ബെത്ലഹേമിലേക്കൊരു തീർഥാടനം: 25 – വചനം മാംസമായി

fr mathew
ഫാ. മാത്യു ചാർത്താക്കുഴിയിൽ

വേദവാക്യം: “വചനം മാംസമായി നമ്മുടെയിടയില്‍ വസിച്ചു. അവന്റെ മഹത്വം നമ്മള്‍ ദര്‍ശിച്ചു – കൃപയും സത്യവും നിറഞ്ഞതും പിതാവിന്റെ ഏകജാതന്റേതുമായ മഹത്വം” (യോഹ. 1:14).

നിത്യത സമയത്തിൽ പ്രവേശിക്കുന്നു: എല്ലാം ശാന്തതയിൽ സംഭവിക്കുന്നു. ഒരു ശിശുവിന്റെ മൃദുല ശ്വാസത്തിലൂടെ മനുഷ്യകുലത്തിന് പുതുജീവൻ കൈവരാൻ പോകുന്നു. കൊട്ടാരത്തിലെ സമ്പന്നതയോ, പരിചാരകരുടെ പരിലാളനയോ അല്ല, പുൽക്കൂട്ടിലെ കച്ചിയിൽ തീർത്ത മെത്തയും മറിയമെന്ന ഗ്രാമീണസ്ത്രീയുടെ ആലിംഗനവുമാണ് അവന് ലഭിക്കുന്നത്. മനുഷ്യകുലത്തിന്റെ ചരിത്രം തിരുത്തിക്കുറിച്ച സംഭവത്തെ ഏതാനും വാക്കുകൾ കൊണ്ട് വി. യോഹന്നാൻ അവതരിപ്പിക്കുന്നു: “വചനം മാംസമായി.” മാറ്റമില്ലാത്തതും നിത്യവുമായ ദൈവത്തിന്റെ വചനം, സർവചരാചരങ്ങളുടെയും നിയന്താവായവൻ, മനുഷ്യരൂപത്തിൽ പ്രത്യക്ഷനായി. അനന്തവും അദൃശ്യനുമായവൻ സൃഷ്ടിയെപ്പോലെ തൊടാവുന്ന ദൂരത്തിലെത്തി. ഏതാനും നിമിഷത്തേക്കുള്ള ഒരു സന്ദർശനമായിരുന്നില്ല അവിടുത്തെ വരവിന്റെ ഉദ്ദേശ്യം. ഗ്രീക്ക് ഭാഷയിൽ ‘എസ്കേനോസൻ എൻ ഹേമിൻ’ (ἐσκήνωσεν ἐν ἡμῖν) എന്ന വാചകത്തിലാണ് യേശുവിന്റെ മനുഷ്യാവതാരത്തെ അവതരിപ്പിക്കുന്നത്. അതിന്റെ അർഥം ‘അവൻ നമ്മുടെ ഇടയിൽ തന്റെ കൂടാരം അടിച്ചു’ എന്നാണ് അർഥം. ദൂരെനിന്നും എല്ലാം കാണുന്ന ഒരുവനല്ല, നമ്മുടെ കൂടെ, നമ്മുടെ അയൽക്കാരനായി, അടുത്തുവന്ന് താമസിക്കുന്നവനാണ് നമ്മുടെ ദൈവം.

ദൈവം മനുഷ്യനാവുമ്പോൾ: ക്രിസ്തുമസ് രഹസ്യത്തിന്റെ സമ്പന്നത നമ്മെ നിശ്ശബ്ദരാക്കേണ്ടതാണ്. മനുഷ്യന് മനസ്സിലാക്കാൻ കഴിയുന്നതിലും വലുതാണ് ദൈവത്തിന്റെ ഈ അനുഗ്രഹം. ദൈവം ഇപ്പോൾ നമ്മോട് സംവദിക്കുന്നത് പ്രവാചകന്മാരിലൂടെയോ, മാലാഖമാരിലൂടെയോ അല്ല, തന്റെ ഏകജാതനിലൂടെയാണ്. കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളോ, പേടിപ്പെടുത്തുന്ന വിധികളോ, ഒന്നുമില്ലാതെ മറ്റുള്ളവരെ ആശ്രയിച്ചുകഴിയുന്ന ഒരു ശിശുവായി അവിടുന്ന് പ്രത്യക്ഷപ്പെട്ടു. തന്റെ നിശ്വാസം കൊണ്ട് പ്രപഞ്ചത്തെ നിർമ്മിക്കാൻ കഴിയുന്നവൻ ഒരമ്മയുടെ കരങ്ങളിൽ ഇരുന്ന് മനുഷ്യനെപ്പോലെ ശ്വസിക്കുന്നു. മാലാഖമാരോട് കൽപിക്കാൻ അധികാരമുള്ളവൻ, ഒരമ്മയുടെ ഓരം ചേർന്ന് കിടന്നുറങ്ങുന്നു. സ്നേഹത്തിന്റെ പ്രതിരൂപമായവൻ മനുഷ്യസ്പർശനത്തിനായി കാത്തിരിക്കുന്നു. ദൈവത്തിന് ഒരു മുഖമുണ്ട്, ദൈവത്തിന് ഒരു നാമമുണ്ട്, ദൈവപുത്രന് ഒരു അമ്മയുണ്ട്. മനുഷ്യാവതാരത്തിന്റെ ഒരിക്കലും മനസ്സിലാക്കാനോ, ഉൾക്കൊള്ളാനോ കഴിയാത്ത മനോഹാരിത ഇവിടെ കാണപ്പെടുന്നു. നമ്മുടെ താറുമാറായ അവസ്ഥയിൽ നിന്നും ഒഴിഞ്ഞു നിൽക്കുകയല്ല അവിടുന്ന് ചെയ്തത് – അവിടേക്ക് മനഃപൂർവം പ്രവേശിക്കുകയായിരുന്നു.

എല്ലാം മാറിമറിയുന്നു: വചനം മനുഷ്യനായതു വഴി മനുഷ്യകുലത്തിന്റെ എല്ലാ മേഖലകളെയും ദൈവം സ്പർശിച്ചു. നമ്മുടെ ബലഹീനതകൾ, സഹനങ്ങൾ എല്ലാം അവിടുന്ന് ഏറ്റെടുക്കുകയും അതിനെ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്ന് കാണിച്ചുതരികയും ചെയ്തു. ദാരിദ്ര്യത്തിലേക്ക് അവിടുന്ന് വരികയും ഇല്ലായ്മയിൽ കഴിയുന്നവരോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു. അതിന്റെ പാരമ്യത്തിൽ തിരസ്ക്കരണവും കുരിശുമരണവും അവിടുന്ന് ഏറ്റെടുത്തു. ദൈവത്തിനറിയാത്ത, അവിടുന്ന് അനുഭവിക്കാത്ത ഒരു സങ്കടവും നമ്മുടെ ജീവിതത്തിൽ ഇനിയുമില്ല. നാം അനുഭവിക്കുന്ന എല്ലാ ഭയങ്ങളും അവിടുത്തേക്കും ഉണ്ടായിരുന്നു. മനുഷ്യകുലത്തിന്റെ എല്ലാ ഇരുണ്ട മേഖലകളിലേക്കും അവിടുന്ന് പ്രവേശിച്ചു അവിടെയെല്ലാം വെളിച്ചം എത്തിച്ചു. ഇതിനെയാണ് എല്ലാം മാറ്റിമറിക്കുന്ന മനുഷ്യാവതാരം എന്ന് നാം വിളിക്കുന്നത്. ഇതൊരു ദൈവശാസ്ത്ര കാവ്യം എന്നതിനേക്കാൾ വ്യക്തിപരമായ അനുഭവവും ബന്ധവുമാണ്. നമ്മൾ ക്ഷീണിക്കുന്നത് എങ്ങനെയെന്ന് അവിടുന്ന് ജീവിച്ചറിഞ്ഞിട്ടുണ്ട്. നമ്മൾ ഭയചകിതരാകുന്നതിന്റെ കാരണം അവിടുന്ന് നേരിട്ട് കണ്ടിട്ടുണ്ട്. നമ്മുടെ ഹൃദയവേദനകൾ അവിടുത്തേതു കൂടിയാണ്. നമ്മുടെ വേദനിക്കുന്ന, ബലഹീനമായ, സാധാരണ ശരീരത്തെ അവിടുന്ന് വെറുക്കുന്നില്ലെന്നു മാത്രമല്ല, അതിനെ സ്നേഹിച്ചു വീണ്ടെടുക്കുക കൂടി ചെയ്തിരിക്കുന്നു. കാരണം നമ്മെപ്പോലെ ഒരു ശരീരത്തിൽ വസിച്ചവനാണ് അവിടുന്ന്.

ഹൃദയത്തിൽ നിന്നൊരു കഥ: വർഷങ്ങൾക്കു മുൻപ് നടന്ന സംഭവമാണിത്. ഞാൻ സേവനം ചെയ്തിരുന്ന ഇടവകയുടെ ഓഫീസിൽ ജോലിചെയ്തിരുന്ന ഒരാളുടെ സഹോദരിയുടെ ഇളയമകൾ ഹൃദയസംബന്ധമായ അസുഖത്തോടെയാണ് ജനിച്ചത്. അവൾ അധിക നാൾ ജീവിക്കുമോയെന്നു സംശയിച്ചു ആശുപത്രിയിൽ വച്ച് മാമ്മോദീസാ നൽകാമോയെന്ന് വീട്ടുകാർ എന്നെ വിളിച്ചുചോദിച്ചു. ഒട്ടും സമയം കളയാതെ ഞാൻ ആ കുഞ്ഞ് കിടന്നിരുന്ന ആശുപത്രിയിലെത്തി. അവളുടെ അമ്മ വളരെ ക്ഷീണിതയും കണ്ണീരിൽ മുങ്ങിയ അവസ്ഥയിലുമായിരുന്നു. ജനിച്ചുവീണിട്ട് ഏതാനും മണിക്കൂറുകൾ മാത്രമായ ആ പെൺകുട്ടിയുടെ ശരീരം ഉപകരണങ്ങൾ കൊണ്ട് മൂടപ്പെട്ടിരുന്നു. ആ അമ്മ തന്റെ കുഞ്ഞിന്റെ അതിലോലമായ വിരലിൽ തലോടി അവളെ ആശ്വസിപ്പിക്കുന്ന തരത്തിൽ പാട്ടുപാടുകയായിരുന്നു. ഈ പ്രവൃത്തിയൊക്കെ നോക്കിനിന്ന എന്നോട് അവൾ പറഞ്ഞു: “എന്റെ കൊച്ച് തനിച്ചല്ല എന്ന് അവൾക്ക് ഉറപ്പ് ലഭിക്കുന്നതിനാണ് ഞാൻ ഇതൊക്കെ ചെയ്യുന്നത്. ഞാൻ ഇവിടെ അവളോടൊത്തുണ്ടെന്ന് അവളെ ബോധ്യപ്പെടുത്തുകയാണ്.” (ഞാൻ അവൾക്ക് അവിടെ വച്ച് മാമ്മോദീസ നൽകി. ദൈവം വലിയ അദ്ഭുതം പ്രവർത്തിച്ചു. സാവധാനം അവളുടെ ഹൃദയം പൂർണ്ണമായും സുഖപ്പെട്ടു. ഇന്ന് അവൾ ആരോഗ്യത്തോടെ ജീവിക്കുന്നു). ഇതാണ് ക്രിസ്തുമസിൽ നമുക്ക് കാണാൻ സാധിക്കുന്നത്. നാം തനിച്ചല്ല എന്ന് നമ്മെ ബോധ്യപ്പെടുത്താൻ ദൈവം നമ്മുടെ അടുത്തേക്കു വന്നു. വിദൂരത്തുനിന്നും എന്തെങ്കിലും സഹായം അയയ്ക്കുകയല്ല, നമ്മോടൊത്ത് അവിടുന്ന് വന്നു വസിച്ചു, നമ്മുടെ ബലഹീനതകൾ ഏറ്റെടുത്തു. നമ്മെ പൂർണ്ണമായും സൗഖ്യപ്പെടുത്തി. പുൽക്കൂട്ടിൽ കിടന്നു ദൈവം നമ്മോട് പറഞ്ഞു: “നീ തനിച്ചല്ല, ഞാൻ നിന്റെ കൂടെ എപ്പോഴുമുണ്ട്.”

നമ്മോടൊത്തു വസിക്കുക: നമ്മൾ ദൈവത്തിന്റെ മഹത്വം ദർശിച്ചു എന്ന് യോഹന്നാൻ എഴുതുന്നു. കൃപയും സത്യവും നിറഞ്ഞവനായ ദൈവപുത്രനായ യേശുവിലൂടെയാണ് അത് സാധിതമായത്. ലോകം പ്രതീക്ഷിച്ചതു പോലെയുള്ള ഒരു മഹത്വമായിരുന്നില്ല അവിടുത്തേക്ക് ഉണ്ടായിരുന്നത്. പട്ടുമെത്തയ്ക്കു പകരം പുൽമെത്തയും ആഘോഷത്തിനു പകരം ശാന്തതയുമാണ് അവിടുന്ന് തിരഞ്ഞെടുത്തത്. മനുഷ്യരുടെ മുൻപിൽ മഹത്വം അന്വേഷിക്കുന്നതിനേക്കാൾ ദൈവത്തിന്റെ മഹത്വം എളിമയിൽ അവിടുന്ന് വെളിപ്പെടുത്തി. ആരുടെയെങ്കിലും മതിപ്പ് സമ്പാദിക്കുക എന്നതിനേക്കാൾ സഹനത്തിലൂടെ ലോകത്തെ രക്ഷിക്കുക എന്നതായിരുന്നു അവിടുത്തെ ലക്ഷ്യം. മനുഷ്യരോടൊത്ത് കൂടാരമടിച്ചുകൊണ്ട് എല്ലാ ജീവിതതുറകളിലുള്ളവരെയും അവിടുന്ന് കണ്ടെത്തി രക്ഷിച്ചു. ആ മഹത്തായ കർമ്മം അവിടുന്ന് തുടർന്നുകൊണ്ടേയിരിക്കുന്നു.

ദൈവത്തിന്റെ മനുഷ്യവാസം: ക്രിസ്തുമസ് രണ്ടായിരം വർഷം മുൻപാണ് സംഭവിച്ചത്. എന്നാൽ ദൈവത്തിന്റെ അദ്ഭുതം ഇന്നും തുടരുന്നു. ദൈവവചനം ഇന്നും മാസമാകുന്നു. വിശുദ്ധ കുർബാനയിൽ അവിടുന്ന് തന്റെ തിരുശരീരരക്തങ്ങൾ നമുക്കായി നൽകുന്നു. പാവങ്ങളിൽ ദൈവസാന്നിധ്യം ഇന്നും കാണപ്പെടുന്നു: “നിങ്ങൾ ഇത് അവർക്ക് ചെയ്തപ്പോൾ, നിങ്ങൾ ഇത് എനിക്കു തന്നെയാണ് ചെയ്തത്.” സഭയിൽ വചനം മാംസമാകുന്നു. ഇന്ന് സഭയിലൂടെയാണ് അവിടുത്തെ ദൗത്യം ഭൂമിയിൽ നിറവേറ്റപ്പെടുന്നത്. നാം ഓരോരുത്തരിലും – നമ്മൾ മറ്റുള്ളവരെ സ്‌നേഹിക്കുമ്പോൾ, നമ്മൾ മറ്റുള്ളവരോട് ക്ഷമിക്കുമ്പോൾ, നാം ആവശ്യത്തിലിരിക്കുന്നവരെ സഹായിക്കുമ്പോൾ, നമ്മിലൂടെ വചനം മനുഷ്യരൂപം പ്രാപിക്കുന്നു. മനുഷ്യാവതാരം പഴയ കാര്യമല്ല, ഇത് ഇന്നത്തെ നമ്മുടെ വിളിയാണ്.

പ്രായോഗിക നിർദേശങ്ങൾ

1. വചനം വായിക്കുക: യോഹ. 1:14 വായിച്ചു ധ്യാനിക്കുക. ഈ വചനം നമ്മുടെ ഹൃദയത്തിൽ ആഴപ്പെടുന്ന വിധത്തിൽ ധ്യാനിച്ച് നിത്യനായ ദൈവം നമുക്കുവേണ്ടി മനുഷ്യനായതിന്റെ മാഹാത്മ്യം തിരിച്ചറിയുക.

2. കർത്താവിനൊരു കത്തെഴുതുക: ബെത്ലഹേമിൽ പുൽക്കൂടിൽ യേശുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് യേശുവിന് ഒരു കത്തെഴുതുക. നമ്മുടെ പ്രതീക്ഷകളും ഭയാശങ്കകളും കൃതജ്ഞതയും വാക്കുകളിലൂടെ ഇവിടെ പ്രകടിപ്പിക്കുക.

3. നന്മപ്രവൃത്തി ചെയ്യുക: മനുഷ്യാവതാരത്തിന് യേശുവിന് നന്ദി പറയാനായി ഒരു നന്മപ്രവൃത്തി ചെയ്യുക. നമ്മുടെ സാന്നിധ്യം വഴി – ഒറ്റയ്ക്കു കഴിയുന്ന ഒരാളെ സന്ദർശിക്കുകയോ, ഒരുനേരത്തെ ഭക്ഷണം ആർക്കെങ്കിലും നൽകുകയോ, മറ്റേതെങ്കിലും നന്മപ്രവൃത്തി ചെയ്തുകൊണ്ട് അവരുടെ അടുത്ത് ക്രിസ്തുസാന്നിധ്യമായി മാറുക.

വിചിന്തനം: അതെ, നമുക്കുവേണ്ടി വചനം മാംസമായിരിക്കുന്നു. ഒരു പ്രമാണമായല്ല ഒരു യാഥാർഥ്യമായാണ് യേശു നമ്മുടെ ഇടയിൽ പ്രത്യക്ഷപ്പെട്ടത്. അവൻ നമ്മുടെ ജീവിതത്തിന്റെ തണുത്ത അവസ്ഥയിൽ, വൃത്തിഹീനമായ പശുത്തൊഴുത്തിൽ, രാഷ്ട്രീയ അസ്ഥിരതയിൽ, ആകുലപ്പെട്ട ഹൃദയങ്ങളിൽ ഇന്നും അവതരിക്കുന്നു. ഒരുപാട് അകലെയല്ല ഇന്നവിടുന്നു ജനിക്കുന്നത് – നമ്മുടെ ഹൃദയത്തിലാണ്, നമ്മുടെ ഭവനത്തിലാണ്, നമ്മുടെ ആകുലതകളിലാണ്, നമ്മുടെ സന്തോഷങ്ങളിലാണ്, നമ്മുടെ അനുദിന ജീവിതത്തിലാണ്.

ക്രിസ്തുമസ് ഇതാണ് – ദൈവം ഉണ്ടെന്നതു മാത്രമല്ല, നമ്മോടൊത്തു ആണെന്നതാണ്. ഓടിപ്പോകാതെ, ഇന്ന് ഒരു നിമിഷം പുൽക്കൂടിനടുത്തു ചിലവഴിക്കുക. നമ്മുടെ ഹൃദയത്തിൽ പുൽക്കൂടൊരുക്കി ഉണ്ണിയേശുവിനെ അവിടെ കുടിയിരുത്തുക.

ഫാ. മാത്യു ചാർത്താക്കുഴിയിൽ

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.