വി. ഡോൺ ബോസ്‌കോയുടെ പ്രസക്തമായ 13 വാക്യങ്ങൾ 

ദൈവം തന്നതിൽവച്ച് ഏറ്റവും വലിയ ദാനമായി ജീവിതത്തെ കണ്ട് ശുദ്ധതയിലൂടെ അതിനെ മനോഹരമാക്കി ദൈവത്തിനായി ജീവിച്ച വിശുദ്ധനായിരുന്നു ഡോൺ ബോസ്‌കോ. ‘എന്നും ജീവിക്കാനുള്ളവർ എന്നമട്ടിൽ ജോലി ചെയ്യുക; എന്നും മരിക്കാനുള്ളവർ എന്നരീതിയിൽ ജീവിക്കുക’ ഇതായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം.

തന്റെ ജീവിതത്തിലുടനീളം ശുദ്ധത കാത്തുപരിപാലിക്കാൻ അദ്ദേഹം പ്രത്യേകം ശ്രദ്ധിച്ചിരുന്നു; തന്നെയുമല്ല, തന്റെ ഒപ്പമുള്ളവരെ അത് പരിശീലിപ്പിക്കാനും അദ്ദേഹം ശ്രമിച്ചിരുന്നു. ‘ശുദ്ധത’ എന്ന പുണ്യത്തിലൂടെ ദൈവവുമായി ഏറ്റവും അടുത്തുനിന്നിരുന്ന വ്യക്തിയായിരുന്നു ഡോൺ ബോസ്‌കോ.

ഡോൺ ബോസ്കോയുടെ ജീവിതം ചുരുക്കത്തിൽ ഒരു പാഠപുസ്തകമായിരുന്നു. മറ്റുള്ളവരോടുള്ള നന്ദിയും സ്നേഹവും മനസ്സിൽ സൂക്ഷിക്കുകയും സൗമ്യമായ പെരുമാറ്റത്തിലൂടെ അനേകരെ തെറ്റിൽനിന്നും ശരിയായ ജീവിതത്തിലേക്കും അദ്ദേഹം നയിച്ചു. താൻ പറയുന്നതും പഠിപ്പിക്കുന്നതുമായ കാര്യങ്ങൾ തന്റെ ജീവിതത്തിലൂടെ പ്രാവര്‍ത്തികമാക്കാനും മാതൃകയായി നിലകൊള്ളാനും അദ്ദേഹം ശ്രമിച്ചിരുന്നു. കുട്ടികളോടൊപ്പം ആയിരുന്നുകൊണ്ട് അവരുടെ ജീവിതങ്ങളെ ക്രമപ്പെടുത്താനും ചിട്ടയുള്ളതാക്കാനും അദേഹത്തിനു കഴിഞ്ഞു. അദ്ദേഹത്തിന്റെ  കാഴ്ചപ്പാടുകളും ആശയങ്ങളും നമ്മുടെ അനുദിനജീവിതത്തിലും കാര്യമായ സ്വാധീനം ചെലുത്താൻ കെൽപുള്ളവയാണ്.

വി. ഡോൺ ബോസ്‌കോയുടെ പ്രധാനപ്പെട്ട പതിമൂന്നു വാക്യങ്ങളെ ശ്രദ്ധിക്കാം…

1. നിങ്ങൾ പാപത്തിൽനിന്ന് അകന്നിരിക്കുകയാണെങ്കിൽ, നിങ്ങൾ  നിങ്ങളെത്തന്നെ സ്നേഹിക്കുക.

2. ആരോഗ്യം ദൈവത്തിന്റെ ദാനമാണ്. അത് പൂർണ്ണമായും ദൈവത്തിനായി ചിലവിടണം. നമ്മുടെ കണ്ണുകളിലൂടെ നാം ദൈവത്തെ കാണണം. നമ്മുടെ കാലുകൾ ദൈവത്തിനായി നടക്കണം. നമ്മുടെ കരങ്ങളിലൂടെ ദൈവത്തിനായി നാം വേലചെയ്യണം. ചുരുക്കത്തിൽ നാം നമ്മുടെ ശരീരംകൊണ്ട് ദൈവത്തെ സേവിക്കണം. നമ്മുടെ അവസാന നാളുകളിൽ ദൈവം തന്നവയെ നാം ശരിയായി വിനിയോഗിച്ചില്ല എന്ന കുറ്റബോധം നമുക്കുണ്ടാകരുത്.

3. നിങ്ങളുടെ തെറ്റുകളെ ന്യായീകരിക്കരുത്. മറിച്ച്, തിരുത്താൻ ശ്രമിക്കുക.

4. നിങ്ങൾ ഓടിക്കൊള്ളുക, ചാടിക്കൊള്ളുക, ഉച്ചത്തിൽ സംസാരിച്ചു കൊള്ളുക; എന്നാൽ പാപംചെയ്യരുത്.

5. നിങ്ങൾ എന്തുചെയ്താലും അതിലൂടെ ദൈവമഹത്വം ലക്ഷ്യംവയ്ക്കുക.

6. നല്ലവനായിരിക്കുക. അത് നിങ്ങളുടെ കാവൽമാലാഖയെ സന്തോഷിപ്പിക്കും. നിങ്ങൾക്ക് സന്തോഷമോ, സങ്കടമോ ഉണ്ടായാൽ അത് നിങ്ങളുടെ കാവൽമാലാഖയോടു പറയുക. അവൻ നിങ്ങളുടെ സഹായത്തിനെത്തും.

7. നിങ്ങളുടെ എല്ലാ പ്രവൃത്തികളിലും നിങ്ങളെ നിയന്ത്രിക്കാനും സഹായിക്കാനും പ്രാർഥിക്കുക.

8. വിഷപ്പാമ്പിന്റെ കടിയിൽ നിന്നെന്നപോലെ തെറ്റായ കൂട്ടുകെട്ടുകളിൽനിന്ന് ഓടിയകലുക.

9. യുവജനങ്ങൾക്കായി സാത്താൻ ഒരുക്കുന്ന കെണിയാണ് യുക്തിചിന്തകൾ.

10. ദുഷ്ടന്മാരുടെ ശക്തി നന്മയുടെ ഭീരുത്വത്തിൽ ജീവിക്കുന്നു.

11. മറ്റുള്ളവരെ കുറ്റപ്പെടുത്തുന്നതിൽ തിടുക്കം കാട്ടരുത്.

12. നന്മചെയ്യാൻ നാളേക്കായി കാത്തിരിക്കരുത്. ഇന്നുതന്നെ ചെയ്യുക. നാളെ  അതിനുള്ള അവസരം കിട്ടണമെന്നില്ല.

13. സ്നേഹവും ആത്മവിശ്വാസവും കൂടാതെ ശരിയായ വിദ്യാഭ്യാസമില്ല.

വിശുദ്ധന്റെ ഈ വാക്കുകൾ നമ്മുടെ ജീവിതത്തിലും മാർഗനിർദേശങ്ങളായി സൂക്ഷിക്കാം. അങ്ങനെ ദൈവത്തിനായി വേല ചെയ്യുന്നവരായിത്തീരാം.