നൈജീരിയയിൽ തട്ടിക്കൊണ്ടുപോകപ്പെട്ട വൈദികനായി പ്രാർത്ഥിക്കാൻ ആഹ്വാനം ചെയ്ത് ആർച്ചുബിഷപ്പ്

നൈജീരിയയിലെ അബുജയിൽ നിന്നും വൈദികനെ തട്ടിക്കൊണ്ടുപോയി. വൈദികനെ സുരക്ഷിതമായി മോചിപ്പിക്കാൻ എല്ലാവരും പ്രാർത്ഥിക്കണമെന്ന് ആഹ്വാനം ചെയ്ത് നൈജീരിയൻ ആർച്ച് ബിഷപ്പ് ഇഗ്നേഷ്യസ് കൈഗാമ. ഞായറാഴ്ച രാത്രിയിലാണ് ഫാ. മാത്യു ഡാജോയെ തട്ടിക്കൊണ്ടുപോയത്.

നവംബർ 25 -ന് പീഡനത്തിനിരയായ ക്രിസ്ത്യാനികൾക്കായി സംഘടിപ്പിച്ച ഒരു വിർച്വൽ പരിപാടിയിൽ ആണ് തട്ടിക്കൊണ്ടുപോയ വൈദികനുവേണ്ടി പ്രാർത്ഥിക്കണമെന്ന് അബുജ ആർച്ചുബിഷപ്പ് ആവശ്യപ്പെട്ടത്. “അബുജയിലെ എന്റെ വൈദികനെ തട്ടിക്കൊണ്ടുപോയി. അദ്ദേഹം ഇപ്പോഴും തടവിലാണ്. സുരക്ഷിതമായ മോചനത്തിനായി ദയവായി പ്രാർത്ഥിക്കുക,” -ആർച്ച് ബിഷപ്പ് പറഞ്ഞു. വൈദികനെ മോചിപ്പിക്കാനായി പോലീസ് ശ്രമം തുടരുകയാണെന്ന് അതിരൂപത വക്താവ് ഫാ. പാട്രിക് അലുമുക്കു പറഞ്ഞു.

സെന്റ് ആന്റണീസ് കത്തോലിക്കാ പള്ളി സ്ഥിതിചെയ്യുന്ന യാങ്കോജി പട്ടണത്തിന് നേരെയുണ്ടായ ആക്രമണത്തിനിടെയാണ് ഫാ. ഡാജോയെ തോക്കുധാരികൾ തട്ടിക്കൊണ്ടുപോയത്. ആയുധധാരികളായ കലാപകാരികൾ റെയ്ഡ് നടത്തുകയും 30 മിനിറ്റോളം ഇടയ്ക്കിടെ വെടിവയ്ക്കുകയും ചെയ്തു. തോക്കുധാരികൾ വൈദികന്റെ താമസസ്ഥലത്ത് നിന്നാണ് അദ്ദേഹത്തെ തട്ടിക്കൊണ്ടു പോയത്.

തീവ്രവാദ ഗ്രൂപ്പുകൾ, ക്രിമിനലുകൾ, കൊള്ളക്കാർ എന്നിവർ തട്ടിക്കൊണ്ടുപോകൽ, തടങ്കലിൽ വയ്ക്കൽ, കൊലപാതകം തുടങ്ങിയ വിവിധ തരത്തിലുള്ള ആക്രമണങ്ങൾ ആണ് ക്രിസ്ത്യാനികൾക്ക് നേരെ അഴിച്ചുവിടുന്നത്. “കഴിഞ്ഞയാഴ്ച, അബുജ അതിരൂപതയിലെ ഞങ്ങളുടെ ഒരു ഇടവകയിൽ, ഒരു കുടുംബത്തിലെ അഞ്ച് കുട്ടികളെ തട്ടിക്കൊണ്ടുപോയി. അടുത്ത ദിവസം വിവാഹത്തിന് തയ്യാറെടുക്കുന്ന ഒരു സ്ത്രീയെയും തട്ടിക്കൊണ്ടുപോയി. അവരെ ഇതുവരെയും കണ്ടെത്തിയിട്ടില്ല,” – ആർച്ചുബിഷപ്പ് കൂട്ടിച്ചേർത്തു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.