ക്രിസ്തുവിന്റെ സ്നേഹം എല്ലാവരുമായി പങ്കുവയ്ക്കുന്നവരാകുക

‘എല്ലാവരും ക്രിസ്‌തുവിനെയും അവിടുത്തെ സ്നേഹത്തെയും അറിയണമെന്ന് അവിടുന്ന് ആഗ്രഹിക്കുന്നു. ക്രിസ്ത്യാനികളാണ് അവിടുത്തെ സ്നേഹം പങ്കുവയ്ക്കുന്ന ദൗത്യവാഹകർ.’ ലോക മിഷൻ ദിനത്തോട് അനുബന്ധിച്ച് നടന്ന വിശുദ്ധ ബലി മധ്യേയുള്ള സന്ദേശത്തിലാണ് ഫ്രാൻസിസ് പാപ്പാ ഈ കാര്യം പറഞ്ഞത്.

നാം ആയിരിക്കുന്ന ചെറിയ ചുറ്റുപാടിലോ, പരിചയക്കാരിലോ മാത്രമല്ല ലോകം മുഴുവനും ക്രിസ്തുവിന് സാക്ഷ്യം നല്കാനാണ് അവിടുന്ന് നമ്മെ വിളിച്ചിരിക്കുന്നത്. യേശു നമ്മോടു പറയുന്നു: “പോവുക, എനിക്ക് സാക്ഷ്യം നൽകാനുള്ള അവസരം നഷ്ടപ്പെടുത്തരുത്” എന്ന്  പാപ്പാ ഓർമ്മപ്പെടുത്തി. നിങ്ങളുടെ സ്ഥാനത്ത് ലോകത്തിൽ മറ്റാർക്കും ക്രിസ്തുവിനു സാക്ഷ്യം നല്കാൻ സാധിക്കുകയില്ല. അതിനാൽ ഒരിക്കലും മടി വിചാരിക്കരുത്. കാരണം, നിങ്ങളല്ലാതെ ക്രിസ്തുവിന് പകരം വെയ്ക്കാൻ മറ്റാരും ഇല്ല – അദ്ദേഹം ഉദ്‌ബോധിപ്പിച്ചു.

അസാധാരണ മിഷൻ മാസത്തോട് അനുബന്ധിച്ച് സെൻറ് പീറ്റേഴ്‌സിൽ ബസലിക്കയിൽ നടന്ന വിശുദ്ധ കുർബാനയിൽ അനേകം വിശ്വാസികൾ പങ്കെടുത്തു. “ധൈര്യമുള്ളവരായിരിക്കുവിൻ, ക്രിസ്തു നിങ്ങളിൽ നിന്നും ഒരുപാട് കാര്യങ്ങൾ പ്രതീക്ഷിക്കുന്നു”  എന്ന്  സന്ദേശത്തിന്റ അവസാനം പാപ്പാ വിശ്വാസികളോടായി പറഞ്ഞു.