‘ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ’ – ബഹ്‌റൈനിൽ ഡിസംബർ പത്തിന് കൂദാശ ചെയ്യപ്പെടുന്ന ദൈവാലയം

ബഹ്‌റൈൻ, ഖത്തർ, കുവൈറ്റ്, സൗദി അറേബ്യ എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന നോർത്ത് അറേബ്യയിലെ അപ്പസ്‌തോലിക് വികാരിയേറ്റിൽ ഏകദേശം 2.5 ദശലക്ഷം കത്തോലിക്കരുണ്ട്. അവരിൽ കൂടുതലും വിവിധ രാജ്യങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ്. അറേബ്യൻ ഗൾഫിന്റെ രക്ഷാധികാരിയായ പരിശുദ്ധ കന്യകാമറിയത്തിനു പ്രത്യേകമായി സമർപ്പിച്ചിരിക്കുന്ന ദൈവാലയമാണ് ‘ഔവർ ലേഡി ഓഫ് അറേബ്യ.’ ഈ ദൈവാലയത്തിന്റെ കൂദാശാകർമ്മം ഡിസംബർ പത്തിനാണ്.

ബഹ്‌റൈനിലെ ക്രൈസ്തവ വിശ്വാസികളുടെ അജപാലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ 2020 -ൽ, അന്തരിച്ച ബിഷപ്പ് കാമിലോ ബാലിൻ ആണ് ഈ കത്തീഡ്രൽ നിർമ്മിക്കാനുള്ള പദ്ധതി ആരംഭിച്ചത്. ബഹ്‌റൈനിലെ അവാലി നഗരത്തിൽ സ്ഥിതിചെയ്യുന്ന ഔവർ ലേഡി ഓഫ് അറേബ്യ കത്തീഡ്രൽ, സുവിശേഷവൽക്കരണത്തിനായുള്ള കോൺഗ്രിഗേഷന്റെ പ്രിഫെക്റ്റ് കർദ്ദിനാൾ ലൂയിസ് അന്റോണിയോ ടാഗ്ലെയും, കുവൈറ്റിനും ബഹ്‌റൈനുമുള്ള അപ്പസ്‌തോലിക് ന്യൂൺഷ്യോ ആർച്ചുബിഷപ്പ് യൂജിൻ എം ന്യൂജെന്റിയും ചേർന്ന് കൂദാശാകർമ്മം നിർവ്വഹിക്കും.

2020 മെയ് മാസത്തിൽ ബിഷപ്പ് ബാലിൻ അന്തരിച്ചതിനു ശേഷം വടക്കേ അറേബ്യയിലെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി ചുമതലയേറ്റ ബിഷപ്പ് പോൾ ഹിൻഡറും ഈ ചടങ്ങിൽ സന്നിഹിതനാകും. കൂദാശ കർമ്മത്തിന് ഒരു ദിവസം മുമ്പ്, ഡിസംബർ ഒൻപതിന് ബഹ്‌റൈൻ രാജാവ് ഹമദ് ബിൻ ഈസ ബിൻ സമൻ അൽ ഖലീഫ ഈ സമുച്ചയം ഉദ്ഘാടനം ചെയ്യും. ദൈവാലയ നിർമ്മാണത്തിനായി ഇദ്ദേഹം 9,000 ചതുരശ്ര മീറ്റർ ഭൂമി നൽകിക്കൊണ്ട് എല്ലാവിധ പിന്തുണയും നൽകിയിരുന്നു.

“കത്തീഡ്രലിന്റെ ഉദ്ഘാടനത്തിന്റെയും ആശീർവാദത്തിന്റെയും ചരിത്രനിമിഷത്തിനായി ആളുകൾ വളരെ സന്തോഷത്തോടെയും ആവേശത്തോടെയുമാണ് കാത്തിരിക്കുന്നത്. ബിഷപ്പ് കാമില്ലോ ബാലിന്റെ അസാന്നിധ്യം വിഷമം നൽകുന്നതാണ്” – പുതിയ കത്തീഡ്രലിന്റെ പ്രോജക്ട് മാനേജറും പാസ്റ്ററുമായ ഫാ. സജി തോമസ് പറയുന്നു.

ഈ കത്തീഡ്രൽ ബഹ്‌റൈൻ രാജ്യത്തിന്റെ മതസൗഹാർദ്ദത്തിന്റെയും സഹിഷ്ണുതയുടെയും മാതൃകാപരമായ ഉദാഹരണമാണ്. ലോകത്തിന് സമാധാനപരമായ സഹവർത്തിത്വത്തിന്റെ മഹത്തായ സന്ദേശമാണ് ഇത് നൽകുന്നത്.

ബഹ്‌റൈൻ തലസ്ഥാനത്ത് ഒരു പള്ളിയും പ്രാന്തപ്രദേശത്ത് ഒരു ചെറിയ ചാപ്പലും മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. രാജ്യത്ത് താമസിക്കുന്ന ഏകദേശം 90,000 കത്തോലിക്കർക്കായി, വെള്ളി മുതൽ ഞായർ വരെ 25 -ൽ  അധികം വിശുദ്ധ കുർബാനകൾ നടത്തി വരുന്നു. ഇന്ത്യ, ഫിലിപ്പീൻസ്, പാക്കിസ്ഥാൻ, ശ്രീലങ്ക, ലെബനൻ, പലസ്തീൻ, ജോർദ്ദാൻ എന്നിവിടങ്ങളിൽ നിന്ന് ജോലി ആവശ്യത്തിനായി വരുന്നവരും ലാറ്റിനമേരിക്കയിലെയും ആഫ്രിക്കയിലെയും ഒരു അന്താരാഷ്ട്ര സമൂഹവുമാണ് പ്രധാനമായും ഇവിടെയുള്ളത്. ലാറ്റിൻ, സീറോ-മലബാർ, സീറോ-മലങ്കര, മറോണൈറ്റ്, കോപ്റ്റിക് എന്നീ വിഭാഗങ്ങളിൽ അംഗങ്ങളായുള്ള വിശ്വാസികൾ വളരെ പ്രതീക്ഷയോടെയും പ്രാർത്ഥനയോടെയും ദൈവാലയത്തിന്റെ കൂദാശാകർമ്മത്തിനായി കാത്തിരിക്കുന്നു.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്.