ചരിത്രത്തിലൂടെ കണ്ണോടിക്കുമ്പോൾ: നവംബർ 09

ജർമനിയിലെ ഫാസിസ്റ്റുകൾ തെരുവിലിറങ്ങി യഹൂദരുടെ വീടുകൾ, ആശുപത്രികൾ, സ്കൂളുകൾ, സിനഗോഗുകൾ എന്നിവ കൊള്ളയടിക്കുകയും നശിപ്പിക്കുകയും ചെയ്തത് 1938 നവംബർ ഒമ്പതിനാണ്. ആയിരത്തിലധികം സിനഗോഗുകൾ കത്തിക്കുകയും 7000 ജൂത വ്യാപാരസ്ഥാപനങ്ങൾ നശിപ്പിക്കപ്പെടുകയോ ചെയ്‌തെങ്കിലും ഈ ആക്രമണത്തിൽ ജർമൻ അധികാരികൾ ഇടപെട്ടില്ല. വിദ്വേഷത്തിന്റെയും അക്രമത്തിന്റെയും ഈ ഒറ്റരാത്രിയിൽ നൂറുകണക്കിനു ജൂതന്മാർ കൊല്ലപ്പെട്ടതായി ചില ചരിത്രകാരന്മാർ കണക്കാക്കുന്നു.

ജർമനിയെ കിഴക്കൻ ജർമനി എന്നും പടിഞ്ഞാറൻ ജർമനി എന്നും വിഭജിച്ചിരുന്ന ബർലിൻ മതിൽ തകർന്നത് 1989 നവംബർ 9 നായിരുന്നു. യു. എസ്. എസ്. ആറിന്റെ കീഴിലായിരുന്ന കിഴക്കൻ ജർമനിയിൽനിന്ന് യൂറോപ്പിന്റെ കീഴിലായിരുന്ന പടിഞ്ഞാറൻ ജർമനിയിലേക്കുണ്ടായ ജനങ്ങളുടെ ഒഴുക്കിനെ നിയന്ത്രിക്കാനാണ് ബർലിൻ നഗരത്തെ പകുത്ത് മതിൽ നിർമിച്ചത്. 155 കിലോമീറ്റർ നീളമുണ്ടായിരുന്ന മതിലിൽ 116 നിരീക്ഷണ ടവറുകളുമുണ്ടായിരുന്നു. 1989 ൽ പോളണ്ടിലും ഹംഗറിയിലും നടന്ന വിപ്ലവങ്ങളുടെ അലയൊലികൾ ജർമനിയിലും ഉണ്ടായി. അതിനെത്തുടർന്നുണ്ടായ ജനകീയമുന്നേറ്റം മതിലിന്റെ തകർച്ചയ്ക്കു കാരണമാകുകയും നവംബർ 9 ന് മതിൽ പൂർണ്ണമായി തകരുകയും ചെയ്തു. ഇത് ജർമനിയുടെ പുനരേകീകരണത്തിലേക്കു നയിച്ചു.

2000 നവംബർ 9 നാണ് ഇന്ത്യയിലെ 27-ാമത്തെ സംസ്ഥാനമായി ഉത്തരാഖണ്ഡ് രൂപപ്പെട്ടത്. ഉത്തർപ്രദേശിന്റെ വടക്കൻ പ്രദേശങ്ങളെ പുതിയ സംസ്ഥാനമായി മാറ്റുകയും തലസ്ഥാനം ഡെറാഡൂൺ ആക്കുകയും ചെയ്തു. ആദ്യകാലങ്ങളിൽ സംസ്ഥാനം ഉത്തരാഞ്ചൽ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. 2007 ൽ ഉത്തരാഞ്ചലിനെ ഉത്തരാഖണ്ഡ് എന്ന് പുനഃർനാമകരണം ചെയ്തു. പർവതപ്രദേശത്തു ജീവിക്കുന്ന ജനങ്ങൾ നേരിടുന്ന വെല്ലുവിളികൾ കണക്കിലെടുത്താണ് ഉത്തരാഖണ്ഡ് ക്രാന്തിദൾ എന്ന സംഘടനയുടെ നേതൃത്വത്തിൽ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ശക്തമായത്. ഏറെ വർഷങ്ങളുടെ പോരാട്ടത്തിനൊടുവിലാണ് സംസ്ഥാനം രൂപീകൃതമായത്.

പത്തൊൻപതാം നൂറ്റാണ്ടിന്റെ മധ്യത്തോടെ ആരംഭിച്ച അയോധ്യാ കേസിൽ അന്തിമ വിധിയുണ്ടായത് 2019 നവംബർ 9 നായിരുന്നു. 1528 ൽ നിർമിക്കപ്പെട്ടുവെന്നു കരുതുന്ന ബാബറി മസ്ജിദ് രാമജന്മഭൂമിയാണെന്ന അവകാശവാദം ഉയരുന്നത് 1850 ഓടെയാണ്. 1885 ജനുവരി 29 ന് തർക്കം ആദ്യമായി കോടതിയിലെത്തി. തർക്കഭൂമിയിൽ ക്ഷേത്രം പണിയണമെന്നാവശ്യപ്പെട്ട് ആദ്യ ഹർജി നൽകിയത് മഹന്ത് രഘുബർദാസ് എന്ന വ്യക്തിയായിരുന്നു. തുടർന്ന് നിരവധി ഹർജികൾ ഇതേ ആവശ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും നൽകപ്പെട്ടു. 1992 ഡിസംബർ ആറിന് ബാബറി മസ്ജിദ് തകർക്കപ്പെട്ടു. നിരവധി മധ്യസ്ഥശ്രമങ്ങൾ ഫലം കാണാതെപോയതിനു പിന്നാലെയാണ് 40 ദിവസത്തെ വാദം കേട്ടശേഷം സുപ്രീം കോടതി വിധി പറഞ്ഞത്. സുപ്രീം കോടതിയുടെ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ച് പ്രത്യേക സിറ്റിംഗ് ചേർന്നാണ് വിധി പറഞ്ഞത്. തർക്കഭൂമി ഉപാധികളോടെ ഹിന്ദുക്കൾക്ക് വിട്ടുനൽകുന്നതും മോസ്ക് പണിയാൻ ഉചിതമായ ഭൂമി പകരം നൽകാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകളെ ചുമതലപ്പെടുത്തുന്നതുമായിരുന്നു വിധി.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.