്പോഴും അവൾക്ക് അസഹനീയമായിരുന്നു. തന്റെ കടമകൾ ഒന്നുംതന്നെ നിർവഹിക്കാൻ അവൾക്ക് ശക്തിയില്ലാതെ ആയി. തന്റെ കുട്ടികളെയും ഭർത്താവിനെയും ശുശ്രൂഷിക്കാൻ സാധിക്കാതെവന്നത് അവളെ മാനസികമായും തളർത്തി. സ്വന്തം കാര്യങ്ങൾ നിർവഹിക്കാൻപോലും അവൾ തന്റെ ഭർത്താവിൽ ആശ്രയിച്ചു. അവൾക്ക് ‘ഡർമാറ്റോ മയോസിറ്റീസ്’ എന്ന രോഗമാണെനു ഡോക്ടർമാർ സ്ഥീരീകരിച്ചു. പേശികൾക്കു സംഭവിക്കുന്ന ബലക്കുറവാണ് ഈ രോഗം.

അങ്ങനെ അവളുടെ ഭർത്താവ് ആ കുടുംബത്തിന്റെ മുഴുവൻ ചുമതലയും ഏറ്റെടുത്തു. ശാരീരികശോഷണം ഒരു പരിധിവരെ അവളിൽ ഒരു ആത്മീയനിസ്സംഗത സൃഷ്ടിച്ചു. തന്റെ ജീവിതത്തിലെ ദിവസങ്ങൾ ഉപയോഗ്യശൂനമായി കടന്നുപോകുന്നതായി കാതറിന് അനുഭവപ്പെട്ടു. പഠിക്കാനോ, ജോലിചെയ്യാനോ, കുടുംബം നോക്കാനോ ശക്തിയില്ലാത്ത തന്റെ ജീവിതത്തെ ഓർത്ത് അവൾ വേദനിച്ചു.

ലൂർദിലേക്ക് ഒരു യാത്ര

ആ ഘട്ടത്തിലാണ് കാതറിന്റെ സഹോദരി ഒരു സായാഹ്നത്തിൽ ലൂർദിലേക്കുള്ള യാത്രയുടെ തികച്ചും അപ്രതീക്ഷിതമായ ഒരു ക്ഷണവുമായി അവരുടെ വീട്ടിലേക്കു വന്നത്. കാതറിന്റെ സഹോദരിക്ക് ലൂർദ് മാതാവിന്റെ ഗ്രോട്ടോയുടെ രോഗശാന്തി ശക്തിയെക്കുറിച്ചു അറിയാമായിരുന്നു. ഒരു പാപിയായ തന്റെ ജീവിതത്തിൽ എന്തെങ്കിലും അത്ഭുതങ്ങൾ സംഭവിക്കുമോ എന്ന് കാതറിൻ സംശയിച്ചു. എങ്കിലും ലൂർദിലേക്കുപോകാൻ അവൾ തീരുമാനിച്ചു.

അങ്ങനെ കാതറിനും ഭർത്താവും പ്രശസ്തമായ ഗ്രോട്ടോയിലേക്കു യാത്രതുടങ്ങി. ലൂർദിലെ ഗ്രോട്ടോയിലെത്തിയ കാതറിന് ഉപയോഗിക്കാനായി ഒരു വീൽചെയർ ലഭിച്ചു. കാരണം കാതറിന് കൂടുതൽസമയം നടക്കാൻ കഴിയുമായിരുന്നില്ല. അങ്ങനെ ലൂർദിലെ ഉരുളൻകല്ലുകൾക്കു മുകളിലൂടെ ഭർത്താവ് അവളുടെ വീൽചെയർ ഗ്രോട്ടോയുടെ അടുത്തേക്കു തള്ളിനീക്കി.

ലൂർദിൽ പ്രശസ്തമായ ജലാശയത്തിൽ കുളിക്കാനായി അവർ ഒരു നീണ്ടവരിയിൽ കാത്തുനിന്നു. എന്നാൽ മുന്നിൽനിന്നിരുന്നവർ എല്ലാവരും തിരിഞ്ഞ് അവരോട് മുന്നോട്ടുപോകാനായി ആംഗ്യംകാണിച്ചു. അങ്ങനെ അവർ മുന്നോട്ടുനടന്നു. ജലാശയത്തിങ്കൽ രോഗികളെ ആവശ്യമെങ്കിൽ സഹായിക്കുകയും നയിക്കുകയും ചെയ്യുന്ന പരിചാരകരുണ്ടായിരുന്നു. കാതറിനെ സഹായിക്കാനായി പ്രായംചെന്ന ഒരു സ്ത്രീ കടന്നുവന്നു. തന്റെ ഉപയോഗശൂന്യമായ കൈകാലുകൾ കാതറിൻ തന്റെ അമ്മയുടെ പ്രായമുള്ള ആ സ്ത്രീക്കുനേരെ നീട്ടി. ആ സ്ത്രീ പതിയെ കാതറിനെ ഒരു പുതപ്പുകൊണ്ടുമൂടി വെള്ളത്തിലേക്കിറക്കി. ഗ്രോട്ടോയുടെ ഭിത്തിയിൽ തലചാരി കാതറിൻ നിന്നു. കാതറിന്റെ ശരീരത്തിൽ വെള്ളം തൊട്ടപ്പോൾ അവളോട് തന്റെ ആവശ്യങ്ങൾ ചുമരിലെ മാതാവിനെ നോക്കി സമർപ്പിക്കാനായി ആ സ്ത്രീ ആവശ്യപ്പെട്ടു. ആ സമയത്ത് ചുറ്റുംനിന്നിരുന്നവർ ‘നന്മ നിറഞ്ഞ മറിയമേ’ എന്ന പ്രാർഥന ഉരുവിട്ടുകൊണ്ടിരുന്നു.

സൗഖ്യത്തിന്റെ നിമിഷങ്ങൾ

ഗ്രോട്ടോയുടെ ഭിത്തിയിൽ തല ചാരിനിന്നിരുന്ന കാതറിന് ഒരു ആന്തരികമാറ്റം സംഭവിക്കുന്നതായി തോന്നി. തന്നെ സുഖപ്പെടുത്താൻ കാതറിൻ മാതാവിനോടു  പ്രാർഥിച്ചു. അവളുടെ ശരീരം സുഖംപ്രാപിക്കുന്നതായി അവൾക്ക് അനുഭവപ്പെട്ടു. എന്നാൽ തനിക്ക് അനുഭവപ്പെട്ടത് ഒരു അത്ഭുതമാണോ അല്ലയോ എന്ന് കാതറിന് ഇപ്പോഴും അറിയില്ല. കാരണം അവൾ അനുഭവിച്ച രോഗശാന്തി, ശാരീരികമായതിനേക്കാൾ ആത്മീയമായിരുന്നു. തന്റെ ആത്മാവ് ലൂർദിലെ ജലത്തിൽ പുനർജ്ജനിച്ചുവെന്നാണ് കാതറിൻ വിശ്വസിക്കുന്നത്.

ഐശ്വര്യ സെബാസ്റ്റ്യൻ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.