തീക്ഷ്‌ണതയുടെ പര്യായമായ ജോണ്‍ ഹെന്റി ന്യൂമാന്‍ (1801-1890)

സി. സോണിയ ഡി.സി.

കോളനിവത്ക്കരണവും, വ്യാവസായിക വിപ്ലവവും, അസമത്വങ്ങളുമെല്ലാം നിറഞ്ഞുനിന്ന ഇംഗ്ലണ്ടിന്റെ ഇരുണ്ട ദിനങ്ങളിലേയ്ക്ക് 19-ാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ 1801 ഫെബ്രുവരി 21-ന് ഉദയം ചെയ്ത ദിവ്യജ്യോതിയാണ് വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍. ആഗ്ലിക്കന്‍ സഭയുടെ ചരിത്രത്താളുകളില്‍ നിന്നും കത്തോലിക്കാസഭയുടെ ചരിത്രത്തിലേയ്ക്ക്, ദൈവപരിപാലനകള്‍ നിറഞ്ഞ സംഭവബഹുലമായ സാഹചര്യങ്ങളില്‍ ധീരവും വിശുദ്ധവുമായ ചുവടുകളാല്‍ കടന്നുവന്ന തീക്ഷ്ണവാനായ പുരോഹിതനായിരുന്നു കര്‍ദ്ദിനാള്‍ ന്യൂമാന്‍.

17-ാം നൂറ്റാണ്ടിനു ശേഷം സാമ്രാജ്യവത്ക്കരണത്തിന്റെ സാമ്രാട്ടായ ബ്രിട്ടീഷ് സാമ്രാജ്യത്തില്‍ ജനിച്ചവരില്‍ നിന്നും വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന ആദ്യ വ്യക്തിയാണ് വാഴ്ത്തപ്പെട്ട ന്യൂമാന്‍. സൂക്ഷ്മബുദ്ധിയിലും, പ്രതിഭ നിറഞ്ഞ എഴുത്തിലും നന്നേ ചെറുപ്പത്തിലേ പ്രശസ്തിയാര്‍ജ്ജിച്ചിരുന്ന ആംഗ്ലിക്കന്‍ വൈദീകനായ ന്യൂമാന്‍, തന്നെ ഏറ്റവും സ്വാധീനിച്ച വ്യക്തികളായി മുന്നിൽ നിര്‍ത്തുന്നത് അരിസ്റ്റോട്ടില്‍, പ്ലേറ്റോ, സോക്രട്ടീസ് തുടങ്ങിയ തത്വചിന്തകരെയും ഡാന്റെ, ജോണ്‍ മില്‍ട്ടണ്‍, സീസറോ, ബട്ട്‌ലര്‍ തുടങ്ങിയ സാഹിത്യസാമ്രാട്ടുകളെയും ഒരിജന്‍, വി. അഗസ്റ്റിന്‍, വി. തോമസ് അക്വീനാസ് തുടങ്ങിയ ദൈവശാസ്ത്ര പണ്ഡിതരെയുമാണ്.

താന്‍ വിശ്വസിക്കുന്ന മതത്തിന്റെ ഏറ്റവും വിശ്വസ്ത പുത്രനായിരുന്ന അദ്ദേഹം വി. പൗലോസ് ശ്ലീഹായെപ്പോലെ തന്നെ ന്യൂമാനും അതി തീക്ഷ്ണതയോടെ നീങ്ങിയ നിമിഷങ്ങളെ അനര്‍ഘ നിമിഷമാക്കിയത് അപ്രതീക്ഷിതമായി വന്ന രോഗാവസ്ഥകളും തുടര്‍ന്നുള്ള ദൈവീക ഇടപെടലുകളുമാണ്. നമ്മുടെ ഓരോരുത്തരുടെയും ജീവിതത്തിലും ദൈവമറിയാതെ, അനുവദിക്കാതെ ഒന്നും സംഭവിക്കുകയില്ല. മാത്രമല്ല, റോമ 8:28-ല്‍ പറയുന്നതുപോലെ, ദൈവം എല്ലാം നമ്മുടെ നന്മയ്ക്കായി പരിണമിപ്പിക്കുന്നു. അതു തന്നെയാണ് വാഴ്ത്തപ്പെട്ട ന്യൂമാന്റെ ജീവിതത്തിലും സംഭവിച്ചത്.

1830-കളില്‍ എഴുത്തിന്റെ ലോകത്ത് പടിപടിയായി അദ്ദേഹം അറിയപ്പെടാന്‍ തുടങ്ങിയെങ്കിലും, ന്യൂമാന്‍ ഏറ്റവുമധികം സ്മരിക്കപ്പെടുന്നത് ‘നയിക്കണേ നിത്യപ്രകാശമേ, ഇരുള്‍മൂടുമീ ധരയിലൂടെന്നെ നയിക്കണേ…’ (Lead Kindly light..) എന്ന കവിതയിലൂടെയാണ്. എങ്കിലും അന്നുമിന്നും ആയിരങ്ങള്‍ക്ക് പ്രതീക്ഷയും പ്രചോദനവുമാണ് ഈ കവിതാശകലങ്ങള്‍. നമ്മുടെ രാഷ്ട്രപിതാവായ മഹാത്മജിക്ക് ഈ വരികള്‍ ഒരു പ്രചോദനമായിരുന്നു. അദ്ദേഹത്തിന്റെ എഴുത്തും തത്ത്വിചിന്തയും ചിലരുടെ ജീവിതത്തില്‍ വളരെയധികം സ്വാധീനം ചെലുത്തി. അവരിൽ ചിലരാണ് ആക്റ്റണ്‍ പ്രഭു, അര്‍ണോള്‍ഡ്, ജി.കെ. ചെസ്റ്റേര്‍ട്ടണ്‍, സി.എസ്. ലൂവിസ്, ഒസ്‌കാര്‍ വൈല്‍ഡ്, ജയിംസ് ജോയ്‌സ് തുടങ്ങിയവര്‍.

സാവൂള്‍ –  അഗസ്റ്റിന്‍ – ന്യൂമാന്‍

തീക്ഷ്ണതയുടെയും വിവേകത്തിന്റെയും വിജ്ഞാനത്തിന്റെയും ഏറ്റവും നല്ല നാളുകളാണ് യുവത്വം. യഹൂദ മതത്തോടുള്ള തീക്ഷ്ണതയാല്‍ ജ്വലിച്ച താര്‍സൂസില്‍ നിന്നുള്ള യുവകോമളന്‍ സാവൂളും, അസാധാരണ ബുദ്ധിയാല്‍ ജ്വലിച്ച് ആജ്‌ഞേയവാദികളുമായി ധീരമായി ചര്‍ച്ച ചെയ്തു നടന്ന് വിശുദ്ധ അംബ്രോസില്‍ നിന്നും ജ്ഞാനസ്‌നാനം സ്വീകരിച്ച അഗസ്റ്റിനും, ഓക്‌സ്‌ഫോര്‍ഡിലെ ഉന്നത വിദ്യാഭ്യാസവും പ്രഗത്ഭനായ ആംഗ്ലിക്കന്‍ പ്രാസംഗികനും എഴുത്തുകാരനുമായ ന്യൂമാനും കത്തോലിക്കാ സഭയിലേയ്ക്ക് വിശ്വാസത്തിന്റെ ആഴമേറിയ കണ്ണുകളും ദൈവാനുഭവത്തിന്റെ ഉള്‍ക്കാഴ്ചകളുമായി പ്രവേശിച്ചത് അവരുടെ മുപ്പതാം വയസ്സുകളിലാണെന്ന വസ്തുത വിസ്മയകരമാണ്.

ഒരിക്കല്‍ രുചിച്ചറിഞ്ഞ ദൈവകരുണയെ അവര്‍ അവസാനം വരെ പ്രഘോഷിച്ചു. അവര്‍ അനുഭവിച്ചറിഞ്ഞ വിശ്വാസത്തെ അവസാനം വരെ നെഞ്ചോടു ചേര്‍ത്ത് രക്തം ചൊരിഞ്ഞും സാക്ഷ്യം വഹിക്കുവാന്‍ കഴിഞ്ഞതായിരുന്നു അവരുടെ ദൈവാനുഭവത്തിന്റെ ശക്തി. അറിഞ്ഞാല്‍ പിന്നെ പറയാതിരിക്കാനാവില്ല. അനുഭവിച്ചറിഞ്ഞാല്‍ പിന്നെയൊരിക്കലും വിസ്മരിക്കാനുമാവില്ല. ദൈവാനുഭവം ആത്മാവിന്റെ ആഴങ്ങളിലേയ്ക്ക് പടരുമ്പോള്‍ അവിടെ വ്യക്തിയല്ല, യുക്തിയല്ല, യേശു മാത്രം മതി!

‘സനാതന സത്യമേ, എത്ര വൈകീ നിന്നെ അറിയുവാന്‍… എത്ര വൈകീ നിന്നെ സനേഹിക്കുവാന്‍…’ എന്ന് കരഞ്ഞ് കൊണ്ട് വിശുദ്ധ അഗസ്റ്റിന്‍ ഏറ്റുപറയുമ്പോള്‍ വാഴ്. ന്യൂമാന്‍ എഴുതുന്നത് ഇപ്രകാരമാണ്:  ‘നയിക്കണേ, നിത്യപ്രകാശമേ, ഇരുള്‍മൂടുമീ ധരയിലൂടെന്നെ നയിക്കണേ… ഇരുള്‍ നിറയുമീ നിശയില്‍, എന്‍ ഗൃഹത്തില്‍ നിന്നകലുമീ വേളയില്‍ നയിക്കണമെന്നെ മുന്നോട്ട്…’ കൊച്ചുവൈദീകനായിരിക്കെ, രോഗക്കിടക്കയല്‍ കിടന്ന് വിതുമ്പിക്കൊണ്ട് 1833-ല്‍ ഇറ്റലിയില്‍ വച്ച് ന്യൂമാന്‍ എഴുതിയ വരികളാണിവ.

തിരിച്ചറിവുകള്‍ തിരിച്ചുനടത്തുമ്പോള്‍, പതറാതെ തിരിച്ചുനടന്ന് നേരായ വഴിയിലൂടെയുള്ള ധീരമായ ചുവടുവയ്പ്പാണ് വിശുദ്ധിയിലേയ്ക്കുള്ള ആദ്യ ചുവടുകള്‍. തന്റെ പേരു പോലെ തന്നെ ദൈവസമ്മാനവും (ജോണ്‍) പുതിയ മനുഷ്യനും ( Newman) ആയ അനര്‍ഘ നിമിഷമായിരുന്നു അത്. 1845 ഒക്‌ടോബര്‍ 9-ാം തീയതി കത്തോലിക്കാ സഭാംഗമായ സ്വര്‍ഗ്ഗീയ നിമിഷമായിരുന്നു അത്. എഴുത്തുകാരനും പ്രാസംഗീകനുമായ വൈദികനായി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയപ്പോള്‍ പെട്ടെന്ന് റോമില്‍ വച്ച് രോഗിയാവുകയും ആ വേദനയുടെ ദിനങ്ങളില്‍ വലിയൊരു ഉള്‍ക്കാഴ്ചയാല്‍ കത്തോലിക്കാ സഭയുടെ തുറന്ന കവാടങ്ങള്‍ നടന്നുകയറുകയും, തുടര്‍ന്ന് രോഗത്തില്‍ നിന്ന് പൂര്‍ണ്ണസൗഖ്യം നേടുകയും, പതിയെ സ്വര്‍ഗ്ഗത്തിന്റെ പടവുകളും ചവിട്ടിക്കയറി ഇന്ന് സ്വര്‍ഗ്ഗത്തില്‍ നിന്ന് നമുക്കായി മാദ്ധ്യസ്ഥ്യം വഹിക്കുകയും ചെയ്യുന്ന മഹത് വ്യക്തിത്വം ആണ് ന്യൂമാൻറേത്.

1824 ജൂണ്‍ 13-ാം തീയതി ആംഗ്ലിക്കന്‍ വൈദീകനായ ന്യൂമാന്‍, 1845 ഒക്‌ടോബര്‍ 9-ാം തീയതി കത്തോലിക്കാ സഭാംഗമാവുകയും 1847-ല്‍ കത്തോലിക്കാ വൈദികനായി അഭിഷിക്തനായ അദ്ദേഹത്തെ 1879 മെയ് 12-ാം തീയതി ലിയോ 13-ാമന്‍ മാര്‍പാപ്പാ കര്‍ദ്ദിനാള്‍ പദവി നല്‍കി ഉയര്‍ത്തിയപ്പോള്‍ ആദര്‍ശവാക്യമായി കര്‍ദ്ദിനാള്‍ ന്യൂമാന്‍ സ്വീകരിച്ചത് (Heart speaks unto Heart’ – ‘ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു’ എന്നായിരുന്നു. വാഴ്ത്തപ്പെട്ട കര്‍ദ്ദിനാള്‍ ന്യൂമാന്റെ ആദര്‍ശവാക്യമായ ഹൃദയം ഹൃദയത്തോടു സംസാരിക്കുന്നു എന്ന വാക്കുകള്‍ക്ക് വ്യക്തിജീവിതത്തിലും, സന്യാസ ജീവിതത്തിലും, വൈദിക ജീവിതത്തിലും, കുടുംബ ജീവിതത്തിലുമൊക്കെ ഹൃദയത്തോളം അര്‍ത്ഥവും ആഴവുമുണ്ട്.

ഹൃദ്യംഗമായ സംഭാഷണങ്ങളാല്‍, പ്രസംഗങ്ങളാല്‍, ഈശോയുടെ ഹൃദയത്തോടു ചേര്‍ന്ന് താന്‍ അനുഭവിച്ച സ്‌നേഹം വിശ്വാസികളിലേയ്ക്ക് പകര്‍ന്നുകൊടുക്കുവാന്‍ മാത്രമല്ല, നാനാതുറയില്‍ പെട്ട ആളുകളുടെ ഹൃദയങ്ങളെ തൊടുവാന്‍ കര്‍ദ്ദിനാള്‍ ന്യൂമാന് സാധിച്ചിരുന്നു. 1890 ആഗസ്റ്റ് 11-ാം തീയതി സ്വര്‍ഗ്ഗീയഭവനത്തിലേയ്ക്ക് മടങ്ങിയ ന്യൂമാന്റെ ഭൗതികശരീരത്തിന് അന്ത്യോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ പല വിഭാഗത്തില്‍പ്പെട്ട് പതിനയ്യായിരിത്തിലധികം ആളുകള്‍ ക്ഷമയോടെ ബര്‍മിംഗ്ഹാം പള്ളിക്കു മുമ്പില്‍ വരിയായി നിന്നിരുന്നു.

89 വര്‍ഷക്കാലം കൊണ്ട് സമൂഹത്തിലെ എല്ലാ വിഭാഗങ്ങളിേലയ്ക്കും എത്തിപ്പെടാന്‍ കഴിഞ്ഞ കര്‍ദ്ദിനാള്‍ ന്യൂമാനെ കത്തോലിക്കാ സഭ മാത്രമല്ല ആംഗ്ലിക്കന്‍ സഭയും, എപ്പിസ്‌കോപ്പിയന്‍ സഭയും ആദരിക്കുന്ന ഈ ധന്യജീവിതം ഇന്നും ആയിരങ്ങള്‍ക്ക് പ്രചോദനവും പ്രതീക്ഷയുമേകുമ്പോള്‍ ആ പുണ്യജീവിതമാതൃക നമുക്കും ഹൃദയത്തോട് ചേര്‍ക്കാം.

പാണ്ഡിത്യവും പ്രതാപവും പ്രാഗത്ഭ്യവുമെല്ലാം പുണ്യതയിലേയ്ക്കുള്ള ഉപകരണങ്ങളായേക്കാമെങ്കില്‍ ദൈവംതമ്പുരാനിലേയ്ക്കുള്ള അകലം കേവലം ഹൃദയത്തില്‍ നിന്നും ഹൃദയത്തിലേയ്ക്കുള്ള ദൂരമാണെന്ന് 2019 ഒക്‌ടോബര്‍ 13-ന് വിശുദ്ധനായി നാമകരണം ചെയ്യപ്പെടുന്ന വിശുദ്ധ കര്‍ദ്ദിനാള്‍ ജോണ്‍ ഹെന്റി ന്യൂമാന്‍ നമ്മെ പഠിപ്പിക്കുന്നു.

സിസ്റ്റർ സോണിയ കെ. ചാക്കോ, ഡി സി

വായനക്കാരുടെ അഭിപ്രായങ്ങൾ താഴെ എഴുതാവുന്നതാണ്. ദയവായി അസഭ്യവും നിയമവിരുദ്ധവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമർശങ്ങളും, വ്യക്തിപരമായ അധിക്ഷേപങ്ങളും ഒഴിവാക്കുക. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്. വായനക്കാരുടെ അഭിപ്രായ പ്രകടനങ്ങൾക്ക് ലൈഫ്ഡേ ഉത്തരവാദിയായിരിക്കില്ല.