ഇന്റര്‍നെറ്റിന്റെ മധ്യസ്ഥന്‍ കാര്‍ലോ അക്കുത്തിസ് വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക്

സി. സോണിയ തെരേസ് DSJ

ബര്‍മുഡയും ബനിയനും ഇട്ട് ഒരു കൂളിംഗ് ഗ്ലാസും വെച്ച് കയ്യില്‍ ഒരു മൊബൈലും മുഖത്ത് നിറഞ്ഞ പുഞ്ചിരിയുമായി ഒരു 15 വയസ്സുകാരന്‍. ഈ ആധുനിക ലോകത്തു നിന്ന് വിശുദ്ധിയുടെ പടവുകള്‍ ചവിട്ടി കയറുന്ന ഒരു 15 വയസ്സുകാരന്‍ കാര്‍ലോ അക്കുത്തിസ്.

1991 ല്‍ ലണ്ടനില്‍ ജനിച്ച് അതേ വര്‍ഷം തന്നെ മാതാപിതാക്കളോടൊപ്പം ഇറ്റലിയിലെ മിലാന്‍ എന്ന പട്ടണത്തിലേക്ക് മടങ്ങിയെത്തിയ കാര്‍ലോ അക്കുത്തിസ് പരി. കന്യകാമറിയത്തടും പരിശുദ്ധ പരമ ദിവ്യകാരുണ്യത്തോടും അതീവ ഭക്തി പുലര്‍ത്തിയിരുന്നു. കമ്പ്യൂട്ടറും ഇന്റര്‍നെറ്റും നന്നായ് കൈകാര്യം ചെയ്യാന്‍ അറിയാമാരുന്ന ഈ പതിനഞ്ചുകാരന്‍ വിശ്വാസത്തിന്റെ പ്രമേയങ്ങളെക്കുറിച്ചുള്ള ഐടി പ്രോജക്ടുകള്‍ പ്രത്യേകിച്ച് ‘ദിവ്യകാരുണ്യ അത്ഭുതങ്ങള്‍’ ലോകത്തിനായ് സംഭാവന നല്‍കി.

രക്താര്‍ബുദത്തിന്റെ അതികഠിനമായ വേദന നിശബ്ദമായ് സഹിച്ച് തന്റെ സ്വപ്നം സഫലമാക്കാന്‍ യൂറോപ്പിന്റെ വിവിധ ഭാഗങ്ങളില്‍ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ നടന്ന സ്ഥലങ്ങള്‍ മാതാപിതാക്കളോടെപ്പം സന്ദര്‍ശിച്ച് അവയെപ്പറ്റി വിശദമായ് പഠിച്ചാണ് കാര്‍ലോ തന്റെ പദ്ധതി പൂര്‍ത്തിയാക്കിയത്. ഒത്തിരി പ്രത്യേകതകള്‍ ഒന്നും എടുത്തു പറയാന്‍ ഇല്ലാത്ത ഒരു സാധാരണ പയ്യന്‍. നന്നായ് പഠിച്ചും കൂട്ടുകാരോടെപ്പം ഫുട്‌ബോള്‍ കളിച്ചും സൈക്കിളില്‍ ഒന്ന് ചുറ്റിക്കറങ്ങിയും തന്റെ കൗമാരം നന്നായ് ആഘോഷിച്ച കാര്‍ലോ തന്റെ ജീവിതത്തില്‍ നിന്ന് ഒരു നിമിഷം പോലും ദൈവത്തെ മാറ്റി നിര്‍ത്തിയില്ല.

സ്വന്തം ഇടവക പള്ളിയില്‍ വളരെ ചെറു പ്രായത്തില്‍ തന്നെ അള്‍ത്താര ബാലനായും കൊച്ചു കുട്ടികള്‍ക്ക് ക്രിസ്തുവിന്റെ സ്‌നേഹം പകര്‍ന്നു നല്‍കുന്ന വേദപാഠഅദ്ധ്യാപകനായും സേവനം ചെയ്തു. ഒരു ദിവസം പോലും വി. കുര്‍ബാന മുടക്കിയിരുന്നില്ല. പാവപ്പെട്ടവരെ സഹായിക്കുന്നതിലും കാര്‍ലോ മുന്നില്‍ തന്നെ ഉണ്ടായിരുന്നു. ഭവനമില്ലാതെ തെരുവില്‍ അലഞ്ഞു നടന്നിരുന്ന പാവപ്പെട്ട മനുഷ്യര്‍ക്ക് ഒരു നേരത്തെ എങ്കിലും ഭക്ഷണം നല്‍കുന്ന ‘കാരിത്താസ്’ എന്ന ഭക്ഷണശാലകളിലേക്ക് കാര്‍ലോ കടന്നു ചെല്ലുകയും അവിടെയുള്ള പാവങ്ങള്‍ക്ക് ഭക്ഷണം വിളമ്പി നല്‍കുന്നതിനോടെപ്പം അല്പം തമാശയും കുശലവും ഒക്കെ പറഞ്ഞ് അവരോട് സൗഹ്യദം സ്ഥാപിക്കുകയും ചെയ്തിരുന്നു.

രക്താര്‍ബുദം ബാധിച്ച കാര്‍ലോ 2006 ഒക്ടോബര്‍ 12 ന് മോന്‍സയില്‍ വെച്ച് പതിനഞ്ചാം വയസ്സില്‍ മരിച്ചു. തന്റെ സഹനങ്ങളെ മാര്‍പ്പാപ്പയ്ക്കുവേണ്ടിയും തിരുസഭയ്ക്കു വേണ്ടിയും ഒപ്പം സ്വര്‍ഗ്ഗത്തില്‍ പോകന്നതിനായും സമര്‍പ്പിച്ചു. മരിച്ചു കഴിയുമ്പോള്‍ എന്നെ അസീസ്സിയില്‍ കൊണ്ടു പോയ് സംസ്‌കരിക്കണം എന്ന് മരണത്തിന് മുമ്പ് കാര്‍ലോ പറഞ്ഞതനുസരിച്ച് മൃതദേഹം ഇന്ന് അസീസിയിലെ ‘സ്‌പോല്ല്യയസിയോണെ’ ദേവാലയത്തില്‍ (ഫ്രാന്‍സിസ് അസീസ്സി തന്റെ മാനസാന്തരത്തിന് ശേഷം ഉടുവസ്ത്രം ഉരിഞ്ഞ് നഗ്‌നനായി നിന്ന സ്ഥലത്ത് ഉള്ള ദേവാലയം) ആണ് സംസ്‌കരിച്ചിരിക്കുന്നത്. കാര്‍ലോയുടെ മധ്യസ്ഥത്താല്‍ ഒരു ബ്രസീലിയന്‍ കുട്ടിക്ക് ലഭിച്ച അത്ഭുതം തിരുസഭ അംഗീകരിച്ചതോടെ ഫ്രാന്‍സിസ് പാപ്പ കാര്‍ലോ അക്കുത്തിസിനെ വാഴ്ത്തപ്പെട്ടവരുടെ നിരയിലേക്ക് ഉയര്‍ത്താന്‍ ഇന്നലെ അനുവാദം നല്‍കുകയായിരുന്നു.

സി. സോണിയ തെരേസ് ഡി. എസ്സ്. ജെ